Tuesday, April 1, 2014

നമുക്കു ദാനമായി ഈ ജീവിതം തന്ന സർവശക്തനായ തമ്പുരാൻ എല്ലാം കാണുന്നുണ്ട്‌



കഴിഞ്ഞ ദിവസം പത്രവാർത്തകളിലൂടെ കടന്നു പോയപ്പോഴാണ് ,ഒരു വാർത്ത‍ എന്റെ കണ്ണിലുടക്കിയത് , കണ്ണിൽ മാത്രമല്ല ഹൃദയത്തിലും ഉടക്കി അത് എന്നെ വല്ലാതെ വേദനിപ്പിച്ചു ."മൂന്നു മാസം പ്രായമുള്ള കുഞ്ഞിനെ പിതാവിന്റെ ബന്ധുവായ 72 വയസുകാരൻ വൃദ്ധൻ പീഡിപ്പിക്കാൻ ശ്രമിച്ചെന്നു .ദിനംപ്രതി ഇതിനു സമാനമായ ധാരാളം വാർത്തകൾ നമ്മുടെ മുന്നിലൂടെ കടന്നുപോവുന്നുണ്ട് .അതൊക്കെ കണ്ടും കേട്ടും നമ്മുടെ ഹൃദയവും മരവിച്ചു തുടങ്ങിയിര്ക്കുന്നു .എന്നിരുന്നാലും ഈ വാർത്ത‍ എന്നെ ഒരുപാടു വേദനിപ്പിക്കുന്ന ചിന്തകളിലൂടെ കൊണ്ടുപോയി..മൂന്നു മാസം പ്രായം ,നമ്മുടെ ഒരു കൈക്കുള്ളിൽ ഒതുങ്ങിയിരിക്കാൻ മാത്രമുള്ള പിഞ്ചു ശരീരം.ദൈവമേ ,ഇതെന്തു ലോകം ?എന്നു അറിയാതെ ഉള്ളിൽനിന്നു വന്നുപോയി .മനുഷ്യർ തന്നെയാണോ ഇതൊക്കെ ചെയ്യുന്നത്‌ ? ഇല്ല ഇവറ്റകളെയൊന്നും മനുഷ്യനെന്നു വിളിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല . മനുഷ്യരുടെ രൂപത്തിൽ ഈ ലോകം നശിപ്പിക്കാനിറങ്ങിയ പിശാചുക്കൾ ആണിവർ .72 കാരനായ ആ വൃദ്ധന്റെ പേരക്കുട്ടിയാവാനുള്ള പ്രായം പോലും ആ കുഞ്ഞിനു ഇല്ല ".ദൈവത്തിന്റെ സ്വന്തം നാട് " എന്നു സ്വയം അഭിമാനിക്കുമ്പോഴും സാക്ഷരകേരളം ,സംസ്കാരകേരളം എന്നു ഉറക്കെ വിളിച്ചു കൂവുമ്പോഴും ,ഇതു പോലെയുള്ള പൈശാചിക കൃത്യങ്ങളിൽ മുന്നിലാണ് നമ്മുടെ പ്രബുദ്ധ കേരളം എന്ന വസ്തുത നാം പലപ്പോഴും മറക്കുന്നു .ഇതു ഒരു ഒറ്റപ്പെട്ട സംഭവമല്ല ,ഇതുപോലെയുള്ള അനേകം സംഭവങ്ങൾ തെളിഞ്ഞും മറഞ്ഞും നമ്മുടെ ചുറ്റുവട്ടങ്ങളിൽ ദിനം പ്രതി നടക്കുന്നുണ്ട് പത്തും പതിന്നാലും വയസു പ്രായമുള്ള കുട്ടികൾ പോലും ഇത്തരത്തിലുള്ള ക്രൂരകൃത്യങ്ങൾ ചെയ്യാൻ ഒട്ടും മടിയില്ലാത്തവർ ആയി മാറിക്കഴിഞ്ഞിരിക്കുന്നു .