Friday, July 10, 2015

ഉപ്പുതൂണുകളായി മാറാതിരിക്കാൻ

സ്വവർഗവിവാഹം നിയമവിധേയമാക്കിയതിലൂടെ മനുഷ്യചരിത്രത്തിലെ ഏറ്റവും വിധിനിർണായകമായ ഒരു കാലഘട്ടത്തിലേക്ക് നാം പ്രവേശിച്ചിരിക്കുകയാണ്. നൂറ്റാണ്ടുകളിലൂടെ രൂപപ്പെട്ട സംസ്‌ക്കാരത്തിന്റെ ഗതിയെ തിരിച്ചുവിടുകയും നിലവിലുള്ള മൂല്യവ്യവസ്ഥിതിയെ തകർക്കുകയും ചെയ്യുന്ന പുതിയൊരു യുഗം ‘ന്യൂ ഏജ്’ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യപ്പെട്ടുകഴിഞ്ഞു.
ന്യൂ ഏജ് ഫിലോസഫിയിൽ മനുഷ്യൻതന്നെയാണ് ദൈവം. അതിനാൽ തന്റെ നന്മയും തിന്മയും തീരുമാനിക്കാൻ അവന് അവകാശമുണ്ട്. പാപമില്ല, അതിനാൽ പാപമോചനത്തിന് പ്രസക്തിയില്ല. അക്കാരണത്താൽതന്നെ ക്രിസ്തുവും അപ്രസക്തമാകുന്നു. വ്യക്തിയുടെ ‘ദൈവവൽക്കണം’ വഴി ദൈവത്തിന്റെ നിയമങ്ങൾ അവന് ബാധകമല്ലാതായിത്തീരുന്നു.
സ്വവർഗവിവാഹത്തിന്റെ നിയമവൽക്കരണംവഴി അമേരിക്കൻ ജനത രണ്ടായി വിഭജിക്കപ്പെട്ടുകഴിഞ്ഞു. ആഭ്യന്തരയുദ്ധത്തിന്റെ കാലഘട്ടത്തിനുസമാനമായ ഒരു സാഹചര്യം ഇവിടെ രൂപപ്പെട്ടിരിക്കുകയാണ്. അടിമവ്യാപാരമായിരുന്നു ആഭ്യന്തരയുദ്ധത്തിന്റെ കേന്ദ്രവിഷയമെങ്കിൽ സ്വവർഗവിവാഹമാണ് ഇപ്പോഴത്തെ സംഘർഷകാരണം.
ദക്ഷിണസംസ്ഥാനങ്ങളും ഉത്തരസംസ്ഥാനങ്ങളും വ്യത്യസ്തചേരിയിൽനിന്നുകൊണ്ടാണ് ആഭ്യന്തരയുദ്ധം നടത്തിയത്. എന്നാൽ, ഇന്നിതാ കുടുംബങ്ങളിലും ഓഫീസുകളിലും സഭാസമൂഹങ്ങളിൽപ്പോലും വിരുദ്ധചേരികൾ യുദ്ധസജ്ജരായിക്കഴിഞ്ഞു. തോക്കും വാളും കുന്തവും ഒന്നുമല്ല ഇന്ന് ആയുധങ്ങൾ. നിയമങ്ങളും വ്യാപാരതന്ത്രങ്ങളും മാധ്യമങ്ങളും കലയും സാഹിത്യവും ഉപയോഗിച്ചുകൊണ്ടുള്ള ഒരു പോരാട്ടമാണിവിടെ തുടക്കം കുറിച്ചിരിക്കുന്നത്.
ഒരിക്കലുമില്ലാത്തവിധം രാഷ്ട്രീയധ്രുവീകരണം ഇനിയുമുണ്ടാകും. രാഷ്ട്രീയയുദ്ധങ്ങൾ, സാമ്പത്തികയുദ്ധങ്ങൾ, മാധ്യമയുദ്ധങ്ങൾ എന്നിവയെല്ലാം മഹത്തായ പാരമ്പര്യവും മഹോന്നതമായ സാധ്യതകളുമുള്ള ഒരു ജനതയെ ഭിന്നിപ്പിച്ച് ദുർബലമാക്കാം. അതിനാൽ ഏറെ പ്രാർത്ഥനയും പരിഹാരപ്രവൃത്തികളുംവഴി ദൈവത്തിന്റെ കാരുണ്യത്തിനായി വിശ്വാസികൾ നിലവിളിക്കണം. പ്രാർത്ഥനയോടൊപ്പം പ്രായോഗികതലത്തിലും നാം കർമനിരതരാകേണ്ടതുണ്ട്.
