Monday, November 9, 2015

Israel 6 day war

യിസ്രായേലിനെ ഭൂമുഖത്ത് നിന്നും എന്നന്നേക്കുമായി തുടച്ചു മാറ്റും എന്ന് പ്രഖ്യാപിച്ചു കൊണ്ടു 1967- ജൂണില്‍ ഈജിപ്ഷ്യന്‍ പ്രസിഡണ്ട് ഗമാല്‍ അബ്ദുല്‍ നാസറിന്‍റെ നേതൃത്വത്തില്‍ വീണ്ടും അറബികള്‍ സംഘടിച്ചു. ഇതിന് കാരണം ഒരു സോവിയറ്റ്‌ നുണയാണ്. സിറിയന്‍ അതിര്‍ത്തിയില്‍ യിസ്രായേല്‍ വന്‍തോതില്‍ സൈനിക കേന്ദ്രീകരണം നടത്തിയിട്ടുണ്ടെന്നും പതിനൊന്നോളം സേനാദളങ്ങള്‍ ഉണ്ടെന്നും 1967 ഏപ്രില്‍ ഒടുവില്‍ ഗമാല്‍ അബ്ദുല്‍ നാസറുടെ പ്രതിനിധിയായി മോസ്കോയില്‍ എത്തിയ അന്‍വര്‍ സാദത്തിനോട് സോവിയറ്റ്‌ പ്രധാനമന്ത്രി അറിയിച്ച വാര്‍ത്ത കെയ്റോയിലെത്തി. “സൂക്ഷിക്കണേ, സിറിയന്‍ അതിര്‍ത്തിയില്‍ യിസ്രായേല്‍ പടയൊരുക്കം നടത്തുന്നു.” സിറിയയില്‍ നിന്നുണ്ടാകാവുന്ന ആക്രമണങ്ങളെ നേരിടാന്‍ വേണ്ടി 120 പേര്‍ അടങ്ങുന്ന ഒരു പട്ടാള വിഭാഗം മാത്രമേ യിസ്രായേലിന് സിറിയന്‍ അതിര്‍ത്തിക്കടുത്ത് ഉണ്ടായിരുന്നുള്ളൂ എന്നതാണ് സത്യം. “യുദ്ധം ഉണ്ടായതെങ്ങനെയെന്ന് യിസ്രായേലിന്‍റെ പട്ടാള മേധാവി യിസ്‌ഹാഖ് റാബീന്‍ ബോധം കെട്ടുവീണ സംഭവത്തില്‍ നിന്നും മനസ്സിലാക്കാം. ഈജിപ്തിന്‍റെ നേതൃത്വത്തില്‍ അറബ് പക്ഷം ശക്തിപ്പെടുന്നത് കാണെക്കാണെ റാബീന്‍ സിഗരറ്റുകള്‍ വലിച്ചു തള്ളുകയായിരുന്നു. അതിന്‍റെ ആധിക്യത്തില്‍ അദ്ദേഹം ബോധം കെട്ടു വീണു. രണ്ട് ദിവസത്തേക്ക്‌ എസര്‍ വെയ്സ്മാന്‍ പട്ടാള മേധാവിയായി സ്ഥാനമേറ്റു. ഈയൊരു ടെന്‍ഷന്‍ യിസ്രായേല്‍ ഒട്ടാകെ അനുഭവിച്ചിരുന്നു. തങ്ങളുടെ അയലത്തുള്ള എല്ലാ രാജ്യങ്ങളും നാസറുടെ നേതൃത്വത്തില്‍ തങ്ങള്‍ക്കെതിരാകുന്നത് കാണുകയായിരുന്നു യിസ്രായേല്‍.” (പടയൊഴിഞ്ഞ പിതൃഭൂമി, രാമചന്ദ്രന്‍, മലയാള മനോരമ, 1991, ജനുവരി 23, ബുധന്‍, പേജ് 5)

‘യിസ്രായേല്‍ ഇനി ഒരു ജനതയായിരിക്കാത്തവണ്ണം അവരെ ഞങ്ങള്‍ മുടിച്ചു കളയും’ എന്നാണ് യുദ്ധം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ പത്രപ്രതിനിധികള്‍ക്ക്‌ വേണ്ടി ഒരുക്കിയ പത്രസമ്മേളനത്തില്‍ നാസര്‍ അഹങ്കാരത്തോടെ പറഞ്ഞത്. ജൂണ്‍ അഞ്ചാം തിയ്യതി യുദ്ധം തുടങ്ങും എന്നാണ് അറബ് രാഷ്ട്രങ്ങള്‍ പ്രസ്താവിച്ചത്. ജൂണ്‍ നാലാം തിയ്യതി വൈകുന്നേരം തന്നെ കാണാനെത്തിയ പത്രറിപ്പോര്‍ട്ടര്‍മാരോട് നാസര്‍ പറഞ്ഞത് “നാളെ ഈ നേരം ആകുമ്പോഴേക്കും ഇസ്രായേല്‍ എന്ന രാജ്യം നിങ്ങള്‍ക്ക്‌ ഭൂപടത്തില്‍ കാണാന്‍ കഴിയില്ല” എന്നായിരുന്നു! വാസ്തവത്തില്‍ ഈ കാര്യം ബൈബിളില്‍ മുന്‍പേ പ്രവചിച്ചിരുന്നതാണ്:

“വരുവിന്‍ , യിസ്രായേല്‍ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേര്‍ ഇനി ആരും ഓര്‍ക്കരുതു എന്നു അവര്‍ പറഞ്ഞു. അവര്‍ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു. ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്‍യ്യരും കൂടെ, ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോര്‍നിവാസികളും; അശ്ശൂരും അവരോടു യോജിച്ചു; അവര്‍ ലോത്തിന്‍റെ മക്കള്‍ക്കു സഹായമായിരുന്നു.” (സങ്കീ.83:4-8)

ഈ പ്രവചനത്തില്‍ പറഞ്ഞിരിക്കുന്ന പ്രദേശങ്ങളില്‍ ഉള്ള എല്ലാ രാജ്യങ്ങളും (ഈജിപ്ത്, സിറിയ, യോര്‍ദ്ദാന്‍) 1967-ലെ യുദ്ധത്തില്‍ യിസ്രായേലിനെതിരെ അണിനിരന്നിരുന്നു. 300 ലക്ഷം ഡോളറിന്‍റെ ആയുധങ്ങള്‍ റഷ്യയില്‍ നിന്നും ഈജിപ്തിന് ലഭിച്ചു. എന്ന് മാത്രമല്ല, പതിനൊന്നായിരം റഷ്യന്‍ സാങ്കേതിക വിദഗ്ദന്മാരും ഈജിപ്തില്‍ ഉണ്ടായിരുന്നു. സോവിയറ്റ്‌ യൂണിയന്‍റെ പിന്തുണ കൂടി ലഭിച്ചതോടെ ഇസ്രായേല്‍ എന്ന ചെറിയ രാജ്യത്തെ ഭൂമുഖത്ത് നിന്നും എന്നന്നേക്കുമായി തുടച്ചു നീക്കാമെന്ന് അറബികള്‍ വ്യാമോഹിച്ചു.

മെയ്‌ 14-ന് ഈജിപ്ത് സേനയെ നാസര്‍ സീനായിലേക്ക് നീക്കി. 1967 മെയ്‌ 19ന് നാസറിന്‍റെ അപേക്ഷ അനുസരിച്ച് ഐക്യരാഷ്ട്രസേനാഘടകം പിന്‍വലിക്കപ്പെടുന്നു. (ഇസ്രായേലിനു ആപത്ത് വരുമ്പോഴൊക്കെ ഐക്യരാഷ്ട്രസഭ മിണ്ടാതിരിക്കും. ഇസ്രായേല്‍ യുദ്ധത്തില്‍ ജയം പ്രാപിക്കും എന്ന് കാണുമ്പോഴൊക്കെ ഐക്യരാഷ്ട്രസഭ ഉഷാറാകും. ഇങ്ങനെയുള്ള ഒരു സംഘടനയുടെ വാക്കുകളും പ്രമേയങ്ങളും ഇസ്രായേല്‍ വില വെക്കണം എന്നൊക്കെ പറയുന്നവര്‍ക്ക്‌ ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടുണ്ടാകും എന്നാണ് എനിക്ക് തോന്നുന്നത്.) മെയ്‌ 16-ന് ഈജിപ്തില്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. മെയ്‌ 17- ന് യു.എ.ആറും സിറിയയും യുദ്ധ സന്നദ്ധമെന്ന് പ്രഖ്യാപനങ്ങള്‍. അറബ് രാജ്യങ്ങളെയും നാസറേയും അനുകൂലിച്ചു കൊണ്ടുള്ള ഇന്ദിരാഗാന്ധിയുടെ പ്രസ്താവന മെയ്‌ 21-ന് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ടിറാന്‍ ജലസന്ധിയിലൂടെയുള്ള യിസ്രായേല്‍ കപ്പലുകളുടെ ഗതാഗതം തടയപ്പെട്ടിരിക്കുന്നതായി ഈജിപ്ത് മെയ്‌ 22-ന് തിങ്കളാഴ്ച പ്രസ്താവിച്ചു. മെയ്‌ 26-ന് നാസര്‍ യിസ്രായേലിനെ ഭൂപടത്തില്‍നിന്നു മായ്ച്ചു കളയുമെന്ന് പ്രസ്താവിച്ചു. മെയ്‌ 30-ന് നാസറും ജോര്‍ദ്ദാനിലെ ഹുസൈനും പ്രതിരോധ ഉടമ്പടി ഒപ്പ്‌ വെച്ചു. 31-ന്  ഇറാഖ്‌ സേന ജോര്‍ദ്ദാനിലേക്ക് നീങ്ങിത്തുടങ്ങി. ജൂണ്‍ 3-ന് ഈജിപ്ത് സര്‍വ്വ സൈന്യാധിപന്‍ ജനാര്‍ മോര്‍ട്ടാഗി പ്രസ്താവിച്ചു: “പലസ്തീനില്‍ വെച്ച് ഒരുകാലത്ത് അപഹരിക്കപ്പെട്ട അറബികളുടെ അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിനും കൊള്ളയടിക്കപ്പെട്ട പലസ്തീന്‍ പ്രദേശം തിരിച്ചു പിടിക്കുന്നതിനും വേണ്ടിയുള്ള ഈ വിശുദ്ധ യുദ്ധത്തിനെന്ന പോലെ തന്നെ നമ്മുടെ അറബ് രാഷ്ട്രത്തിനും ചരിത്ര പ്രധാനമായ ഒന്നാണ് ഈ അപൂര്‍വ്വ നിമിഷത്തില്‍ നാം നേടുന്ന ഫലം.” (ആറു ദിവസത്തെ യുദ്ധം, പേജ് 126)

