Wednesday, June 25, 2014

നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസന്ഗിക്കുവിൻ



ടെക്നോളജി ദിനം പ്രതി വികസിച്ചുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടതിലൂടെയാണ് ഞാനും നിങ്ങളും ഉൾപെടുന്ന ഈ ലോകം കടന്നു പോയ്കൊണ്ടിരിക്കുന്നത് .മാറികൊണ്ടിരിക്കുന്ന മനുഷ്യന്റെ ജീവിത ശൈലിക്ക് കുട പിടിച്ചു കൊണ്ട് ഇന്റർനെറ്റ്‌ നമ്മുടെ സന്തത സഹചാരിയായി കൂടെ തന്നെയുണ്ട്‌ , സോഷ്യൽ നെറ്റ് വർക്കിങ്ങ് സൈറ്റുകൾ പ്രായ ഭേദമന്യേ എല്ലാവർക്കും ഒഴിച്ച് കൂടാനാവാത്ത ഘടകമായി തീർന്നിരിക്കുന്നു. ഇന്ന് ലോകത്തിന്റെ ഏതു കോണിലായാലും പരസ്പരം കാണാനും സംസാരിക്കാനും നമുക്കിന്നു സാധിക്കും മനുഷ്യന്റെ ജീവിത നിലവാരം ഉയർത്തുന്നതിനു ആധുനിക സാങ്കേതിക വിദ്യക്ക് വളരെയധികം സാധിച്ചിട്ടുണ്ട് .എന്നാൽ പലപ്പോഴും അതിലെ നന്മകൾ കാണാനോ പ്രയോജനപെടുത്താനോ നമുക്കു സാധിക്കാറില്ല , ഗുണത്തെ പോലെ തന്നെ അല്ലെങ്കിൽ , അതിലും ഒരു പടി മുന്നിലായി നില്ക്കുന്ന ദോഷങ്ങളിൽ ആയിരിക്കും പലപ്പോഴും നമ്മുടെ കണ്ണുടക്കുക . ,ഫേസ്ബുക്ക്‌ ലൈക്കുകൾക്ക് പിന്നാലെ പായുന്ന ഒരു സമൂഹത്തെ തന്നെ സൃഷ്ടിച്ചെടുക്കാൻ സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകൾക്ക് വളരെ ചുരുങ്ങിയ കാലം കൊണ്ട് കഴിഞ്ഞിട്ടുണ്ട് . ഇന്നു സോഷ്യൽ നെറ്റ് വർക്ക്കിങ്ങ് സൈറ്റുകൾ ഭൂരിപക്ഷം ആളുകളും വിനോദത്തിനും നേരം പോക്കിനും വേണ്ടി മാത്രം ഉപയോഗിക്കുന്നത്. ഉയരത്തിലേക്ക് കുതിച്ചു കൊണ്ടിരിക്കുന്ന ജീവിത സൌകര്യങ്ങൾക്കിടയിൽ പുതു തലമുറ പലപ്പോഴും ഈ ജീവിതം തന്നെ നമുക്ക് ദാനമായി തന്ന ദൈവത്തെ മറന്നു പോകുന്നു . നന്മയെ മറന്നു തിന്മയ്ക്കു പിന്നാലെ ഓടിക്കൊണ്ടിരിക്കുന്ന മനുഷ്യർക്കിടയിൽ തങ്ങൾക്കു കിട്ടിയ സൌകര്യങ്ങൾ ദൈവ മഹത്വത്തിനായി എങ്ങനെ പ്രയോജനപെടുത്താം എന്നു ചിന്തിച്ചു അതിനു വേണ്ടി തങ്ങളുടെ സമയവും കഴിവും മാറ്റി വയ്ക്കുന്ന മറ്റൊരു സമൂഹവും നമുക്കിടയിൽ തന്നെയുണ്ട്‌ , നാം പലപ്പോഴും അങ്ങനെയുള്ള കാര്യങ്ങൾ അറിയാൻ ശ്രമിക്കാറില്ല .

