Thursday, June 12, 2014

You will know them by their fruits! Matthew 7: 15-16









You will know them by their fruits! Matthew 7: 15-16
വാളെടുത്തവരെല്ലാം 'വെളിച്ചപ്പാട്'!
ആരംഭത്തില്‍ സൂചിപ്പിച്ചതുപോലെ ആദ്ധ്യാത്മീകതയിലും 'കള്ളനാണയ'ങ്ങളുണ്ട്. അറിഞ്ഞുകൊണ്ട് ഇങ്ങനെ ആയിത്തീര്‍ന്നവരേക്കാള്‍ കൂടുതല്‍, അജ്ഞതകൊണ്ട് സാത്താന്‍റെ ഉപകരണമായി മാറ്റപ്പെടുന്നവരാണ്. എങ്ങനെയായാലും ഫലം ഒന്നുതന്നെ!
"അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്‍റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നുനില്‍ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്"(2തിമോത്തി:3;5-7).
ദര്‍ശനങ്ങളുടെയും വെളിപാടുകളുടെയും പിന്നാലെ ഓടുകയും, വചനത്തെക്കുറിച്ച് യാതൊന്നും അറിയാതിരിക്കുകയും ചെയ്യുന്ന ഇത്തരക്കാര്‍ ആത്മീയതയില്‍ വലിയ വിപത്താണ്.! ക്രിസ്തുവിനെതിരെ പ്രവര്‍ത്തിക്കുന്ന 'ചാവേര്‍പ്പട' യാണിവര്‍! സ്വയം ചാമ്പലാകുകയും വലിയൊരു സമൂഹത്തെ ചാമ്പലാക്കുകയും ചെയ്യുന്ന ആത്മഹത്യാ 'സ്കോഡുകള്‍'!
ദര്‍ശനങ്ങളും വെളിപാടുകളും ആദ്ധ്യാത്മീകതയില്‍ ഗുണകരമാണ്. ദൈവം, തന്‍റെ ഹിതം വെളിപ്പെടുത്താന്‍ ഇവ നല്‍കാറുണ്ട്. എന്നാല്‍, വെളിപാടുകള്‍ സാത്താനും നല്‍കുന്നുവെന്നത്‌, വളരെ സൂക്ഷ്മതയോടെ കാണണം. ദൈവവചനത്തിനു വിരുദ്ധമായി ഒരു സന്ദേശവും ദൈവത്തില്‍ നിന്നും വരികയില്ല. ഈ കാരണം കൊണ്ടുതന്നെ ദൈവവചനത്തെ ആഴമായി പഠിക്കാത്ത ഒരുവനെ, ദര്‍ശനങ്ങള്‍ തെറ്റായി നയിക്കാം. വചനത്തെക്കാള്‍ അധികമായി മായാദര്‍ശനങ്ങളെ പിന്തുടരുന്നവരുണ്ട്. ഇവരാണ് ആദ്ധ്യാത്മികതയിലെ ഏറ്റവും അപകടകാരികള്‍! ഇത്തരക്കാര്‍ക്ക് ബൈബിളും സഭയും നേതാക്കന്മാരും ഒരു പ്രശ്നവുമല്ല. രാത്രിയില്‍ കാണുന്ന സ്വപ്നങ്ങളും, അറിവുകേടില്‍നിന്നും രൂപപ്പെടുന്ന ചിന്തകളുമാണ് പ്രധാനം.
