Thursday, July 11, 2013

ജപമാല ജപിച്ച കൈകൾ റിമോട്ടിലമർന്നപ്പോൾ!


ഒരു ധ്യാനാവസരത്തിൽ കൗൺസലിംഗിനെത്തിയ യുവാവ് തന്റെ കുടുംബത്തിൽ കുടുംബപ്രാർത്ഥനയില്ലായെന്ന് സമ്മതിച്ചു. ജീസസ് യൂത്തിൽ സജീവമായി പ്രവർത്തിക്കുന്ന ആ യുവാവിനോട് ഞാനതേക്കുറിച്ച് ചോദിച്ചപ്പോൾ കണ്ണീരോടെ അവൻ പറഞ്ഞതിതാണ്. കുടുംബപ്രാർത്ഥന മുടങ്ങാനുള്ള കാരണം പല വീടുകളിലേതുംപോലെ ടി.വിയുടെ അമിത ഉപയോഗമാണ്. ഇങ്ങനെ എഴുതുമ്പോൾ മിക്കവാറും ഇതു വായിക്കുന്ന എല്ലാവരുംതന്നെ ചിന്തിച്ചിട്ടുണ്ടാകും ആ വീട്ടിലെ കുട്ടികളായിരിക്കും ടി.വി സ്‌ക്രീനിനുമുൻപിൽ തപസിരിക്കുന്നതെന്ന്. ഇവിടെ അങ്ങനെയല്ല കഥ. വല്യമ്മച്ചിയാണ് ആ വീട്ടിൽ ടി.വി കാണലിന് നേതൃത്വംകൊടുക്കുന്നത്. രാത്രിയിൽ പ്രാർത്ഥന അർപ്പിക്കപ്പെടേണ്ട സമയത്ത് ടി.വിയിൽ രണ്ടോ മൂന്നോ തുടർ സീരിയലുകൾ ഉണ്ടുപോലും. വല്യമ്മച്ചിക്ക് അത് കാണാതിരിക്കാൻ വയ്യ. ഒരു ദിവസമെങ്കിലും അതു മുടങ്ങിയാൽ വല്യമ്മച്ചി അസ്വസ്ഥയാകും. ഞായറാഴ്ചദിവസം വിശുദ്ധ കുർബാന മുടങ്ങിയാൽ ഉള്ളതിനെക്കാൾ ഇച്ഛാഭംഗമാണ് ദിവസേനയുള്ള സീരിയലുകൾ മുടങ്ങിയാൽ വല്യമ്മച്ചിക്ക്. സീരിയലുകൾ അവസാനിച്ചതിനുശേഷം അത്താഴമൂണായി. അതും കഴിഞ്ഞതിനുശേഷം ആർക്കും പ്രാർത്ഥന ചൊല്ലാനുള്ള മൂഡ് ഉണ്ടാവുകയില്ല. പിന്നെയും ടി.വിതന്നെ ശരണം. യുവാവ് നിർബന്ധിച്ച് പ്രാർത്ഥന ആരംഭിച്ചാൽ പ്രാ ർത്ഥന തുടങ്ങുന്നതിന് മുൻപ് എല്ലാവരും പറയും സമയം ഒത്തിരിയായി അതുകൊണ്ട് കൊന്തയുടെ ഒരു രഹസ്യം ചൊല്ലി നിർത്താമെന്ന്. ആ കരാറിലേ വീട്ടിൽ കാലങ്ങളായി സന്ധ്യാപ്രാർത്ഥന നടത്താറുള്ളൂ. അല്പം രാഷ്ട്രീയവും ബാക്കി മദ്യക്കൂട്ടുകെട്ടും കഴിഞ്ഞ് വരുന്ന വീട്ടിലെ അപ്പച്ചന് ഇതൊന്നും പ്രശ്‌നമേയല്ല... ജീസസ് യൂത്തിലെ പരിശീലനംകൊണ്ട് പ്രാർത്ഥനാ സ്വഭാവമാർജിച്ച ആ യുവാവ് പറഞ്ഞു: ''ഞാനെത്ര പറഞ്ഞാ ലും അവിടെ ഒരു മാറ്റവും സംഭവിക്കുകയില്ല. മാത്രമല്ല, സീരിയലിന്റെ സമയത്ത് പ്രാർത്ഥനയുടെ കാര്യം പറഞ്ഞ് ശല്യപ്പെടുത്തിയാൽ വല്യമ്മച്ചിയുടെ ചെവി പൊട്ടിക്കുന്ന ശകാരവും കേൾക്കും. അതുകൊണ്ട് ഞാനിപ്പോൾ അതിനു ശ്രമിക്കാറില്ല.'' നിറഞ്ഞൊഴുകുന്ന മിഴികളോടെ യുവാവ് പറഞ്ഞുനിർത്തി. ഈ ഭവനത്തെക്കുറിച്ച് കർത്താവിന് പറയാനുള്ളതാണ് ഇതാണ്: ''എന്റെ ജനം രണ്ടു തിന്മകൾ പ്രവർത്തിച്ചു. ജീവജലത്തിന്റെ ഉറവയായ എന്നെ അവർ ഉപേക്ഷിച്ചു; ജലം സൂക്ഷിക്കാൻ കഴിവില്ലാത്ത പൊട്ടക്കിണറുകൾ കുഴിക്കുകയും ചെയ്തു'' (ജറെ.2:13).
പ്രാർത്ഥനയുടെ താക്കോൽ


