Thursday, July 11, 2013

പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കാൻ

എങ്ങനെയാണ് പ്രാർത്ഥിക്കേണ്ടതെന്ന് നമുക്ക് അറിയില്ല. നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു. അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവ് നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിച്ച് പ്രാർത്ഥിക്കുന്നു (റോമാ 8:20). എങ്ങനെ പ്രാർത്ഥിക്കണമെന്ന് അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. നാം പലപ്പോഴും പ്രാർത്ഥിച്ചിട്ട് ഫലം ലഭിക്കാത്തതിന്റെ കാരണം യാക്കോബ്ശ്ലീഹാ പറയുന്നു. നിങ്ങൾ ചോദിച്ചിട്ടും നിങ്ങൾക്ക് ലഭിക്കുന്നില്ലായെങ്കിൽ നിങ്ങളുടെ ദുരാശകളെ തൃപ്തിപ്പെടുത്താൽ തിന്മയായിട്ടുള്ളവ ചോദിക്കുന്നതുകൊണ്ടാണ് (യാക്കോ.4:3). 

എങ്ങനെ ചോദിക്കാം
പുത്രനെന്ന അവകാശത്തോടെ പിതാവെന്ന ബഹുമാനം കൊടുത്തുകൊണ്ട് വേണം ചോദിക്കാൻ. പുത്രനെങ്കിൽ ദൈവഹിതമനുസരിച്ച് അവകാശിയാണ് (ഗലാത്തിയ 4:7). നാം മക്കളെങ്കിൽ അവകാശികളാണ് (റോമാ 8:7) എന്ന ഉറച്ച ബോധ്യം ഉണ്ടായിരിക്കണം. അപ്പോൾ ദൈവം തന്റെ മഹത്വത്തിന്റെ സമ്പന്നതയിൽനിന്ന് യേശുക്രിസ്തുവഴി എല്ലാം നല്കും (ഫിലി.4:19).

ഒരു കാര്യത്തിലും ആകുലത വേണ്ട
നിങ്ങൾ ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട, പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ (ഫിലി.4:8). നിങ്ങൾ അപേക്ഷകളോടും യാചനകളോടും കൂടെ ആത്മാവിൽ പ്രാർത്ഥനാ നിരതരായിരിക്കുവിൻ (എഫേ. 6:18). കൃതജ്ഞതാനിർഭരരായി നിരന്തരം ഉണർന്നിരുന്ന് പ്രാർത്ഥിക്കുവിൻ (കൊളോ.4:2).

എന്തിനെല്ലാം പ്രാർത്ഥിക്കണം
എപ്പോഴും സന്തോഷത്തോടെയിരിക്കുവിൻ. ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാ കാര്യത്തിലും നന്ദി പ്രകാശിപ്പിക്കുവിൻ (1 തെസ.5:16). എല്ലാവർക്കുംവേണ്ടി അപേക്ഷകളും യാചനകളും മാധ്യസ്ഥ്യപ്രാർത്ഥനകളും ഉപകാരസ്മരണകളും അർപ്പിക്കുവിൻ (1 തിമോത്തി 2:1). പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നതെന്തും ലഭിക്കും (മർക്കോ.11:24) എന്ന വിശ്വാസത്തോടുകൂടി വേണം പ്രാർത്ഥിക്കാൻ. ഇങ്ങനെ വിശ്വാസത്തോടെ നാം ചോദിച്ചുകൊണ്ട് ദൈവത്തിന്റെ ശക്തമായ കരത്തിൻ കീഴെ താഴ്മയോടെ നില്ക്കുമ്പോൾ (1 പത്രോസ് 5:6) സ്വീകാര്യമായ സമയത്ത് നമ്മുടെ പ്രാർത്ഥന കേൾക്കും.

പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കാത്തതിന്റെ കാരണം റോമാ ലേഖനത്തിലൂടെ ശ്ലീഹാ വ്യക്തമാക്കുന്നുണ്ട്. ദൈവത്തിന്റെ ഭാഗത്ത് അനീതിയുണ്ടെന്നോ? ഒരിക്കലുമില്ല. എനിക്ക് ദയ തോന്നുന്നവനോട് ഞാൻ ദയയും അനുകമ്പ തോന്നുന്നവനോട് അനുകമ്പയും കാണിക്കും (റോമാ 9:14-15). വീണ്ടും മത്തായിയുടെ സുവിശേഷത്തിൽ ഒന്നാം മണിക്കൂറിലും മൂന്നാം മണിക്കൂറിലും ആറാം മണിക്കൂറിലും വേലക്ക് വന്നവർക്ക് ഒരേ കൂലിതന്നെ കൊടുത്തപ്പോൾ ഒന്നാം മണിക്കൂറിൽ വന്നവൻ പിറുപിറുക്കുന്നതായി കാണുന്നു. അപ്പോൾ, യജമാനൻ അവരോട് പറഞ്ഞു, എന്റെ വസ്തുവകകൾ എനിക്കിഷ്ടമുള്ളവർക്ക് കൊടുക്കാൻ എനിക്കധികാരമില്ലെന്നോ? ഞാൻ നല്ലവനായതുകൊണ്ട് നിങ്ങളെന്തിന് അസൂയപ്പെടുന്നു (മത്താ. 20:15). ഇന്നുമുതൽ ഇതായിരിക്കട്ടെ നമ്മുടെ പ്രാർത്ഥന- കർത്താവേ, കരുണ തോന്നണമേ, ദയ തോന്നണമേ, അനുകമ്പ തോന്നണമേ.

ഹൃദയവിചാരങ്ങൾ പങ്കിടണം
1 സാമുവൽ ഒന്നാം അധ്യായത്തിൽ ഹന്നായെ നാം കണ്ടുമുട്ടുന്നുണ്ട്. മക്കളില്ലാത്തതിനാൽ അവളുടെ സപത്‌നി അവളെ വേദനിപ്പിക്കുകയും പ്രകോപിപ്പിക്കുകയും ചെയ്തുവന്നിരുന്നു. കർത്താവിനോട് അവൾ ഹൃദയം നൊന്ത് പ്രാർത്ഥിച്ചു (1 സാമു. 1:11) അവൾ ഹൃദയത്തിലാണ് പ്രാർത്ഥിച്ചുകൊണ്ടിരുന്നത്. അധരം മാത്രമേ ചലിച്ചിരുന്നുള്ളൂ. ശബ്ദം പുറത്തു വന്നതുമില്ല. അതിനാൽ, പുരോഹിതനായ ഏലി അവളെ കുറ്റപ്പെടുത്തിക്കൊണ്ട് പറഞ്ഞു, നീ എത്രനേരം ഉന്മത്തയായിരിക്കും. നിന്റെ ലഹരി അവസാനിപ്പിക്കുക. അവൾ പറഞ്ഞു; ഗുരോ, വളരെയധികം ഹൃദയവേദന അനുഭവിക്കുന്നവളാണ് ഞാൻ. വീഞ്ഞോ ലഹരിപാനീയങ്ങളോ ഞാൻ കഴിച്ചിട്ടില്ല. കർത്താവിന്റെ മുൻപിൽ എന്റെ ഹൃദയവിചാരങ്ങൾ ഞാൻ പകരുകയായിരുന്നു (1 സാമു.1-12). തുടർന്ന് വായിക്കുമ്പോൾ ദൈവം അവളുടെ പ്രാർത്ഥന കേട്ട് പുത്രനെ നല്കി അനുഗ്രഹിച്ചതായും കാണാം.