“യുദ്ധം വരികയാണെങ്കില്‍ അത് സമ്പൂര്‍ണ്ണമായ ഒന്നായിരിക്കും. യിസ്രായേലിനെ നശിപ്പിക്കുക എന്നതായിരിക്കും നമ്മുടെ ലക്ഷ്യം. നാം ജയിക്കുമെന്ന് നമുക്ക്‌ ഉത്തമ വിശ്വാസമുണ്ട്....” എന്ന് നാസര്‍ മാര്‍ച്ച് 26-ന് തന്നെ പറഞ്ഞിരുന്നു. പലസ്തീന്‍ വിമോചന സംഘടനാ തലവന്‍ അഹമ്മദ്‌ ഷിക്കാരി അമ്മാനില്‍ പ്രസ്താവിച്ചു: “പലസ്തീന്‍ വിമോചന സേനക്ക് ആദ്യത്തെ വെടി പൊട്ടിക്കാന്‍ കഴിയും. ചിലപ്പോള്‍ അങ്ങനെയായിരിക്കാം സംഭവിക്കുന്നത്. അറബികള്‍ യിസ്രായേല്‍ പിടിക്കുകയാണെങ്കില്‍ അവ അവശേഷിക്കുന്ന യെഹൂദരെ അവരവരുടെ ജന്മ നാടുകളിലേക്ക് പോകുന്നതിനു സഹായിക്കും. എന്‍റെ കണക്കനുസരിച്ച് അവരില്‍ ആരും അവശേഷിക്കുമെന്ന് തോന്നുന്നില്ല.” “ഇസ്രായേലിന്‍റെ കരള്‍ പറിച്ചെടുത്ത് ആകാശത്തിലെ പക്ഷികള്‍ക്ക്‌ ഭക്ഷണമാക്കാം.” സിറിയയുടെ പ്രഖ്യാപനം. യുദ്ധം തുടങ്ങിയ ജൂണ്‍ 5-ന് ഹുസൈന്‍ റേഡിയോയില്‍ പറഞ്ഞു: “പ്രതികാര മുഹൂര്‍ത്തം വന്നിരിക്കുന്നു.”

ഏതു നിമിഷത്തിലും യുദ്ധം ഉണ്ടാകാം. തങ്ങളേക്കാള്‍ അനേകമടങ്ങ്‌ ശക്തിയുള്ള ശത്രുക്കള്‍ ആധുനിക ആയുധങ്ങളുമായി വിവിധഭാഗങ്ങളില്‍ നിന്ന് ആക്രമണം ആരംഭിച്ചാല്‍ എങ്ങനെ അതിനെ അതിജീവിക്കാം? ഇസ്രായേല്‍ രാഷ്ട്രനേതാക്കള്‍ തലപുകഞ്ഞാലോചിച്ചു. ഓര്‍ക്കാപ്പുറത്തുള്ള ആക്രമണം ശത്രുവിന്‍റെ സകലകണക്ക് കൂട്ടലുകളും തെറ്റിച്ചേക്കാം. ശത്രുവിന്‍റെ മനോവീര്യം തകര്‍ക്കാന്‍ അത് മതിയാകും എന്നവര്‍ക്ക് മനസ്സിലായി. എന്തായാലും കടന്നാക്രമണം നടത്തുക തന്നെ എന്നവര്‍ തീരുമാനിച്ചു.