നിങ്ങൾ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രസന്ഗിക്കുവിൻ എന്ന മഹത് വചനം അന്വർത്ഥമാക്കും വിധത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുവിശേഷം എത്തിക്കാൻ ഇന്നു വളരെയധികം വളർന്നു കൊണ്ടിരിക്കുന്ന ഒരു സ്നേഹകൂട്ടായ്മ ആണു സ്കൈപ്പ് പ്രാർത്ഥന കൂട്ടായ്മ , വിവിധ രാജ്യങ്ങളിൽ ജോലി ചെയുന്ന ദൈവമക്കൾ എല്ലാ ദിവസവും നിശ്ചിത സമയങ്ങളിൽ സ്കൈപ്പിൽ ഒത്തു കൂടി ഒന്നിച്ചു പ്രാർത്ഥിക്കുന്നു . ആദ്യമായി കേൾക്കുന്നവർക്ക് ഒരു അതിശയമായി തോന്നുമെങ്കിലും നാടും വീടും വിട്ടു അന്യ രാജ്യങ്ങളിൽ കഴിയുന്നവർക്ക് കർത്താവു നല്കിയ വലിയ ഒരു അനുഗ്രഹമാണ് ഈ കൂട്ടായ്മ . പ്രവാസികൾ എപ്പോഴും ഒറ്റപെടലിന്റെ വേദനയിൽ കഴിയുന്നവരാണ് , അവരുടെ ഏകാന്തതയിൽ ആശ്വാസമായി മാറാൻ ഈ പ്രാർത്ഥന കൂട്ടായ്മയ്ക്ക് വളരെ വേഗം കഴിഞ്ഞു എന്നതു സന്തോഷകരമായ വസ്തുതയാണ് . ഒരു ദിവസത്തിൽ പല സമയങ്ങളിൽ കൂട്ടായ്മകൾ ഉള്ളതുകൊണ്ട് ഓരോരുത്തർക്കും തങ്ങളുടെ ജോലിക്കു ശേഷം സൗകര്യ പ്രധാനമായ സമയങ്ങൾ തിരഞ്ഞെടുക്കാവുന്നതാണ് .ജപമാലയും, സ്തുതി ആരാധനയും , വചനം പങ്കു വെയ്ക്കലിലുമൊക്കെ
ഇവിടെ എല്ലാവരും ഒരു മനസോടെ ഒന്നു ചേരുന്നു . കൂടുതൽ ആഴത്തിൽ ദൈവം വചനം പകർന്നു നല്കാൻ ദൈവത്താൽ അഭിഷിക്തരായ വൈദികരും , ഈശോ തെരഞ്ഞെടുത്ത സുവിശേഷകരും ഈ കൂട്ടായ്മകളിൽ എത്തിച്ചേരുന്നതോടെ കൂട്ടായ്മകൾ പലപ്പോഴും ധ്യാനത്തിന്റെ അനുഭവം നല്കുന്നു . മധ്യസ്ഥ പ്രാർത്ഥനയാണ് ഈ കൂട്ടായ്മകളുടെ മറ്റൊരു അനുഗ്രഹം . പരസ്പരം കണ്ടിട്ടില്ലാത്തവർ , കൂട്ടായ്മയിലൂടെ ശബ്ദം കൊണ്ട് മാത്രം പരസ്പരം അറിയാവുന്നവർ മറ്റുള്ളവർക്ക് വേണ്ടി എല്ലാവരുടെയും ആവശ്യങ്ങള്ക്ക് വേണ്ടി പരസ്പരം പ്രാർത്ഥിക്കുന്നു . ഈ സ്നേഹകൂട്ടായ്മ ഈശോയ്ക്കു വളരെയധികം പ്രിയപെട്ടതായി കഴിഞ്ഞു എന്നതിന്റെ തെളിവാണ് കൂട്ടായ്മയിൽ സംഭവിച്ചു കൊണ്ടിരിക്കുന്ന രോഗ ശാന്തി അടക്കമുള്ള അത്ഭുതങ്ങളും അടയാളങ്ങളും .എല്ലാ മാസത്തിലെയും ഒരു വെള്ളിയാഴ്ച രാത്രി ആരാധന നടത്തുന്നു എന്നതും കൂട്ടായ്മയുടെ പ്രത്യേകതയാണ് . ഓരോ മാസത്തിലെയും,ആരാധനയ്ക്ക് മുന്നോടിയായി കൂട്ടായ്മയിലെ സഹോദരങ്ങൾ ഉപവസമെടുത്തു പ്രാർത്ഥിക്കുന്നതും ആരാധനയെ അനുഗ്രഹ പൂർണമാക്കി തീർക്കുന്നു . കൂട്ടായ്മയിലെ ഒരാളുടെ വിഷമം എല്ലാവരും സ്വന്തം കാര്യമായി ഹൃദയത്തിൽ ഏറ്റെടുത്തു ദൈവത്തോട് അപേക്ഷിക്കുമ്പോൾ ആ പ്രാർത്ഥന ദൈവസന്നിധിയിൽ അമൂല്യമായി തീരുന്നു . ഇസ്രയേൽ , അയർലണ്ട് , കാനഡ ,ടർക്കി , ജർമ്മനി , ഇറ്റലി ,സ്പയിൻ ,ഖത്തർ , ദുബായ് , സൌദി ,ഇന്ത്യ ,കുവൈറ്റ്‌ , മസ്കറ്റ് തുടങ്ങി വിവിധങ്ങളായ രാജ്യങ്ങളിൽ നിന്നും ദൈവത്താൽ തെരെഞ്ഞെടുക്കപെട്ട മക്കളാണ് ഒരുമയോടെ ഈ കൂട്ടായ്മകളെ ഉയർത്തി കൊണ്ട് വരുന്നത് . തങ്ങൾക്കുണ്ടായിരുന്ന ജോലിയും തങ്ങളുടെ വിലപെട്ട സമയവും ഈശോയ്ക്കു വേണ്ടി മാറ്റി വെച്ചു , ദൈവ രാജ്യത്തിനു വേണ്ടി പ്രവർത്തിക്കുന്ന മക്കളാണ് സ്കൈപ്പ് കൂട്ടായ്മയെ നയിക്കുന്നതു .കാശിനും പ്രശസ്തിക്കും പിന്നാലെ ഓടി, നമ്മെ ഈ ലോകത്തിലേക്ക്‌ അയച്ചവനെയും നമ്മുടെ ദൌത്യത്തെയും മറന്നു സുഖങ്ങൾക്ക് വേണ്ടി മാത്രം ജീവിക്കുന്ന സമൂഹത്തിനിടയിൽ നന്മയുടെ പ്രകാശമായി മാറാൻ ഇതുപോലെയുള്ള കൂട്ടായ്മമകൾക്ക്‌ കഴിയട്ടെ ,