ഞാനെന്റെ ചെറുപ്പകാലത്തിലേക്ക് ഒന്നെത്തിനോക്കി. പള്ളിയിൽ സന്ധ്യാമണി അടിച്ചാൽ വീ ട്ടിലെ കുട്ടികളെയെല്ലാം ഒരുമിച്ചുകൂട്ടി കർത്താവിന്റെ മാലാഖ എന്ന ത്രികാലജലം ചൊല്ലിക്കാനും ദൈ വവചനം വായിപ്പിക്കാനും നേതൃ ത്വം നല്കിയിരുന്നത് വല്യമ്മച്ചിയായിരുന്നു. ചുറ്റുപാടുമുള്ള മറ്റു ക്രിസ്തീയ ഭവനങ്ങളിലും അങ്ങനെതന്നെ. വല്യപ്പച്ചന്മാരുടെ സജീവമായ സഹകരണം അതിന്റെ പിന്നിലുണ്ടായിരുന്നു. എത്ര അച്ചടക്കത്തോടെ മുട്ടിന്മേൽനിന്നുകൊണ്ടാണ് അന്ന് ജപമാലയർപ്പിച്ചിരുന്നത്. വല്യമ്മച്ചിമാരുടെ കൈയിലായിരുന്നു വീട്ടിലെ പ്രാർത്ഥനയുടെ താക്കോൽ. ദൈവകൃപ നിറഞ്ഞുനിന്ന ആ കാലഘട്ടത്തിൽ ജപമാലയും തിരുഹൃദയപ്രതിഷ്ഠയും മരിച്ചവർക്കുള്ള പ്രാർത്ഥനയും വണക്കമാസാചരണവും എല്ലാം ഭംഗിയായും ചിട്ടയായും നടന്നിരുന്നു. 'ഒരുമിച്ചു പ്രാർത്ഥിക്കുന്ന കുടുംബം ഒരുമിച്ചു ജീവിക്കുന്നു' എന്ന പ്രസ്താവന എല്ലാ ക്രിസ്തീയ കുടുംബങ്ങളിലുംതന്നെ യാഥാർത്ഥ്യമാകുന്നത് കാണാൻ കഴിഞ്ഞിരുന്നു.