1967 ജൂണ്‍ അഞ്ചാം തിയ്യതി യുദ്ധം പ്രഖ്യാപിക്കപ്പെട്ടു. അന്ന് തന്നെ പ്രഭാതം പൊട്ടി വിടരുന്നതിനു മുന്‍പ്‌ യിസ്രായേല്‍ ആദ്യത്തെ വ്യോമാക്രമണം നടത്തി. ഇരുട്ടിന്‍റെ മറവില്‍ ഇസ്രായേലിന്‍റെ പോര്‍ വിമാനങ്ങള്‍  കരിവണ്ടിന്‍ കൂട്ടം പോലെ വടക്കോട്ടും തെക്ക് പടിഞ്ഞാറോട്ടും ശത്രുക്കളുടെ റഡാറിന്‍റെ കണ്ണില്‍പ്പെടാതെ അപകടകരമാം വിധം താണുപറന്നു. ഈജിപ്തിന്‍റെ പല താവളങ്ങളിലായി യുദ്ധസന്നദ്ധമായി കിടന്നിരുന്ന വ്യോമസേനയെ മുഴുവന്‍ തകര്‍ത്തു തരിപ്പണമാക്കി. യിസ്രായേല്‍ വിമാനങ്ങളില്‍ നിന്നും പെയ്ത ബോംബ്‌ മഴ ഈജിപ്തിന്‍റെ വിമാനസാങ്കേതങ്ങളില്‍ അഗ്നിപ്രളയം സൃഷ്ടിച്ചു. ഒരൊറ്റ യുദ്ധവിമാനം പോലും പറന്നുയരാന്‍ കഴിയാത്ത വിധത്തില്‍ തകര്‍ത്തു കളഞ്ഞു. വിമാനങ്ങളെ മാത്രമല്ല, റണ്‍വേയിലും അവര്‍ ബോംബ്‌ മഴ പെയ്യിച്ച് കുണ്ടും കുഴിയുമാക്കി തീര്‍ത്തു. എങ്ങാനും മറ്റേതെങ്കിലും അറബി രാജ്യങ്ങളുടെ യുദ്ധവിമാനങ്ങള്‍ ഈജിപ്തിന് സഹായവുമായി വന്നാലും നിലത്തിറങ്ങാന്‍ കഴിയരുത് എന്ന ലക്ഷ്യത്തിലായിരുന്നു റണ്‍വേകളും തകര്‍ത്തു കളഞ്ഞത്.  യുദ്ധാരംഭത്തില്‍ തന്നെ ആദ്യത്തെ രണ്ടര മണിക്കൂറിനുള്ളില്‍ ഈജിപ്തിന്‍റെ 300 വിമാനങ്ങള്‍ നിലത്ത് വെച്ചു നശിപ്പിക്കപ്പെട്ടു. ആദ്യത്തെ രണ്ട് ദിവസങ്ങളില്‍ 416 വിമാനം ഈജിപ്തിന് നഷ്ടമായി, ഇസ്രായേലിന് നഷ്ടം 26 വിമാനങ്ങള്‍. ഈജിപ്ത് വ്യോമസേനക്കുണ്ടായ നഷ്ടം അന്നത്തെ കണക്കില്‍ 50 കോടി ഡോളര്‍ ആണെന്ന് കണക്കാക്കപ്പെട്ടിരിക്കുന്നു. 23 റഡാര്‍ നിലയങ്ങളും അവര്‍ക്ക്‌ നഷ്ടമായി.

ഇസ്രായേല്‍ വ്യോമസേന ശത്രുക്കളുടെ വിമാനത്താവളങ്ങളില്‍ ബോംബ്‌ വര്‍ഷം നടത്തുമ്പോള്‍ ഇസ്രായേല്‍ നാവികസേനയുടെ ടോര്‍പ്പിഡോകള്‍ അറബികളുടെ യുദ്ധക്കപ്പലുകളെയും തകര്‍ക്കുകയായിരുന്നു. വളരെ ശുഷ്കമായ നാവികശേഷിയുള്ള യിസ്രായേല്‍ കബളിപ്പിക്കല്‍ പരിപാടിയിലൂടെയാണ് നാവിക യുദ്ധത്തില്‍ നേട്ടം കൈവരിച്ചത്. ഈജിപ്തിലെ പോര്‍ട്ട്‌ സയിദ്‌, അലക്സാണ്ട്ര എന്നീ രണ്ട് നാവികത്താവളങ്ങളെ ആക്രമിച്ചതിനെക്കുറിച്ചു പിന്നീട് ഇസ്രായേല്‍ നാവികമേധാവി ജനറല്‍ ഏറള്‍ പ്രസ്താവിച്ചതിങ്ങനെയാണ്: “ഞങ്ങളെ സംബന്ധിച്ചിടത്തോളം ഒരു വലിയ ധിക്കാരം തന്നെയായിരുന്നു അത്.” യുദ്ധക്കപ്പലുകളും യുദ്ധവിമാനങ്ങളും തകര്‍ന്നതോടെ ജോര്‍ദ്ദാനും ഈജിപ്തും നിലംപരിശായി. ഒറ്റ ദിവസം കൊണ്ടുതന്നെ സിറിയയ്ക്കും മതിയായി. കെയ്റോ, അമ്മാന്‍, ദാമാസ്കസ് എന്നിവിടങ്ങളിലെല്ലാം ഇസ്രായേല്‍ വ്യോമസേന കടന്നാക്രമണം നടത്തി. ശത്രുക്കളുടെ വ്യോമസേന മുഴുവന്‍ നശിപ്പിക്കപ്പെട്ടത്‌ കൊണ്ട് യുദ്ധമേഖലയുടെ ആകാശ വിതാനത്തില്‍ കഴുകനെപ്പോലെ ഉയര്‍ന്നു പറക്കാന്‍ ഇസ്രായേല്‍ വിമാനങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