ആധുനിക സാങ്കേതിക വിദ്യയിലൂടെയാണ് അനേകം പേരെയും ദുഷ്ടൻ തന്റെ അടിമകളാക്കി തീർക്കുന്നത് , ഓർക്കുക , നന്മയും തിന്മയും നമ്മുടെ വിരൽ തുമ്പിൽ ഉണ്ട് , വിവേകത്തോടെ തിരഞ്ഞെടുക്കേണ്ടത് നാം ഓരോരുത്തരുമാണ് .ദൈവ മക്കളായ നാം ഓരോരുത്തരും ഈ ഭൂമിയിൽ സൃഷ്ടിക്കപെട്ടത്‌ വ്യക്തമായ ലക്ഷ്യത്തോടെയാണ് എന്ന കാര്യം മറക്കാതിരിക്കുക , സ്വർഗീയ ഭവനത്തിലേക്കുള്ള നമ്മുടെ യാത്ര മാത്രമാണ് ഈ ഭൂമിയിലെ ജീവിതം . , സ്വർഗത്തിലേക്കുള്ള യാത്ര ഒരിക്കലും എളുപ്പമാവില്ല , വഴിയിൽ കല്ലുകളും മുള്ളുകളും ഉണ്ടാവും , തളർന്നു വീഴുമ്പോൾ തോളിലേറ്റാൻ കർത്താവു കൂടെ ഉണ്ടെങ്കിൽ ഒട്ടും ഭയക്കാനില്ല ഈശോയുടെ കൈ ചേർത്ത് മുറുകെ പിടിച്ചു കൊണ്ട് ഓരോ ചുവടും വെയ്ക്കുക , കാലിടറി വീഴാതെ ലക്ഷ്യത്തിൽ എത്തിച്ചേരാൻ നമുക്ക് സാധിക്കട്ടെ


ബെസി നെവിൽ 

0 comments:

Post a Comment