Monday, August 12, 2013

ചുവന്ന മണ്ണിന്റെ വിശുദ്ധൻ

''ഞാൻ മരണം കാത്തിരിക്കുന്നു, അക്ഷമയോടെ കാത്തിരിക്കുന്നു. എന്റെ അധ്വാനത്തിനും വേദനകൾക്കുമുള്ള ഏറ്റവും വലിയ പാരിതോഷികമായി ഇന്ന് അത് മാറിയിരിക്കുന്നു.'' ജയിലിൽനിന്ന് ലഭിച്ച ഒരു തുണ്ടു പേപ്പറിൽ 1693 ഫെബ്രുവരി 3-ന് ജോൺ ഡി. ബ്രിട്ടോ തന്റെ സുപ്പീരിയർ അച്ചന് എഴുതിയ വാക്കുകളാണിത്. പിറ്റേദിവസം അദ്ദേഹം ശിരച്ഛേദം ചെയ്യപ്പെട്ടു.
പരിശുദ്ധാത്മാവിന്റെ അഗ്നി ഹൃദയത്തെ ജ്വലിപ്പിച്ചപ്പോൾ പോർട്ടുഗലിലുണ്ടായിരുന്ന രാജകീയ സ്ഥാനങ്ങളും സമ്പത്തും പേരും പ്രശസ്തിയുമെല്ലാം ഉപേക്ഷിച്ച്, തമിഴ്‌നാട്ടിലെ സാധാരണ ജനങ്ങളുടെ ഇടയിലേക്ക് സു വിശേഷവുമായി വന്ന ഈശോസഭാ വൈദികനാണ് വിശുദ്ധ ജോൺ ഡി. ബ്രിട്ടോ. തദ്ദേശീയരായ ജനങ്ങളോട് സുവിശേഷം പ്രസംഗിക്കുവാൻ അവരുടെ ഭാഷ സ്വായത്തമാക്കിയ ഈ യുവ വൈദികൻ അരുളാനന്ദർ എന്ന പേര് സ്വീകരിച്ചു. താൻ സുവിശേഷം പ്രസംഗിക്കുന്ന ജ നതയുടെ സംസ്‌കാരത്തോട ് കൂടുതൽ താദാത്മ്യം പ്രാപിക്കുവാൻ ഒരു പൂർണ സസ്യഭുക്കായി മാറിയ അദ്ദേഹം ക്രമേണ അവരിലൊരാളായിത്തീർന്നു.

ഭാരതീയ സംസ്‌കാരത്തിൽ ഉറച്ചുനിന്നുകൊണ്ടു ക്രിസ്തുവിനെ പ്രഘോഷിക്കുന്ന മധുര മിഷനിൽ ജോൺ ഡി ബ്രിട്ടോ വലിയ പങ്ക് വഹിച്ചു. തഞ്ചാവൂരും മധുരയിലും മാറവയിലും ഒരു ഹൈന്ദവ സന്യാസിയുടെ വേഷത്തിൽ ചുററിസഞ്ചരിച്ച വിശുദ്ധൻ ആ ദേശത്തെ ജനങ്ങൾക്ക് സ്വീകാര്യമാകുന്ന വിധത്തിൽ സുവിശേഷ ദർശനങ്ങൾ അവതരിപ്പിച്ചു.

