Friday, March 28, 2014

തിരുഹിതം തിരിച്ചറിയാൻ- സിസ്റ്റർ ജോയ്‌സ് എം.എസ്.എം.ഐ.


'നീ വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോൾ നിന്റെ കാതുകൾ പിന്നിൽനിന്ന് ഒരു സ്വരം ശ്രവിക്കും; ഇതാണു വഴി, ഇതിലേ പോവുക''  
(ഏശയ്യാ 30:21).

കൊച്ചുകുഞ്ഞുങ്ങളെ അമ്മമാർ നടക്കാൻ പഠിപ്പിക്കുന്നത് രസമുള്ള കാഴ്ചയാണ്. കുഞ്ഞിനെ ഒരിടത്ത് നിർത്തിയിട്ട് ഇരുകൈകളും നീട്ടിപ്പിടിച്ചുകൊണ്ട് അമ്മ പിന്നിലേക്ക് നീങ്ങും. കുഞ്ഞ് അമ്മയെ നോക്കിക്കൊണ്ട് മന്ദം മന്ദം അടുത്തേക്ക് ചെല്ലും. കുഞ്ഞിന്റെ നോട്ടം പിഴച്ചാൽ വീഴ്ച ഉറപ്പാണ്. അമ്മയുടെ കരവലയത്തിലായിരിക്കുന്നിടത്തോളം കാലം കുഞ്ഞ് സുരക്ഷിതമായിരിക്കും.

ഇതുപോലെയുള്ള ആധ്യാത്മികതയാണ് വളർത്തിയെടുക്കേണ്ടത്. തമ്പുരാന്റെ കരങ്ങളിൽ മുറുകെ പിടിച്ചുകൊണ്ടുള്ള യാത്ര. ദൈവത്തിന് സമ്പൂർണ സമർപ്പണം ചെയ്ത് അവിടുത്തോടുകൂടി ആയിരിക്കുമ്പോൾ ജീവിതത്തിൽ പാളിച്ചകൾ സംഭവിക്കുകയില്ല. ദൈവസ്വരം ശ്രവിച്ച്, അതിനനുസരിച്ച് പ്രവർത്തിക്കുകയാണ് നമ്മുടെ കടമ. ''ദൈവത്തോടു ചേർന്നു നില്ക്കുവിൻ; അവിടുന്ന് നിങ്ങളോടും ചേർന്നുനില്ക്കും'' (യാക്കോ. 4:8).

ദൈവഹിതം മനസിലാക്കുവാൻ നമ്മെ സഹായിക്കുന്ന പ്രധാനപ്പെട്ട ഘടകമാണ് വ്യക്തിപരമായ പ്രാർത്ഥന. വ്യക്തിപരമായ പ്രാർത്ഥനയിൽ നമ്മെ മുഴുവനായി ഒരു തുറന്ന പുസ്തകംപോലെ ദൈവതിരുമുൻപിൽ സമർപ്പിക്കുക. ഒന്നും പറയേണ്ടതില്ല. കാരണം, തിരുവചനം പറയുന്നുണ്ട്: ''നിങ്ങൾ ചോദിക്കുന്നതിനുമുൻപുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു'' (മത്താ. 6:8). മൗനപ്രാർത്ഥനയിൽ വാചാലതയ്ക്ക് സ്ഥാനമില്ല. ''പ്രാർത്ഥനയിൽ വാചാലത വേണ്ട'' (പ്രഭാ. 7:14).

ഉള്ളിൽ വസിക്കുന്ന ദൈവാത്മാവ് നിർദേശങ്ങളും ഉപദേശങ്ങളും നല്കി നമ്മെ നയിക്കുന്നു. നമ്മൾ അശ്രദ്ധരായി പ്രവർത്തിക്കുമ്പോഴും അവിടുന്ന് നമ്മുടെ കാര്യങ്ങളിൽ വളരെയധികം സ്‌നേഹവും ശ്രദ്ധയും കരുതലും കാണിക്കുന്നു. ''...അവിടുന്ന് നിങ്ങളുടെ കാര്യത്തിൽ ശ്രദ്ധാലുവാണ്'' (1 പത്രോ.5:7).

ദൈവികസ്മരണയിൽ ലയിച്ചിരിക്കുവാൻ കഴിയുകയാണ് പ്രാർത്ഥനയിലെ നിർവൃതിദായകമായ നിമിഷം. വ്യക്തിപരമായ പ്രാർത്ഥനയുടെ സമയത്താണ് ദൈവം, തോന്നലിലൂടെയും സ്വരത്തിലൂടെയും ദർശനത്തിലൂടെയും പ്രവചനത്തിലൂടെയും സ്വപ്നത്തിലൂടെയും തിരുവചനത്തിലൂടെയുമെല്ലാം അവിടുത്തെ ഹിതം വെളിപ്പെടുത്തിത്തരുന്നത്.