ദര്‍ശനം ലഭിക്കാതെ സ്വന്തം തോന്നലുകളെ പിന്‍തുടരുന്ന ഭോഷന്മാരായ പ്രവാചകന്മാര്‍ക്കു ദുരിതം! ഇസ്രായേലേ, നിന്‍റെ പ്രവാചകന്മാര്‍ നാശക്കൂമ്പാരങ്ങള്‍ക്കിടയില്‍ കഴിയുന്ന കുറുനരികളെപ്പോലെയാണ്"(എസക്കി:13;3,4). "അവര്‍ കള്ളം പറയുകയും വ്യാജപ്രവചനം നടത്തുകയും ചെയ്യുന്നു. കര്‍ത്താവ്‌ അവരെ അയച്ചിട്ടില്ലെങ്കിലും കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു എന്ന് അവര്‍ പറയുകയും അവിടുന്ന് അതു നിറവേറ്റുമെന്നു പ്രതീക്ഷിക്കുകയും ചെയ്യുന്നു"(എസക്കി:13;6). "നിങ്ങള്‍ വ്യാജം പറഞ്ഞതുകൊണ്ടും മിഥ്യാദര്‍ശനം കണ്ടതുകൊണ്ടും ഇതാ, ഞാന്‍ നിങ്ങള്‍ക്കെതിരാണ്. ദൈവമായ കര്‍ത്താവാണ് ഇതു പറയുന്നത്. വ്യാജം പ്രവചിക്കുകയും വ്യര്‍ത്ഥദര്‍ശനങ്ങള്‍ കാണുകയും ചെയ്യുന്ന പ്രവാചകന്മാര്‍ക്കെതിരെ എന്‍റെ കരം ഉയരും"(എസക്കി:13;8,9).
അല്പം പ്രാര്‍ത്ഥന ആരംഭിച്ചാല്‍ പിന്നെ നേതൃത്വത്തോടെല്ലാം പുച്ഛമാണ്. അറിവില്ലാത്തവരും നേതൃത്വത്തോട്‌ അസംതൃപ്തിയില്‍ കഴിയുന്നവരുമായ ചിലരെ കൂട്ടുപിടിച്ച് 'സ്വന്തം സഭ' കെട്ടിപ്പടുക്കും. ഇത്തരം സഭകള്‍ ഇന്ന് ധാരാളമാണ്!
വ്യാജ ഉപദേശികളെ സൂക്ഷിക്കുവിന്‍!
ദൈവവചനം പ്രഖ്യാപിച്ചിട്ടുള്ളതുപോലെ, അക്കാലത്തും ഈ നാളുകളിലും വ്യാജ ഉപദേശികള്‍ രംഗത്തുണ്ട്. യഥാര്‍ത്ഥ രക്ഷയെ തടസപ്പെടുത്തിക്കൊണ്ട് ഇവര്‍ സത്യത്തില്‍നിന്നും വിശ്വാസികളെ അടര്‍ത്തിമാറ്റും. ദൈവവചനത്തിലെ ഉള്‍ക്കാഴ്ചകളില്‍നിന്ന് വ്യതിചലിപ്പിക്കുകയും അസത്യത്തെ സ്വീകരിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യും. ഇത്തരക്കാര്‍ വിശ്വാസികള്‍ക്കിടയില്‍ വിജാതിയത പ്രചരിപ്പിക്കാന്‍ ആവേശംകൊള്ളുന്നു. ദൈവം തന്‍റെ വചനത്തിലൂടെ നിഷേധിച്ചവയെ നന്മയുടെ രൂപത്തില്‍ അവതരിപ്പിക്കും. ഒരുപക്ഷെ അധികാരികളുടെ വേഷത്തില്‍പോലും ഇത്തരം തിന്മകളുടെ പ്രചരണം ഉണ്ടായേക്കാം. പ്രഭാപൂര്‍ണ്ണനായ ദൈവദൂതന്‍റെ വേഷത്തില്‍ സാത്താന്‍ വരുമെന്ന് വചനം അറിയിച്ചിരിക്കുന്നതിനാല്‍, ഓരോ ദൈവമക്കളും ജാഗ്രതയുള്ളവരായിരിക്കണം. ആദ്ധ്യാത്മീയതയിലെ കപടവേഷ ധാരികളെ തിരിച്ചറിഞ്ഞില്ലെങ്കില്‍, വരാനിരിക്കുന്നത് വന്‍ദുരന്തമായിരിക്കും എന്നത് മറക്കരുത്.