കഠിനമായ കരയുദ്ധം നടന്നത് സീനായില്‍ ആയിരുന്നു. സീനായില്‍ ഈജിപ്തിന്‍റെ ഏഴു സൈനിക വിഭാഗങ്ങളെ അഭിമുഖീകരിച്ചത് ഇസ്രായേലിന്‍റെ മൂന്ന് സൈനിക വിഭാഗങ്ങളാണ്. സീനായ്‌ യുദ്ധം നയിച്ചത് യിസ്രായേല്‍ ടാള്‍, യോഫെ, ഏരിയല്‍ ഷാരോണ്‍ എന്നീ ജനറല്‍മാരായിരുന്നു. ‘ഈജിപ്ഷ്യന്‍ സേനയുടെ ശക്തമായ രണ്ട് സ്ഥാനങ്ങള്‍ തകര്‍ക്കുക, സൂയസ് തോടിനു കിഴക്ക് വശത്തുള്ള പര്‍വ്വത നിരകളില്‍ കൂടി ഒരു വിഭാഗം കവചിത സേന നുഴഞ്ഞുകയറി ഈജിപ്ഷ്യന്‍ സേനയുടെ രക്ഷാമാര്‍ഗ്ഗം അടയ്ക്കുക, മൂന്നാമതായി ശത്രു സൈന്യത്തെ നശിപ്പിക്കുക’ എന്നീ മൂന്ന് ലക്ഷ്യങ്ങളോടെയായിരുന്നു ആക്രമണം. ജനറല്‍ ടാല്‍ യുദ്ധം തുടങ്ങുന്നതിനു മുന്‍പ്‌ പടയാളികളോട് പറഞ്ഞു: “ഈജിപ്തുമായുള്ള ഈ യുദ്ധത്തില്‍ നാം ജയിക്കണമെങ്കില്‍ ആദ്യ സമരമുഖത്ത് തന്നെ നാം ജയിച്ചേ മതിയാകൂ. നമ്മുടെ യുദ്ധമുറയില്‍ പിന്മാറ്റം എന്നൊന്നില്ല. ഓരോ ലക്ഷ്യവും പിടിച്ചടക്കുക തന്നെ വേണം. ആള്‍നഷ്ടം നമുക്ക്‌ പ്രശ്നമേ അല്ല. നാം ജയിക്കണം, അല്ലെങ്കില്‍ നാം മരിക്കണം.” അവിടെ യിസ്രായേല്‍ ജയിച്ചു!!

യെരുശലേമിന് വേണ്ടിയുള്ള യുദ്ധം നയിച്ചത് ജനറല്‍ ഉസി നര്‍ക്കീസും അദ്ദേഹത്തിന്‍റെ കീഴിലുള്ള കവചിത സേനാനായകന്‍ കേണല്‍ യൂറി ബെന്‍ ആറി, പാരാട്രൂപ്പ്‌ സേനാനി കേണല്‍ മോറെക്കൊയ് ഗൂര്‍ എന്നിവരുമായിരുന്നു. ജൂണ്‍ 5-ന് ഉച്ചക്ക് രണ്ട് മണിക്ക് ജനറല്‍ നാര്‍ക്കീസ് കേണല്‍ യൂറിയോട് പറഞ്ഞു: “ഇത് 1948-ന് ഒരു പകവീട്ടല്‍ ആകേണ്ടതായിരുന്നു. നാം രണ്ട് പേരും ഇവിടെ പൊരുതി. അന്ന് നാം തോല്‍പ്പിക്കപ്പെട്ടു.” യെരുശലേമിന് വേണ്ടിയുള്ള യുദ്ധം അതികഠിനമായി. പ്രധാന സൈനിക റബ്ബി ജനറല്‍ സ്കൊളോമോ ഗോറോണ്‍ പാതിരായ്ക്ക് ജനറല്‍ നാര്‍ക്കീസിനോട് പറഞ്ഞു: “അങ്ങയുടെ സൈന്യം ചരിത്രം സൃഷ്ടിക്കുന്നു. ഇതുമായി താരതമ്യപ്പെടുത്തുമ്പോള്‍ സീനായില്‍ നടക്കുന്നതൊന്നും സാരമില്ല.” യുദ്ധം കൊടുമ്പിരികൊണ്ടു. വളരെ നഷ്ടം സഹിച്ച് കൊണ്ടു യിസ്രായേല്‍ പട യെരുശലേം പിടിച്ചെടുത്തു. ജൂണ്‍ 7-ന് ബുധനാഴ്ച രാത്രിയായപ്പോള്‍ യെരുശലേം, ഹെബ്രോന്‍ തുടങ്ങിയ ഭാഗങ്ങളെല്ലാം യിസ്രായേലിന് അധീനമായി. ഇതില്‍ യെരുശലേം പിടിച്ചടക്കിയപ്പോള്‍ ഉണ്ടായതുപോലെ വികാരാവേശം നിറഞ്ഞ മറ്റൊരു സന്ദര്‍ഭം യെഹൂദനുണ്ടായിട്ടില്ല. യെരുശലേം ഓരോ യെഹൂദന്‍റെയും സ്വപ്നഭൂമിയാണ്. ലോകത്തിന്‍റെ ഏതൊരു കോണിലും നൂറ്റാണ്ടുകളായി പ്രവാസികളായി കഴിഞ്ഞ യെഹൂദന്മാര്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം അഭിവാദ്യം ചെയ്തിരുന്നതു ‘യെരുശലേമില്‍ സമാധാനമുണ്ടാകട്ടെ’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു. സങ്കീരത്തനക്കാരന്‍ അതുകൊണ്ടാണ് ഇപ്രകാരം എഴുതിയത്:

“യെരൂശലേമേ, നിന്നെ ഞാന്‍ മറക്കുന്നു എങ്കില്‍ എന്‍റെ വലങ്കൈ മറന്നു പോകട്ടെ. നിന്നെ ഞാന്‍ ഓര്‍ക്കാതെ പോയാല്‍, യെരൂശലേമിനെ എന്‍റെ മുഖ്യ സന്തോഷത്തെക്കാള്‍ വിലമതിക്കാതെ പോയാല്‍, എന്‍റെ  നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ” (സങ്കീ.137:5,6)

അതുവരെയുള്ളവര്‍ക്കെല്ലാം യെരുശലേം എന്നത് തലമുറതലമുറയായി പിതാക്കന്മാരില്‍ നിന്ന് കേട്ട നഗരത്തിന്‍റെ വിവരണം മാത്രമായിരുന്നു. എന്നാല്‍ 1967- ജൂണ്‍ ആറാം തിയ്യതി യെരുശലേം നഗരത്തിലേക്ക് കാലെടുത്തു വെച്ച ഇസ്രായേല്‍ സൈനികര്‍ക്കെല്ലാം അത് ഒരു ജനതയുടെ നൂറ്റാണ്ടുകളായുള്ള കാത്തിരിപ്പിന്‍റെ സാക്ഷാത്കാരമായിരുന്നു! A.D.70-ല്‍ അവര്‍ക്ക്‌ നഷ്ടപ്പെട്ട നഗരം നീണ്ട 1878 വര്‍ഷങ്ങള്‍ക്ക് ശേഷം അവരുടെ കൈയില്‍ തിരിച്ചെത്തിയിരിക്കുന്നു!! അവര്‍ സന്തോഷാധിക്യത്താല്‍ ഉച്ചത്തില്‍ പൊട്ടിക്കരഞ്ഞു. ആയുധങ്ങള്‍ വലിച്ചെറിഞ്ഞുകൊണ്ട് അവര്‍ പുരാതനമായ വിലാപമതിലിനു നേരെ ഓടി, പൊട്ടിക്കരഞ്ഞുകൊണ്ട് ആ മതിലില്‍ മുഖമമര്‍ത്തി ചുംബിച്ചു. ദാവീദ്‌ പണിയിച്ച ആ പുരാതന മതിലില്‍ അവര്‍ പിന്നെയും പിന്നെയും മുഖമമര്‍ത്തി പൊട്ടിപ്പൊട്ടിക്കരഞ്ഞു!! ജനറല്‍ യിസ്‌ഹാഖ് റാബിന്‍, നര്‍ക്കീസ് എന്നിവരുമായി പ്രതിരോധമന്ത്രി മോഷെദയാന്‍ പഴയ യെരുശലേം നഗരത്തില്‍ എത്തി. ‘യിസ്രായേലില്‍ സമാധാനം അരചാളട്ടെ’ എന്നെഴുതിയ ഒരു കഷ്ണം കടലാസ് കോട്ടയുടെ വിലാപമതിലിന്‍റെ കല്ലുകള്‍ക്കിടയില്‍ തിരുകിക്കൊണ്ട്, ആ വൈലിംഗ് വാളിനടുത്ത് നിന്നു ദയാന്‍ പറഞ്ഞു: “ഇനിയൊരിക്കലും വേര്‍പെടാത്ത വിധം നാം വിശുദ്ധ കേന്ദ്രങ്ങളില്‍ ഏറ്റവും വിശുദ്ധമായ നമ്മുടെ സ്ഥലത്ത് തിരിച്ചെത്തിയിരിക്കുന്നു.”