എന്നാൽ, കാലംമാറിയപ്പോൾ സന്ധ്യാപ്രാർത്ഥനയുടെ കോലവും മാറി. ജപമാലയിൽ കുരുങ്ങിക്കിടന്ന വല്യമ്മച്ചിമാരുടെ വിരലുകൾപോലും ടി.വി റിമോട്ടിന്റെ ബട്ടണുകളിൽ കുരുങ്ങിയപ്പോൾ കുടുംബങ്ങളുടെ പവിത്രത എവിടെയോ പോയിമറഞ്ഞു. കുടുംബത്തിന് അനുഗ്രഹമായിരുന്ന വല്യമ്മച്ചിമാരുടെയും അമ്മച്ചിമാരുടെയും പ്രാർത്ഥനാ ജീവിതത്തിലുള്ള നിഷ്ഠ നഷ്ടപ്പെട്ടപ്പോൾ ബന്ധങ്ങളിലും വിള്ളലുകളായി. മക്കളെക്കുറിച്ചുള്ള പിതാവായ ദൈവത്തിന്റെ വിലാപം അങ്ങനെ യാഥാർത്ഥ്യമായിത്തീരുന്നു. അവിടുന്ന് ഇപ്രകാരം കരയുന്നു ''ആകാശങ്ങളേ ശ്രവിക്കുക, ഭൂതലമേ ശ്രദ്ധിക്കുക, കർത്താവ് അരുളിച്ചെയ്യുന്നു: ഞാൻ മക്കളെ പോറ്റിവളർത്തി; എന്നാൽ, അവർ എന്നോടു കലഹിച്ചു. കാള അതിന്റെ ഉടമസ്ഥനെ അറിയുന്നു; കഴുത അതിന്റെ യജമാനന്റെ തൊഴുത്തും. എന്നാൽ, ഇസ്രായേൽ ഗ്രഹിക്കുന്നില്ല. എന്റെ ജനം മനസിലാക്കുന്നില്ല'' (ഏശയ്യാ 1:2-3).

സ്ത്രീ എന്ന ശക്തി
കുടുംബത്തെ ഒന്നിച്ചുനിർത്താനും ഒരൊറ്റ കെട്ടായി മുൻപോട്ടു കൊണ്ടുപോകാനും അസാധാരണമായ ശക്തിയാണ് സ്ത്രീകൾക്ക് ദൈവം കൊടുത്തിട്ടുള്ളത്. ഈ ശക്തി ഏറ്റവും അധികം പ്രകടമാകുന്നത് കുടുംബപ്രാ ർത്ഥനയിലാണ്. അതിൽനിന്നും ലഭിക്കുന്ന പ്രസാദവരം എത്രയധികമാണെന്ന് പറഞ്ഞറിയിക്കുക വയ്യ. പക്ഷേ, ഇന്നത്തെ കാലം അതെല്ലാം വിസ്മരിച്ചിരിക്കുകയോ ബോധപൂർവം അവഗണിക്കുകയോ ചെയ്യുന്നു. ഫലമോ? വരണ്ട മരുഭൂമിപോലെയുള്ള കുടുംബജീവിതം.

നെറ്റിയിൽ കുരിശുവരച്ച് ഈശോനാമം ചൊല്ലി വള ർത്തേണ്ട കുട്ടികളെ ഇന്ന് പലവിധ നാമങ്ങൾ ഉച്ചരിച്ചുകൊണ്ട് ശിഥിലീകരിക്കപ്പെട്ട മനസും ആത്മാവുമായി ഇന്ന് കണ്ടെത്തുന്നത് ടി.വിയുടെയും ഇന്റർനെറ്റിന്റെയും മുൻപിലാണ്. പ്രസാദവരം ചോർന്നുപോയ ആത്മാവുമായി അവർ ചെന്നുപെടുന്നത് ലോകജീവിതത്തിന്റെ വൈകൃതങ്ങളിലേക്കും.