തിരുസഭയുടെ ഓരോ പ്രബോധനങ്ങളും ദൈവവചനത്തെ ആസ്പദമാക്കി രൂപപ്പെടുത്തിയിട്ടുള്ളതാണ്. വചനത്തെക്കുറിച്ചോ സഭയുടെ അടിസ്ഥാന നിയമങ്ങളെക്കുറിച്ചോ അറിവില്ലാത്തവരെ വശീകരിക്കാന്‍ എളുപ്പമാണ്. അതുകൊണ്ടുതന്നെ ഇത്തരക്കാരെയാണ് 'വ്യാജ' ഉപദേശികള്‍ ലക്‌ഷ്യം വയ്ക്കുന്നത്. ദൈവവചനത്തിലെ ചിലഭാഗങ്ങള്‍ ഉദ്ധരിച്ചുകൊണ്ടും, മറ്റു പലതും മറച്ചുവച്ചുകൊണ്ടും ഇവര്‍ ഭവനങ്ങളില്‍ കടന്നുകൂടും. ഇവരെ നേരിടാനുള്ള വചനമോ പ്രാര്‍ഥനയോ ഇല്ലാത്തവര്‍ കെണിയില്‍പ്പെടും എന്നത് തീര്‍ച്ച!
വ്യാജ ഉപദേഷ്ടക്കളെക്കുറിച്ച് ദൈവവചനംനല്‍കുന്ന ചില മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കാം.
"അവര്‍ ഭക്തിയുടെ ബാഹ്യരൂപം നിലനിര്‍ത്തിക്കൊണ്ട് അതിന്‍റെ ചൈതന്യത്തെ നിഷേധിക്കും. അവരില്‍നിന്ന് അകന്നുനില്‍ക്കുക. അവരില്‍ ചിലര്‍ വീടുകളില്‍ നുഴഞ്ഞുകയറി ദുര്‍ബലകളും പാപങ്ങള്‍ ചെയ്തുകൂട്ടിയവരും വിഷയാസക്തിയാല്‍ നയിക്കപ്പെടുന്നവരുമായ സ്ത്രീകളെ വശപ്പെടുത്തുന്നു. ഈ സ്ത്രീകള്‍ ആരു പഠിപ്പിക്കുന്നതും കേള്‍ക്കാന്‍ തയ്യാറാണ്"(2തിമോത്തി:3;5-7).
"ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്‌താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക"(2 കോറി:11;4).
"ഞങ്ങള്‍ നിങ്ങളോടു പ്രസംഗിച്ചതില്‍നിന്നു വ്യത്യസ്തമായ ഒരു സുവിശേഷം ഞങ്ങള്‍ തന്നെയോ സ്വര്‍ഗ്ഗത്തില്‍നിന്ന് ഒരു ദൂതന്‍ തന്നെയോ നിങ്ങളോടു പ്രസംഗിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ!"(ഗലാത്തി:1;8).
"ക്രിസ്തുവിനു യോജിക്കാത്തതും പ്രപഞ്ചത്തിന്‍റെ മൂലഭൂതങ്ങള്‍ക്കും മാനുഷീകപാരമ്പര്യത്തിനും മാത്രം ചേര്‍ന്നതുമായ വ്യര്‍ത്ഥപ്രലോഭനത്തിനും തത്വചിന്തയ്ക്കും ആരും നിങ്ങളെ ഇരയാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം"(കൊളോ:2;8).
"മായാദര്‍ശനങ്ങള്‍ വിശകലനം ചെയ്തുകൊണ്ടു കപടവിനയത്തിലും ദൈവദൂതന്മാരുടെ ആരാധനയിലും ആഭിമുഖ്യം കാണിക്കുന്ന ആളുകള്‍ നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ"(കൊളോ:2;18).