കൂട്ട ബലാൽസംഗവും , പീഡന പരമ്പരകളും ,അവിഹിത ബന്ധങ്ങളും ,പെണ്‍വാണിഭ കേന്ദ്രങ്ങളും അരങ്ങു വാഴുന്ന ഈ നാടാണോ ദൈവത്തിന്റെ സ്വന്തം ? ഇതാണോ നാം നമ്മുടെ ഭാവി തലമുറയ്ക്കു വേണ്ടി കരുതി വെച്ചിരിക്കുന്നത് .കെട്ടുറപ്പില്ലാത്ത കുടുംബ ബന്ധങ്ങൾ തന്നെയാണ് ഈ അവസ്ഥയ്ക്ക് കാരണം . ദൈവം അടിസ്ഥാനമിട്ടു പണിതുയർത്തി ദൈവം തന്നെ കുടുംബനാഥനായി മാറുമ്പോൾ മാത്രമേ നമ്മുടെ കുടുംബ ബന്ധങ്ങൾ നന്മയിൽ നിലനിൽക്കൂ .നമ്മുടെ മാറി വന്ന ജീവിത ശൈലികൾ തന്നെയാണ് ദൈവത്തെ നമ്മിൽ നിന്നും അകറ്റി നിർത്തിയിരിക്കുന്നത് .സമൂഹത്തിൽ ഉന്നത നിലയിൽ എത്താനും നമ്മുടെ ചുറ്റുമുള്ളവരിൽ നിന്നു ഒരു പടി മുന്നിൽ നില്ക്കുവാനും വേണ്ടിയാണു നമ്മുടെ നെട്ടോട്ടം .എല്ലാം മറന്നുള്ള ഈ ഓട്ടത്തിനിടയിൽ നമ്മുക്കായി ദൈവം ഒരുക്കിയ കുടുംബത്തെ നാം മറക്കുന്നു .നമ്മുടെ മാതാപിതാക്കൾ നമുക്കു നല്കിയ നല്ല പാഠങ്ങൾ കേട്ടു വളർന്നവരാണ് നാം.എന്നാൽ ഇന്നു എത്ര സമയം നാം നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ വേണ്ടി ചിലവഴിക്കുന്നുണ്ട് ..?നമ്മുടെ കുഞ്ഞുങ്ങൾക്ക്‌ വേണ്ടിയാണു അവരുടെ ഭാവിക്കു വേണ്ടിയാണു നാം സമ്പാദിക്കുന്നതെന്നു ഒരു പക്ഷെ നാം പറഞ്ഞേക്കാം .നന്മയും നല്ല മൂല്യങ്ങളും അതിലെല്ലാമുപരി ദൈവത്തെയും പകർന്നു കൊടുക്കാൻ നമുക്കു കഴിഞ്ഞില്ലെങ്കിൽ നാം സമ്പാദിച്ചു കൂട്ടുന്നത്‌ കൊണ്ടു ആർക്കു എന്തു പ്രയോജനം ? ഇന്നു മിക്കവാറും എല്ലാ കുടുംബങ്ങളിലും മാതാപിതാക്കൾ ജോലിക്കായി പോകുന്നവരാണ് .തിരികെ എത്തിയാൽ ഒന്നിച്ചിരുന്നു പ്രാർഥിക്കാനോ ,ഭക്ഷണം കഴിക്കാനോ ,പരസ്പരം സംസാരിക്കാനോ ആരും മെനക്കെടാറില്ല .ഈ അവസ്ഥയിൽ ജീവിക്കുന്ന കുഞ്ഞുങ്ങൾ ഇന്റർനെറ്റിനും അനാവശ്യ കൂട്ടുകെട്ടിനും കഞ്ചാവിനും മയക്കുമരുന്നിനും മദ്യത്തിനും അടിമപെട്ടു പോകുന്നതിൽ കുറ്റം ആർക്കാണ്‌ ?ഇന്നത്തെ തലമുറയിൽ വിവാഹജീവിതത്തിനു എന്തു പ്രധാന്യമാനുള്ളത്? വിവാഹേതര ബന്ധങ്ങൾ ഒരു ഫാഷൻ ആയി മാറികഴിഞ്ഞിരിക്കുന്നു .