''ലോകത്തെയോ ലോകത്തുള്ളവയെയോ നിങ്ങൾ സ്‌നേഹിക്കരുത്, ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാൽ പിതാവിന്റെ സ്‌നേഹം അവനിൽ ഉണ്ടായിരിക്കുകയില്ല. എന്തെന്നാൽ ജഡത്തിന്റെ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്റെ അഹന്ത എന്നിങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്റേതല്ല'' (1യോഹ.2:15-16) എന്ന സത്യം കേട്ടറിയാൻ പോലും ഇന്നത്തെ തലമുറയ്ക്ക് കഴിയാതെ പോകുന്നു. തന്മൂലം വലിയ ധാർമികാധഃപതനത്തിലേക്ക് യുവജനങ്ങൾ മാത്രമല്ല കുടുംബമൊന്നാകെ വഴുതിവീഴുന്നു. ഇവരെ നോക്കി പിതാവായ ദൈവം ഇപ്രകാരം വിലപിക്കുന്നു: ''തിന്മ നിറഞ്ഞ രാജ്യം, അനീതിയുടെ ഭാരം വഹിക്കുന്ന ജനം, ദുഷ്‌കർമികളുടെ സന്തതി, ദുർമാർഗികളായ മക്കൾ! അവർ കർത്താവിനെ പരിത്യജിക്കുകയും ഇസ്രായേലിന്റെ പരിശുദ്ധനെ നിന്ദിക്കുകയും ചെയ്തു. അവർ എന്നിൽ നിന്നും തീർത്തും അകന്നുപോയി...'' (ഏശയ്യാ 1:4-5). കർത്താവിൽനിന്നും അകലുന്ന ജനം എവിടെയാണ് ചെന്നെത്തുക. അത് മറ്റെങ്ങുമല്ല, സാത്താന്റെ കെണിയിൽത്തന്നെ!

ആര് പശ്ചാത്തപിക്കണം
എങ്ങനെ ഈ അവസ്ഥയ്ക്ക് മാറ്റംവരുത്താം? ആര് ആദ്യം പശ്ചാത്തപിക്കണം. ഞാൻ പറയും വളർന്ന തലമുറ ആദ്യം പശ്ചാത്തപിക്കട്ടെയെന്ന്. അവരുടെ പശ്ചാത്താപവും തിരിച്ചുവരവും മധ്യസ്ഥപ്രാർത്ഥനകളും പരിഹാരപ്രവൃത്തികളും വളരുന്ന തലമുറയിൽ കാര്യമായ മാറ്റങ്ങൾ വരുത്തും. കർത്താവിന്റെ സ്വരം ഇതാ നമുക്ക് ശ്രവിക്കാം. ''അവിശ്വസ്തയായ ഇസ്രായേലേ, തിരിച്ചുവരിക. ഞാൻ നിന്നോടു കോപിക്കുകയില്ല. ഞാൻ കാരുണ്യവാനാണ്. ഞാൻ എന്നേക്കും കോപിക്കുകയില്ല- കർത്താവ് അരുളിച്ചെയ്യുന്നു: നിന്റെ ദൈവമായ കർത്താവിനോട് നീ മറുതലിച്ചു. പച്ചമരങ്ങളുടെ കീഴിൽ അന്യദേവന്മാർക്ക് നിന്നെത്തന്നെ കാഴ്ചവച്ചു; നീ എന്നെ അനുസരിച്ചില്ല. ഈ കുറ്റങ്ങൾ നീ ഏറ്റുപറഞ്ഞാൽ മതി- കർത്താവ് അരുളിച്ചെയ്യുന്നു'' (ജറെമിയ 3:12-13).

വ്യക്തിപരമായ പ്രാർത്ഥന
കുടുംബപ്രാർത്ഥനപോലെതന്നെ അതിപ്രധാനമായ ഒന്നാണ് വ്യക്തിപരമായ പ്രാർത്ഥന. അതിരാവിലെയുള്ള സമയമാണ് ഇതിന് ഏറ്റവും നല്ലത്. വ്യക്തിപരമായ പ്രാർത്ഥന ദൈവവുമായുള്ള ബന്ധം വളർത്തും. 