"പ്രലോഭകന്‍ നിങ്ങളെ ഏതുവിധത്തിലും പരീക്ഷയില്‍ വീഴ്ത്തിയേക്കുമെന്നും ഞങ്ങളുടെ പ്രയത്നമെല്ലാം പാഴായിപ്പോയേക്കുമെന്നും ഞാന്‍ ഭയപ്പെട്ടു"(1തെസ:3;5).
"അലസതയിലും ഞങ്ങളില്‍നിന്നു സ്വീകരിച്ച പാരമ്പര്യത്തിനിണങ്ങാത്ത രീതിയിലും ജീവിക്കുന്ന ഏതൊരു സഹോദരനിലുംനിന്ന്‍ ഒഴിഞ്ഞുനില്‍ക്കണമെന്നു സഹോദരരേ, കര്‍ത്താവിന്‍റെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളോടു കല്പ്പിക്കുന്നു"(2തെസ:3;6).
"വരുംകാലങ്ങളില്‍, ചിലര്‍ കപടാത്മാക്കളിലും പിശാചിന്‍റെ പ്രബോധനങ്ങളിലും ശ്രദ്ധയര്‍പ്പിച്ചുകൊണ്ട് വിശ്വാസത്തില്‍നിന്നു വ്യതിചലിപ്പിക്കുമെന്ന് ആത്മാവ് വ്യക്തമായിപ്പറയുന്നു"(1തിമോ:4;1).
"ആരെങ്കിലും ഇതില്‍നിന്നും വ്യത്യസ്തമായി പഠിപ്പിക്കുകയോ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്‍റെ യഥാര്‍ത്ഥ വചനങ്ങളോടും ദൈവഭക്തിക്കു ചേര്‍ന്ന പ്രബോധനങ്ങളോടും യോജിക്കാതിരിക്കുകയോ ചെയ്‌താല്‍ അവന്‍ അഹങ്കാരിയും അജ്ഞനും ആണ്. എല്ലാറ്റിനെയും ചോദ്യംചെയ്യാനും വാക്കുകളെച്ചൊല്ലി തര്‍ക്കിക്കാനുമുള്ള ദുര്‍വ്വാസനയ്ക്കു വിധേയനാണവന്‍"(1തിമോ:6;3,4).
"അവസാനനാളുകളില്‍ ക്ലേശപൂര്‍ണ്ണമായ സമയങ്ങള്‍ വരും. അപ്പോള്‍ സ്വാര്‍ത്ഥസ്നേഹികളും ധനമോഹികളും അഹങ്കാരികളും ഗര്‍വ്വിഷ്ഠരും ദൈവദൂഷകരും മാതാപിതാക്കന്മാരെ അനുസരിക്കാത്തവരും കൃതഘ്നരും വിശുദ്ധിയില്ലാത്തവരുമായ മനുഷ്യരുണ്ടാകും"(2തിമോ:3;1,2).
"പണ്ടുതന്നെ ശിക്ഷയ്ക്കായി നിശ്ചയിക്കപ്പെട്ടിരുന്ന ചില ദുഷ്ടമനുഷ്യര്‍ നിങ്ങളുടെയിടയില്‍ കയറിക്കൂടിയിട്ടുണ്ട്. അവര്‍ നമ്മുടെ ദൈവത്തിന്‍റെ കൃപയെ തങ്ങളുടെ ആശുദ്ധജീവിതത്തിനായി ദുര്‍വിനിയോഗിക്കുകയും നമ്മുടെ ഏകനാഥനും കര്‍ത്താവുമായ യേശുക്രിസ്തുവിനെ തള്ളിപ്പറയുകയും ചെയ്യുന്നു"(യൂദാസ്:1;4).
"തങ്ങളുടെ ദുഷ്ടമായ അധമവികാരങ്ങള്‍ക്ക് അടിമപ്പെട്ടു ജീവിക്കുന്ന പരദൂഷകര്‍ അവസാനനാളുകളില്‍ വരും. പരിശുദ്ധാത്മാവില്ലാത്തവരും കേവലം ലൌകീകരുമായ ഇവരാണു ഭിന്നിപ്പുണ്ടാക്കുന്നത്"(യൂദാസ്:1;18,19).