ഹെസക്കിയുടെ പ്രാർത്ഥന
സങ്കീ. 119:26 ൽ നമ്മുടെ അവസ്ഥകൾ കർത്താവിന്റെ മുൻപിൽ തുറന്നുവയ്ക്കുക എന്ന വചനം കാണാം. രോഗാവസ്ഥയിൽ മരിക്കാറായ ഹെസക്കിയ ചുമരിലേക്ക് മുഖം തിരിച്ച് പ്രാർത്ഥിച്ചു. ദുഃഖത്തോടെ കരയുകയും ചെയ്തു. അവന്റെ പ്രാർത്ഥന കേട്ട് ആയുസ് 15 വർഷം നീട്ടിക്കൊടുത്തു (2 രാജാ.20:10-11). ഇതുപോലുള്ള പ്രാർത്ഥനകൾ നമ്മിൽനിന്ന് ഉയരാറില്ല. എനിക്ക് എന്താണിങ്ങനെ- അവൾ എന്തുകൊണ്ട് അങ്ങനെ എന്ന് ചിന്തിക്കുന്നവരാണധികവും. വിശ്വാസത്തോടെയുള്ള പ്രാർത്ഥന രോഗിയെ സുഖപ്പെടുത്തും എന്ന് വചനം പറയുന്നു. അതാണല്ലോ തളർവാതരോഗിയുടെ കാര്യത്തിൽ നാം കണ്ടതും. അവന്റെ മാത്രം വിശ്വാസമല്ല, ഒപ്പമുള്ളവരുടെ വിശ്വാസത്തെപ്പോലും ദൈവം മാനിക്കുന്നതായി കാണാം (മത്താ. 9:1-8, മർക്കോ. 2:112, ലൂക്കാ 5:17-26). അതുകൊണ്ട് എല്ലാവർക്കുംവേണ്ടി അപേക്ഷകളും യാചനകളും മധ്യസ്ഥ പ്രാർത്ഥനകളും നടത്താൻ പൗലോസ് ശ്ലീഹാ നമ്മെ ഓർമപ്പെടുത്തുന്നു (1 തിമോത്തി 2:1).

ക്ഷമിച്ച് പ്രാർത്ഥിക്കണം
തന്നെയും ദൈവത്തെയും അധിക്ഷേപിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്ത തന്റെ സ്‌നേഹിതന്മാർക്കുവേണ്ടി ജോബ് ക്ഷമിച്ച് പ്രാർത്ഥിച്ചപ്പോൾ അവനുണ്ടായിരുന്ന ഐശ്വര്യം കർത്താവ് ഇരട്ടിയായി തിരികെ കൊടുത്തു (ജോബ് 42:10). ദുഃഖഭാരത്താലും ഹൃദയവ്യഥയാലും മരിക്കാറായ രണ്ട് പേരുടെ പ്രാർത്ഥനയ്ക്ക് ദൈവം ഉത്തരം കൊടുക്കുന്നത് ബൈബിളിൽ കാണുന്നു. ഒരേസമയം സാറായും തോബിത്തും ദൈവസന്നിധിയിൽ തങ്ങളുടെ ആവലാതികളും ദുഃഖങ്ങളും ചൊരിഞ്ഞുകൊണ്ട് മരിക്കാൻ ആഗ്രഹിക്കുന്നു. ദൈവം അവരുടെ പ്രാർത്ഥനയ്ക്ക് ഉത്തരം നല്കാനും അവരെ രക്ഷിക്കാനും വേണ്ടി തന്റെ മുഖ്യദൂതന്മാരിലൊരാളായ റാഫേൽ മാലാഖയെ അനനിയാസ് എന്ന പേരിൽ നിയോഗിച്ചയക്കുന്നു. ഇങ്ങനെ നമ്മുടെ കൂടെ വരുന്ന ദൈവത്തെ ബൈബിളിൽ പല സ്ഥലത്തും കാണാൻ കഴിയും.

പ്രത്യാശയോടെ പ്രാർത്ഥിക്കണം
എനിക്കിതു ചെയ്തുതരാൻ കഴിയുമെന്ന് നീ വിശ്വസിക്കുന്നുവോ എന്ന് അന്ധനോട് ചോദിച്ച യേശു (മത്താ.9:28) നമ്മോടും ഇതുതന്നെ ചോദിക്കുന്നു. നീ വിശ്വസിക്കുന്നു വോ? നിനക്കൊരു ജോലി ലഭിക്കാൻ, സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറാൻ, വിവാഹം നടക്കാൻ, രോഗം മാറാൻ, സൗഖ്യം ലഭിക്കാൻ, രക്ഷിക്കപ്പെടാൻ എന്നിവയ്ക്കുവേണ്ടി നീയും വിശ്വസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നുണ്ടോ? എങ്കിൽ നമ്മുടെ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിച്ചുകഴിഞ്ഞു.