ഭർത്താവിനെ വഞ്ചിക്കുന്ന ഭാര്യയും, ഭാര്യയെ വഞ്ചിച്ചു മറ്റു ബന്ധങ്ങളിൽ സന്തോഷം കണ്ടെത്തുന്ന ഭർത്താക്കന്മാരും പതിവു കാഴ്ച്ചയായി മാറികഴിഞ്ഞിരിക്കുന്നു .സമൂഹത്തിൽ മാതൃക ദമ്പതികളായി അഭിനയിച്ചു തകർക്കുന്ന ഒരു വിഭാഗം ആളുകൾ വേറെയുണ്ട് .നാം ചെയുന്നതൊന്നും വേറെയാരും അറിയുന്നില്ല എന്ന ചിന്തയിൽ ജീവിതം ആഘോഷിക്കുകയാണിവർ .നമ്മുടെ ചുറ്റുമുള്ള മനുഷ്യരെ മാത്രമേ പറ്റിക്കാൻ സാധിക്കൂ .നമുക്കു ദാനമായി ഈ ജീവിതം തന്ന സർവശക്തനായ തമ്പുരാൻ എല്ലാം കാണുന്നുണ്ട്‌ .ആ കണ്ണുകളെ പറ്റിക്കാൻ നമുക്കു സാധിക്കില്ല .നാം ചെയ്തുകൂട്ടുന്ന മഹാ അപരാധങ്ങൾക്കെല്ലാം കണക്കു കൊടുക്കേണ്ട ദിവസം വരും എന്നു ചിന്തിക്കുന്നതു നല്ലതായിരിക്കും .നമ്മുടെ കുഞ്ഞുങ്ങൾ നല്ല പാഠങ്ങൾ പഠിക്കേണ്ടത് ,ലക്ഷങ്ങൾ ചിലവാക്കി നാം ചേർക്കുന്നസ്കൂളുകളിൽ നിന്നോ കോളെജുകളിൽ നിന്നോ അല്ല .നമ്മുടെ കുടുംബങ്ങളിൽ നിന്നാണു മാതാപിതാക്കളുടെ സ്നേഹത്തിലും കരുതലിലും നിന്നാണു . പ്രാര്ത്ഥന അന്തരീക്ഷത്തിൽ വളരുന്ന ഒരു കുഞ്ഞിനു ദൈവത്തെ സ്വന്തം വളർച്ചയിൽ കൂടെകൂട്ടുന്ന ഒരു കുഞ്ഞിനു മാത്രമേ നാളെ സമൂഹത്തിനു ,സഹജീവികൾക്ക് മാതൃകയായി മാറാൻ സാധിക്കൂ .നമ്മുടെ കുഞ്ഞുങ്ങളെ ദൈവത്തോടു ചേർത്തു വളർത്തുക ,അവരെ ഈ ഭൂമിയിൽ നല്ല ബോധ്യങ്ങൾ നല്കി വളർത്താൻ നിയോഗിക്കപെട്ടവരാണ് മാതാപിതാക്കളായ നാം എന്നു എപ്പോഴും ഓർക്കുക .ഈ ജീവിതം ഒരു യാത്ര മാത്രമാണെന്നും ,ഈ യാത്രയുടെ ലക്‌ഷ്യം ദൈവത്തോടൊപ്പമുള്ള നിത്യജീവിതം ആണെന്നുമുള്ള ചിന്ത നമ്മളിലും ഉണ്ടാവണം ,നമ്മുടെ തലമുറയ്ക്കു പകർന്നു കൊടുക്കാനും നമുക്കു സാധിക്കണം .എങ്കിൽ മാത്രമേ ദൈവത്തിന്റെ സ്വന്തം നാടാണു നമ്മുടെതെന്ന് അവകാശപെടാൻ നമുക്കു പറ്റൂ .ഞാൻ ഒരു എഴുത്തുകാരനോ പ്രാസംഗികനൊ അല്ല ,എന്റെ മനസ്സിൽ ഉണ്ടായ ചില ചിന്തകൾ മാത്രമാണ് നിങ്ങളുമായി പങ്കുവെച്ചത് .തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ ക്ഷമിക്കുക ..

സ്നേഹത്തോടെ ,

നെവിൽ

0 comments:

Post a Comment