യഥാര്‍ത്ഥ സത്യത്തില്‍നിന്നും നമ്മെ വ്യതിചലിപ്പിക്കുന്ന അനേകം ആശയങ്ങള്‍ പലരിലൂടെയും കടന്നുവരാന്‍ സാധ്യതയുള്ളതിനാലാണ് ഇത്രയേറെ ഭാഗങ്ങളില്‍ ഇവ ആവര്‍ത്തിച്ചിരിക്കുന്നത്. നമ്മുടെ അറിവുകേടുകൊണ്ട് ഇത്തരക്കാരുടെ പിടിയില്‍ അകപ്പെട്ടാല്‍ പ്രശ്നമില്ലായിരുന്നുവെങ്കില്‍ അപ്പസ്തോലന്മാരും പ്രവാചകന്മാരും ഇത്രയേറെ ഉത്‌ക്കണ്ഠപ്പെടില്ലായിരുന്നു. സത്യം നാം അറിയുകയും, ഈ സത്യത്താല്‍ നാമെല്ലാം സ്വതന്ത്രരാക്കപ്പെടുകയും ചെയ്യണം. ആരുടേയും ആശയങ്ങളുടെ അടിമത്വത്തിലേക്കു വിട്ടുകൊടുക്കാന്‍ നമ്മെ ദൈവം അനുവദിച്ചിട്ടില്ല. എത്ര പ്രിയപ്പെട്ടവരെങ്കിലും ദൈവവചനത്തിനു വിരുദ്ധമായ ഒന്നും സ്വീകരിക്കുകയോ, അത്തരം ആശയങ്ങളെ അംഗീകരിക്കുകയോ ചെയ്യരുത്. വചനം കര്‍ശനമായി പറയുന്ന ഒരുകാര്യം; ഇത്തരക്കാരുമായി യാതൊരു സമ്പര്‍ക്കവും അരുതെന്നാണ്. യോഹന്നാന്‍ ശ്ലീഹായിലൂടെ കര്‍ത്താവ്‌ പറയുന്നത് ശ്രദ്ധിച്ചാല്‍ ഇതു കൂടുതല്‍ വ്യക്തമാകും.
"പ്രസ്തുത പ്രബോധനവുമായിട്ടല്ലാതെ ആരെങ്കിലും നിങ്ങളെ സമീപിച്ചാല്‍ അവനെ നിങ്ങള്‍ വീട്ടില്‍ സ്വീകരിക്കുകയോ അഭിവാദനം ചെയ്യുകയോ അരുത്. എന്തെന്നാല്‍, അവനെ അഭിവാദനം ചെയ്യുന്നവന്‍ അവന്‍റെ ദുഷ്പ്രവര്‍ത്തികളില്‍ പങ്കുചേരുകയാണ്"(2യോഹ:1;10,11). ദൈവരാജ്യം എന്ന ലക്ഷ്യത്തിനുവേണ്ടി പല ബന്ധങ്ങളും നഷ്ടപ്പെടുത്തേണ്ടിവരും. കാരണം നിത്യജീവന്‍ എന്നത് ഇവയേക്കാളെല്ലാം വലുതാണ്‌. അതു നഷ്ടമായാല്‍ തിരിച്ചുതരാന്‍ ആര്‍ക്കും കഴിയില്ല.
ദുഷ്ടന്‍റെ സകല കെണികളേയും തിരിച്ചറിഞ്ഞ്‌ അതില്‍നിന്നും രക്ഷപ്രാപിക്കാന്‍ നമുക്ക് വചനത്തില്‍ ആഴപ്പെടാം!
ഇവരെ എഗന്നെ തിരിച്ചു അറിയാം, മത്തായി 7 :15 -16

0 comments:

Post a Comment