പ്രാർത്ഥന കേൾക്കാൻ
1. ചോദിക്കുമ്പോൾ ദൈവം എന്നെ അ നുഗ്രഹിക്കും എന്ന പ്രതീക്ഷ വേണം. 
2. തകർച്ചയുടെ നടുവിൽ നിന്നുപോ ലും ഈശോയെ സ്തുതിക്കാൻ കഴിയണം-ഉദാ: ജോബ്. 
3. ചോദിക്കുന്നതെന്തും ലഭിക്കുമെന്ന പ്രത്യാശ വേണം- അന്ധനെപ്പോലെ.
4.ക്ഷമയോടെ കാത്തിരിക്കണം- അ ബ്രാഹം കാത്തിരുന്നതുപോലെ.
5. ലഭിച്ചു കഴിഞ്ഞുവെന്ന് കരുതി ചോ ദിക്കണം- ലാസറിന്റെ കുഴിമാടത്തിലെ യേശുവിന്റെ പ്രാർത്ഥന.
6. പിടിവാശി വേണം- തന്നോട് മല്ലടി ച്ച ദൈവദൂതനോട് അനുഗ്രഹിച്ചാല ല്ലാതെ പറഞ്ഞയയ്ക്കുകയില്ലെന്ന് വാ ശിപിടിക്കുന്ന പൂർവയാക്കോബ്.
7. കർത്താവിന് മനസാകാൻ അപേക്ഷിക്കണം- കുഷ്ഠരോഗി യാചിച്ചതുപോലെ.
8. കർത്താവ് കടന്നുവന്നില്ലെങ്കിലും അ വന്റെ ഒരു വാക്ക് മതിയെന്ന ബോധ്യം - ശതാധിപന്റെ വിശ്വാസം.
9. നമ്മുടെ പാപങ്ങൾ ക്ഷമിക്കപ്പെടണം- തളർവാതരോഗിയുടേതുപോലെ.
10. കർത്താവ് കനിയാൻ കാത്തിരിക്കണം- അപസ്മാര രോഗിയുടെ പിതാവും ബർതിമേയൂസും ചെയ്തതുപോലെ.       
11. യേശുവിന്റെ വസ്ത്രത്തിലെങ്കിലും തൊട്ടാൽ മതിയെന്ന രക്തസ്രാവക്കാരിയുടെ വിശ്വാസം.
12. നീതിനിഷ്ഠരും കർത്താവിന്റെ പ്രമാണങ്ങളും കല്പനകളും കുറ്റമറ്റവിധം അനുസരിക്കുന്നവരുമാകണം- സഖറിയ-ഏലിസബത്തിനെപ്പോലെ.
13. യേശുവിന്റെ വചനങ്ങൾ കേട്ട് അവന്റെ പാദത്തിങ്കൽ ഇരിക്കണം- മറിയത്തെപ്പോലെ.
14. പാപാവസ്ഥ വിട്ടെറിഞ്ഞ് പിതാവിന്റെ അടുക്കലേക്ക് ചെല്ലണം- ധൂർത്ത പുത്രനെപ്പോലെ.
15. കർത്താവിനെ പ്രാർത്ഥനയിലൂടെ ശല്യം ചെയ്യണം- അതായത് വീണ്ടും വീണ്ടും പ്രാർത്ഥിച്ച് ഉത്തരം ലഭിക്കുന്നതുവരെ തുടരണം- നീതിരഹിതനായ ന്യായാധിപന്റെ അടുക്കൽ നീതി തേടിയ വിധവയുടെ സമീപനം.
16. ദൈവസന്നിധിയിലേക്ക് നോ ക്കാൻപോലും ഭയപ്പെട്ട് എളിമയോടെ പ്രാർത്ഥിക്കണം- ചുങ്കക്കാരന്റെ രീതി.
17. ശിശുക്കളെപ്പോലെ നിർമലരാകണം.
18. പാപങ്ങൾക്ക് പ്രായശ്ചിത്തം ചെയ്യണം- സക്കേവൂസിനെപ്പോലെ.
19. പരിശുദ്ധ അമ്മയോട് മാധ്യസ്ഥ്യം യാചിക്കണം- കാനായിലെ കല്യണവിരുന്ന്.
20. ഉപവസിക്കുകയും വിലപിക്കുകയും ചെയ്ത് പ്രാർത്ഥിക്കണം-നെഹമിയായെപ്പോലെ.

0 comments:

Post a Comment