യുദ്ധത്തില്‍ യോര്‍ദ്ദാന്‍റെ നഷ്ടം അതിഭീമമായിരുന്നു. ജൂണ്‍ എട്ടാം തിയ്യതി അറബി സൈന്യങ്ങള്‍ യിസ്രായേലിന് ഭയങ്കര നഷ്ടങ്ങള്‍ വരുത്തി. 9-ന് ഇസ്രയേല്‍ സൈന്യം എല്ലാ സമരമുഖത്തും കൂടുതല്‍ തിരിച്ചടികള്‍ ഏല്‍ക്കുന്നു. എന്നാല്‍ പിന്നീട് ഇസ്രായേല്‍ സൈന്യം അതീവശക്തിയോടെ തിരിച്ചടിക്കുകയും ശത്രുക്കളെ തകര്‍ത്തു കളയുകയും ചെയ്തു. അപ്പോഴേക്കും ഈജിപ്തിന് പതിനയ്യായിരത്തോളം സൈനികരെ നഷ്ടപ്പെട്ടിട്ടുണ്ടായിരുന്നു. റഷ്യന്‍ നിര്‍മ്മിതമായ 700 ടാങ്കുകള്‍ യിസ്രായേല്‍ നശിപ്പിക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തു. അറബികളുടെ വമ്പിച്ച തകര്‍ച്ചയിലും കേണല്‍ നാസറിന്‍റെ പരാജയത്തിലും കലാശിച്ച യുദ്ധമാണ് ആറു ദിവസത്തെ യുദ്ധം. ജൂണ്‍ ഏഴാം തിയ്യതി വൈകുന്നേരം എട്ടു മണിക്ക് വെടി നിര്‍ത്തലിനു വേണ്ടിയുള്ള പ്രമേയം രക്ഷാസമിതിയില്‍ ഹാജരാക്കിക്കഴിഞ്ഞപ്പോള്‍ “സീനായ്‌, ഷാംഎല്‍ഷെയ്ക്ക്, യെരുശലേം, യോര്‍ദ്ദാന്‍റെ പടിഞ്ഞാറേ തീരം എന്നിവ തങ്ങളുടെ കൈവശമായെന്നു യിസ്രായേലി ജനറല്‍ യിസ്‌ഹാഖ് റാബീന്‍ പ്രഖ്യാപനം നടത്തി. യെരുശലേമിലെ പുരാതനമായ വിലാപമതില്‍ കാണാനെത്തിയ യെഹൂദന്മാരോടു മോഷെദയാന്‍ പറഞ്ഞു: “ഞങ്ങള്‍ ഞങ്ങളുടെ അറബി സഹോദരന്മാരുടെ നേര്‍ക്ക്‌ ആത്മാര്‍ത്ഥമായി സമാധാനത്തിന്‍റെ കരങ്ങള്‍ നീട്ടുന്നു. പക്ഷേ ഞങ്ങള്‍ ഒരിക്കലും യെരുശലേമില്‍ നിന്ന് ഒരിക്കലും വേര്‍പ്പെടാത്തവണ്ണം അവിടെ തിരിച്ചെത്തിയിരിക്കുന്നു.” ഒരിക്കല്‍ക്കൂടി അറബി മല്ലനായ ഗോലിയാത്തിനെ ‘ദാവീദിന്‍റെ നക്ഷത്രം’ വഹിച്ചു കൊണ്ട് ഇടയച്ചെറുക്കന്‍ തകര്‍ത്തു കളഞ്ഞു!!

അതുവരെ യിസ്രായേലിന്‍റെ യാതൊരു പരാതികളും പരിഗണിക്കാതിരുന്ന ഐക്യരാഷ്ട്രസഭ പെട്ടന്നുണര്‍ന്നു! ഇസ്രായേലിനോട് വെടി നിര്‍ത്താന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തവണ വെടി നിര്‍ത്തല്‍ സോപാധികമായിരിക്കണം എന്ന് യിസ്രായേല്‍ ശഠിച്ചു. വെടി നിര്‍ത്തണമെങ്കില്‍ ഇസ്രായേലിനെ ഒരു സ്വതന്ത്ര രാഷ്ട്രമായി അറബികള്‍ അംഗീകരിക്കണം എന്നായിരുന്നു വ്യവസ്ഥ. എന്നിട്ടും ഇസ്രായേലിനെ അംഗീകരിക്കാന്‍ അറബി രാഷ്ട്രങ്ങള്‍ വിസമ്മതിച്ചതിനാല്‍ യുദ്ധം തുടര്‍ന്നു. പെട്ടെന്ന് തന്നെ സുഡാനില്‍ യു.എന്‍.സമ്മേളനം വിളിച്ചു കൂട്ടി വെടി നിര്‍ത്തല്‍ ആവശ്യപ്പെട്ടു. എന്നുമാത്രമല്ല, Resolution-242 പാസ്സാക്കുകയും ചെയ്തു. അതിന്‍റെ സാരം പുതിയതായി പിടിച്ചെടുത്ത സ്ഥലങ്ങളില്‍ നിന്നും ഇസ്രായേല്‍ പിന്മാറണം എന്നതായിരുന്നു. അങ്ങനെ ആറാം ദിവസം യുദ്ധം അവസാനിച്ചു.