പലരും പറയാറുള്ള ഒരു കാര്യമാണ് വ്യക്തിപരമായി പ്രാർത്ഥിക്കുവാൻ അറിഞ്ഞുകൂടായെന്ന്. വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് നമ്മെ ഏറ്റവും സഹായിക്കുന്നത് ദൈവത്തിന്റെ പരിശുദ്ധാത്മാവാണ്. ''നമ്മുടെ ബലഹീനതയിൽ ആത്മാവ് നമ്മെ സഹായിക്കുന്നു. വേണ്ടവിധം പ്രാർത്ഥി ക്കേണ്ടത് എങ്ങനെയെന്ന് നമുക്ക് അറിഞ്ഞുകൂടാ. എന്നാൽ, അവാച്യമായ നെടുവീർപ്പുകളാൽ ആത്മാവ് നമുക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നു. ഹൃദയങ്ങൾ പരിശോധിക്കുന്നവൻ ആത്മാവിന്റെ ഇംഗിതം ഗ്രഹിക്കുന്നു. എന്തെന്നാൽ ആത്മാവ് ദൈവഹിതമനുസരിച്ചാണ് വിശുദ്ധർക്കുവേണ്ടി മാധ്യസ്ഥ്യം വഹിക്കുന്നത്'' (റോമാ 8:26-27). അതിനാൽ പ്രാർത്ഥിക്കാൻ കഴിയാത്ത നിസഹായതയിൽ നാം പരിശുദ്ധാത്മാവിനോട് പ്രാർത്ഥിക്കാൻ സഹായിക്കണമേ എന്ന് പ്രാർത്ഥിക്കണം. ആത്മാവ് നിശ്ചയമായും നമ്മെ സഹായിക്കും.

ഒരു ദിവസത്തിൽ ചുരുങ്ങിയത് അരമണിക്കൂർ എങ്കിലും നാം വ്യക്തിപരമായ പ്രാർത്ഥനയ്ക്ക് ഉപയോഗിക്കണം. ദൈവത്തോട് പാപമോചനത്തിനായി യാചിക്കുന്നതിനും ദൈവംതന്ന ദാനങ്ങൾക്ക് നന്ദി പറയുന്നതിനും ദൈവത്തിന്റെ സ്വരം ശ്രവിക്കുന്നതിനും ദൈവതിരുമുൻപിൽ നമ്മുടെ യാചനകൾ സമർപ്പിക്കുന്നതിനുമെല്ലാം വ്യക്തിപരമായ പ്രാർത്ഥനയിൽ സമയം കണ്ടെത്തണം. കൂടാതെ, നമ്മുടെ ജോലികൾക്കിടയിലും ദൈവത്തെ സ്തുതിച്ച് നന്ദി പറയുന്ന വിശുദ്ധമായ ഒരു ജീവിതരീതി ഉണ്ടാകണം. അപ്പോൾ ദൈവം നമ്മോടു വാഗ്ദാനം ചെയ്ത സമാധാനം നമ്മുടെ ഹൃദയങ്ങളെ നയിക്കുന്നത് നമുക്ക് അനുഭവമായിത്തീരും. ''ഒന്നിനെക്കുറിച്ചും ആകുലരാകേണ്ടാ. പ്രാർത്ഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്‌തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ സമർപ്പിക്കുവിൻ. അപ്പോൾ നമ്മുടെ എല്ലാ ധാരണകളെയും അതിലംഘിക്കുന്ന ദൈവത്തിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും ചിന്തകളെയും യേശുക്രിസ്തുവിൽ കാത്തുകൊള്ളും'' (ഫിലിപ്പി 4:6-7).