ഒരിക്കൽ ഞങ്ങൾ വിദേശത്ത് ധ്യാനിപ്പിക്കുവാൻ പോയി. തണുപ്പുകാലം. ഒരു സ്ഥലത്തെ ധ്യാനം കഴിഞ്ഞ് അടുത്ത സ്ഥലത്തേക്ക് പോകാൻ പിറ്റേന്ന് അതിരാവിലെ മൂന്നുമണിക്ക് എഴുന്നേല്ക്കണമായിരുന്നു. കൈവശം ടൈംപീസോ മൊബൈൽ ഫോണോ ഒന്നുമുണ്ടായിരുന്നില്ല. എന്നെ വിളിച്ചുണർത്താനുള്ള ചുമതല കർത്താവിനെ ഏല്പിച്ചിട്ട് ഞാൻ ഉറങ്ങാൻ കിടന്നു! ഉറക്കത്തിനിടയിൽ ഒരു മണിയുടെ ശബ്ദം. ആരാ ഈ പാതിരായ്ക്ക് മണിയടിക്കുന്നതെന്നും പറഞ്ഞ് ഞാൻ ഒന്നുകൂടി തിരിഞ്ഞു കിടന്നു. അപ്പോഴതാ ശബ്ദം കൂടിവരുന്നു. എവിടെനിന്നാണ് ആ ശബ്ദമെന്നു ശ്രദ്ധിച്ചു. ജനലിന്റെ അടുത്താണെന്നു തോന്നി. പെട്ടെന്ന് എഴന്നേറ്റ് ജനലിന്റെ അടുത്തുചെന്ന് നോക്കിയപ്പോൾ ആ മണിനാദം നേർത്തു നേർത്ത് ഇല്ലാതായി... എന്തായാലും സമയമൊന്നു നോക്കാമെന്നു കരുതി വാച്ചിൽ നോക്കി. സമയം 3.5! മൂന്നുമണിക്കുതന്നെ കർത്താവ് മണിയടി തുടങ്ങി. കർത്താവ് ഉണർത്തിയതുകൊണ്ട് കൃത്യസമയത്തുതന്നെ ധ്യാനസ്ഥലത്തെത്താൻ സാധിച്ചു.

''ഇസ്രായേലിന്റെ പരിപാലകൻ    മയങ്ങുകയില്ല; ഉറങ്ങുകയില്ല. കർത്താവാണ് നിന്റെ കാവല്ക്കാരൻ. നിനക്ക് തണലേകാൻ അവിടുന്ന് നിന്റെ വലത്തുഭാഗത്തുണ്ട്'' (സങ്കീ. 121:4-5). ദൈവസ്വരം ശ്രവിച്ച് അതിൻപ്രകാരം പ്രവർത്തിക്കുവാൻ തയാറായാൽ    അനുദിന ജീവിതത്തിൽ അത്ഭുതങ്ങളുടെ ഘോഷയാത്രതന്നെ കാണുവാൻ സാധിക്കും.

യേശു പിതാവുമായി വ്യക്തിബന്ധം പുലർത്തിയിരുന്നത് പ്രാർത്ഥനയിലൂടെയാണ്. അവിടുന്ന് ഏകാന്തതയിൽ പ്രാർത്ഥിക്കാൻ മലയിലേക്കും വിജനപ്രദേശങ്ങളിലേക്കും പോയിരുന്നുവെന്ന് സുവിശേഷങ്ങളിൽ വിവരിക്കുന്നുണ്ട് (മത്താ. 14:23, മർക്കോ. 1:35, 6:46, ലൂക്കാ 3:21, 5:16, 6:12). പിതാവിന്റെ ഹിതം നിറവേറ്റുക മാത്രമായിരുന്നു യേശുവിന്റെ ലക്ഷ്യം. ''എന്നെ അയച്ചവന്റെ ഇഷ്ടം പ്രവർത്തിക്കുകയും അവന്റെ ജോലി പൂർത്തിയാക്കുകയുമാണ് എന്റെ ഭക്ഷണം'' (യോഹ. 4:34).

സിസ്റ്റർ ജോയ്‌സ് എം.എസ്.എം.ഐ. 

0 comments:

Post a Comment