യുദ്ധം അവസാനിച്ചപ്പോള്‍ സീനായ്‌ ഉപദ്വീപും ഗാസ്സാ മുനമ്പും ഈജിപ്തില്‍ നിന്നും വെസ്റ്റ്‌ ബാങ്ക് ജോര്‍ദ്ദാനില്‍ നിന്നും ഗോലാന്‍ കുന്നുകള്‍ സിറിയയില്‍ നിന്നും പിടിച്ചെടുത്തിരുന്നു. യിസ്രായേല്‍ രാഷ്ട്രത്തിന്‍റെ വിസ്തീര്‍ണ്ണം എണ്ണായിരം ചതുരശ്ര മൈലില്‍ നിന്നും മുപ്പത്തിനാലായിരം ചതുരശ്രമൈല്‍ ആയി വര്‍ദ്ധിച്ചു. ഈ യുദ്ധത്തില്‍ ഇസ്രായേലിന്‍റെ 766 പട്ടാളക്കാര്‍ മരിക്കുകയും 2500 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അറബികള്‍ക്ക്‌ മൊത്തം 35000 പട്ടാളക്കാര്‍ മരിച്ചതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

കേരളത്തിലെ പലസ്തീന്‍ നോക്കികളായ കപട മാനവികതാവാദികളും ദാവാക്കാരും എല്ലാം ഈ യുദ്ധത്തിന്‍റെ ഉത്തരവാദിത്തവും പതിവ്‌ പോലെ യിസ്രായേലിന്‍റെ തലയിലാണ് കെട്ടിവെക്കുന്നത് എന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ലല്ലോ. കേരളത്തില്‍ യെഹൂദന് വോട്ടില്ലാത്തത് കൊണ്ട് രാഷ്ട്രീയപാര്‍ട്ടികള്‍ എല്ലാം ഈ യുദ്ധത്തെ യിസ്രായേലിന്‍റെ കടന്നാക്രമണമായി പ്രചരിപ്പിക്കുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടികളാണ് ഈ പ്രചാരണത്തില്‍ മുന്നിട്ടു നില്‍ക്കുന്നത്. ഈജിപ്തിന്‍റെ വ്യോമതാവളങ്ങളില്‍ യിസ്രായേല്‍ സേന ബോംബാക്രമണം നടത്തിയത് കൊണ്ടാണ് ഈ യുദ്ധം ഉണ്ടായത് എന്നാണ് അവരുടെ വാദം. “നാളെ ഞങ്ങള്‍ ഇസ്രായേലിനെ ഭൂമുഖത്ത് നിന്നും തുടച്ചു നീക്കും” എന്ന് പറഞ്ഞ് യുദ്ധപ്രഖ്യാപനം നടത്തിയ അറബികള്‍ നേരം വെളുത്ത്‌ ബ്രേക്ക്ഫാസ്റ്റും കഴിച്ച് രാഹുകാലം നോക്കി ആക്രമണം ആരംഭിക്കാം എന്ന് കരുതിയിരിക്കുമ്പോള്‍ ഇസ്രായേലിന്‍റെ ആണ്‍കുട്ടികള്‍ ചങ്കൂറ്റത്തോടെ ശത്രുക്കളുടെ താവളങ്ങളില്‍ കയറി ആക്രമണം നടത്തിയത് ഇവര്‍ക്കൊന്നും ദഹിച്ചിട്ടില്ല. അറബികളുടെ ഭാഗത്ത് നിന്നും ആക്രമണം ഉണ്ടാകുമ്പോള്‍ പ്രതിരോധിക്കാന്‍ മാത്രമേ ഇസ്രായേലിന് അവകാശമുള്ളൂ എന്നാണ് ഇവന്മാരുടെ പുലമ്പല്‍. അങ്ങനെയായിരുന്നെങ്കില്‍ ഇന്ന് ഇസ്രായേല്‍ എന്ന രാജ്യം ഭൂമുഖത്ത് കാണുകയില്ലായിരുന്നു!!

(കടപ്പാട്: തിരുവട്ടാര്‍ കൃഷ്ണന്‍ കുട്ടിയുടെ “ദൈവം കൊടുത്ത ഭൂമിയിലെ ഒഴിയാത്ത യുദ്ധങ്ങള്‍”, പി.ജെ.അബ്രഹാം, തൂക്കനാലിന്‍റെ “ഈ അസ്ഥികള്‍ ജീവിക്കുമോ?” എന്നീ പുസ്തകങ്ങളോട്)

0 comments:

Post a Comment