എപ്പോഴും സന്തോഷിക്കുവാൻ
നമ്മെ സ്‌നേഹിക്കുന്ന നമ്മുടെ ദൈവപിതാവിന് നമ്മെക്കുറിച്ചുള്ള അനന്തമായ പദ്ധതി- നമ്മൾ എപ്പോഴും സന്തോഷിക്കുന്നവരായിത്തീരണമെന്നാണ്. എന്നാൽ, ഇടവിടാതെ പ്രാർത്ഥിക്കുന്ന ഒരു വ്യക്തിക്കു മാത്രമേ എപ്പോ ഴും സന്തോഷിക്കുവാൻ കഴിയുകയുള്ളൂ. ''എപ്പോഴും സന്തോഷിക്കുവിൻ, ഇടവിടാതെ പ്രാർത്ഥിക്കുവിൻ. എല്ലാ കാര്യങ്ങൡും നന്ദി പ്രകാശിപ്പിക്കുവിൻ. ഇതാണ് യേശുക്രിസ്തുവിൽ നിങ്ങളെ സംബന്ധിച്ചുള്ള ദൈവഹിതം'' (1 തെസ.5:17-18).

ദൈവം തരുന്ന ഈ സന്തോഷം ആസ്വദിക്കാതെ ലോകത്തിന്റെ സന്തോഷങ്ങളിലും ലോകം തരുന്ന സ്ഥാനമാനങ്ങളിലും പരതിനടന്ന് ജീവിതം നശിപ്പിക്കുമ്പോഴാണ് നരകത്തിലേക്കുള്ള വിശാലവീഥിയിൽ നാം എത്തുന്നത്. 

എന്നാൽ, ദൈവം കാണിച്ചുതരുന്ന ഇടുങ്ങിയ വഴിയിലൂടെ അധരങ്ങളിൽ പ്രാർത്ഥനാമന്ത്രവുമായി മുന്നേറുമ്പോൾ ജീവിതത്തിൽനിന്നും സന്തോഷം ചോർന്നുപോവുകയല്ല. നാം സ്വർഗത്തോട് അടുക്കുകയാണ്. നിരന്തരമായ പ്രാർത്ഥനയിലൂടെ കടന്നുപോകുന്ന ഒരാളുടെ ഹൃദയാനുഭവം സങ്കീർത്തകൻ വർണിക്കുന്നുണ്ട്: ''ധാന്യത്തിന്റെയും വീഞ്ഞിന്റെയും സമൃദ്ധിയിൽ അവർക്കുണ്ടായതിലേറെ ആനന്ദം എന്റെ ഹൃദയത്തിൽ അങ്ങ് നിക്ഷേപിച്ചിരിക്കുന്നു. ഞാൻ പ്രശാന്തമായി കിടന്നുറങ്ങും. എന്തെന്നാൽ, കർത്താവേ, അങ്ങുതന്നെയാണ് എനിക്ക് സുരക്ഷിതത്വം നല്കുന്നത്'' (സങ്കീ.4:7-8).

അതിനാൽ റിമോട്ടിന്റെ ബട്ടണുകളിൽ അമർന്നിരിക്കുന്ന കൈവിരലുകളെ നമുക്കു പിൻവലിക്കാം. സ്വർഗീയമായ ആനന്ദത്തിന്റെ സ്വച്ഛതയിലേക്ക് നമ്മെ നടത്തുന്ന ജപമാല മണികളുയർത്തുന്ന സങ്കീർത്തനത്തിലേക്ക് നമ്മുടെ വിരലുകളെയും അധരങ്ങളെയും ട്യൂൺ ചെയ്യാം. ഒന്നിച്ചു പ്രാർത്ഥിക്കുന്ന കുടുംബങ്ങളുടെ ജീവിക്കുന്ന സാക്ഷ്യമായി നമുക്ക് മാറാം

0 comments:

Post a Comment