ജോൺ ഡി. ബ്രിട്ടോയുടെ പ്രബോധനം വഴിയായി തടിയതേവൻ എന്ന മാറവ രാജകുമാരൻ ക്രിസ്തുമതം സ്വീകരിച്ചു. ആ പരിവർത്തനമാണ് വിശുദ്ധന്റെ രക്തസാക്ഷിത്വത്തിൽ കലാശിച്ചത്. തടിയതേവന് പല ഭാര്യമാരുണ്ടായിരുന്നു. അതിൽ ഒരാളെ മാത്രം സ്വീകരിക്കണമെന്നും മറ്റുള്ളവരെ ഒഴിവാക്കണമെന്നുമുളള സ്ഥിതി വന്നപ്പോൾ പ്രശ്‌നങ്ങൾ ആരംഭിച്ചു. അയൽരാജ്യത്തെ രാജാവായിരുന്ന സേതുപതിയുടെ അനന്തരവളും തടിയതേവന്റെ ഭാര്യമാരിൽ ഒരാളായിരുന്നു. ഈ പ്രശ്‌നങ്ങൾക്കെല്ലാം കാരണം ജോൺ ഡി. ബ്രിട്ടോയുടെയും മറ്റു മിഷനറിമാരുടെയും പ്രവർത്തനങ്ങളാണെന്നറിഞ്ഞ സേതുപതി ക്രിസ്ത്യാനികൾക്കെതിരേ മതമർദ്ദനം ആരംഭിച്ചു. 1693 ഫെബ്രുവരി 4-ാം തിയതി രാമനാഥപുരത്തിനടുത്തുള്ള ഒറിയൂരിൽ വിശുദ്ധൻ ശിരച്ഛേദം ചെയ്യപ്പെട്ടു. വിശുദ്ധന്റെ രക്തം വീണ പ്രദേശത്തെ മണ്ണ് ചുവന്ന നിറമുള്ളതായി മാറി. അതിനാൽ ഇന്നും ചുവന്ന മണ്ണിന്റെ വിശുദ്ധൻ എന്ന് ജോൺ ഡി. ബ്രിട്ടോ അറിയപ്പെടുന്നു. 
1986-ൽ ജോൺ പോൾ രണ്ടാമൻ മാർപ്പാപ്പ ഭാരതം സന്ദർശിച്ചപ്പോൾ, വിശുദ്ധന്റെ തിരുനാൾ ദിനമായ ഫെബ്രുവരി 4-ന് അർപ്പിച്ച ദിവ്യബലി മധ്യേ ഇപ്രകാരം പറഞ്ഞു: ''അദ്ദേഹത്തിന്റെ ക്ഷമാപൂർവ്വമായ അധ്വാനവും സ്വാർത്ഥതയില്ലാത്ത ഉത്സാഹവും ദരിദ്രരോടുള്ള ആത്മാർത്ഥമായ സ്‌നേഹവും ജനങ്ങളിൽ വിശ്വാസം ജനിപ്പിച്ചു. ക്രിസ്തുവിനെപ്പോലെ വിശുദ്ധനും വിവാദവിഷയമായ അടയാളമായിരുന്നു. അദ്ദേഹത്തിന്റെ വിജയം പലരുടെയും എതിർപ്പിനും അസൂയക്കും കാരണമായി. തത്ഫലമായി ജോൺ ഡി ബ്രിട്ടോ 1693 ഫെബ്രുവരി 11-ന ് രക്തസാക്ഷിത്വം വരിച്ചുകൊണ്ട്  ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു.'' 

മാർപ്പാപ്പയുടെ വാക്കുകൾ വിശുദ്ധന്റെ ജീവിതത്തിന്റെ രത്‌നച്ചുരുക്കമാണ്. നീണ്ട പതിനെട്ടു വർഷം ഇന്ത്യയിൽ പ്രത്യേകിച്ചും, തമിഴ്‌നാടിന്റെ വിവിധഭാഗങ്ങളിൽ ജോൺ ഡി. ബ്രിട്ടോ ക്രിസ്തുവിനുവേണ്ടി തളരാതെ അധ്വാനിച്ചു. ക്രൂശിതന്റെ പാത പിന്തുടർന്ന ജോൺ തന്റെ ജീവൻ കൊടുത്തുകൊണ്ട് ഭാരതമണ്ണിൽ ക്രിസ്തുവിന് സാക്ഷ്യം വഹിച്ചു. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടിയ 1947-ൽത്തന്നെ പയസ് 12-ാമൻ മാർപ്പാപ്പ അദ്ദേഹത്തെ വിശുദ്ധനായി ഉയർത്തിയത് ദൈവനിയോഗമാകാം.

0 comments:

Post a Comment