സമത്വം, സാഹോദര്യം, വ്യക്തിസ്വാതന്ത്ര്യം നീതി തുടങ്ങിയ ശ്രേഷ്~മൂല്യങ്ങളുടെ ലേബലുകളിലാണ് ഗേ മൂവ്‌മെന്റ് ശക്തി പ്രാപിച്ചത്. കേൾക്കുമ്പോൾ ശരിയെന്ന് തോന്നുന്ന വാദഗതികൾ- ‘ഗേ’യും ‘സ്‌ട്രെയ്റ്റും’ തമ്മിൽ സമത്വമുണ്ടാകണം. സ്‌ട്രെയ്റ്റിന് കൊടുക്കുന്ന അവകാശങ്ങൾ ഗേയ്ക്ക് കൊടുക്കുന്നത് നീതി, കൊടുക്കാതിരിക്കുന്നത് അനീതി. വ്യക്തിസ്വാതന്ത്ര്യത്തെയും മൗലികാവകാശത്തെയും നിഷേധിക്കുകയാണ് സ്വവർഗവിവാഹത്തെ നിഷേധിക്കുന്നതുവഴി ചെയ്യുന്നത്. അപരന്റെ താൽപ്പര്യത്തെയും സന്തോഷത്തെയും നാമെന്തിന് എതിർക്കണം? എത്രയോ മഹത്തായ ചിന്തകൾ… സ്വവർഗവിവാഹിതരോടുള്ള എതിർപ്പ് വർഗീയതയും വർണവിവേചനവും പോലുള്ള ‘റേസിസ’മായി വ്യാഖ്യാനിക്കപ്പെട്ടു.
സ്വവർഗാനുരാഗം തികച്ചും സ്വാഭാവികവും പ്രകൃതിസഹജവും വ്യാപകവുമായ ഒന്നാണെന്ന സങ്കൽപ്പത്തിന്റെ അടിസ്ഥാനത്തിൽമാത്രമേ മേൽപ്പറഞ്ഞ ചിന്തകൾക്ക് അർത്ഥമുള്ളൂ. എന്നാൽ, സ്വവർഗാനുരാഗം പ്രകൃതിവിരുദ്ധവും പാപവും ആണെങ്കിൽ അതെങ്ങനെയാണ് പ്രകൃതിസഹജമായതിനോടും പുണ്യത്തോടും തുലനം ചെയ്യാൻ കഴിയുന്നത്.
ചില വ്യക്തികളിലുള്ള മോഷണസ്വഭാവം (ക്ലെപ്‌റ്റോമാനിയ) ഒരു മാനസ്സിക ക്രമക്കേടാണ്. അതിനാൽ ആ വ്യക്തി നടത്തുന്ന മോഷണങ്ങൾ മോഷണമല്ലാതാകുമോ; മോഷണത്തിനുള്ള ശിക്ഷാനടപടികളിൽനിന്നും പൂർണമായും ഒഴിവാക്കാമോ; മോഷ്ടിക്കാത്തവനുള്ള എല്ലാ പരിരക്ഷയും മോഷ്ടാവിനും കൊടുക്കണമെന്ന് ആരെങ്കിലും വാദിക്കുമോ? മോഷ്ടിക്കാത്തവൻ സമൂഹത്തിൽ നിർബാധം വ്യാപരിക്കുന്നു. മോഷ്ടിക്കുന്നവന് അതിന് സ്വാതന്ത്ര്യം കൊടുക്കാതെ ജയിലിൽ പാർപ്പിക്കുന്നത് അനീതിയാണ്, അസമത്വമാണ് എന്ന് സുബോധമുള്ള ആർക്കെങ്കിലും വാദിക്കാനാകുമോ?
ഒ.സി.ഡി. (ഒബ്‌സസീവ് കംപൾസീവ് ഡിസോർഡർ) ബാധിച്ച വ്യക്തികൾ കൊലപാതകം നടത്തിയാൽ, ബലാൽസംഗം നടത്തിയാൽ അത് അവരുടെ കുഴപ്പമല്ല. അവരങ്ങനെയാണ് സൃഷ്ടിക്കപ്പെട്ടത്. അതിനാൽ അവർ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ, അതവരുടെ സ്വാതന്ത്ര്യം എന്ന് സമൂഹം പറയുമോ?
ഇല്ല, സമൂഹത്തിന്റെ ക്ഷേമവും ഭാവിയും ആഗ്രഹിക്കുന്നവർ സമൂഹത്തെ കൊന്നൊടുക്കാനായി അവരെ നിർബാധം വിടില്ല. മറിച്ച്, നിയന്ത്രണവും നിരോധനവും രോഗവിമുക്തിക്കുള്ള നടപടികളും കൈക്കൊള്ളും. അത് ആ വ്യക്തികളോടുള്ള വെറുപ്പല്ല, പ്രത്യുത വിവേകവും ഉത്തരവാദിത്വബോധവുമാണ്.
പക്ഷികളും മൃഗങ്ങളും എല്ലാം ഒത്തുചേരുന്നത് സ്ത്രീയും പുരുഷനും തമ്മിലാണ്. മനുഷ്യന്റെ ഉൽപ്പത്തിമുതൽ ഇന്നുവരെ ചരിത്രങ്ങളിൽ മനുഷ്യർക്കിടയിലും സ്ത്രീയും പുരുഷനും തമ്മിലാണ് ഇണചേരാറുള്ളത്. ഇതിനെതിരായ പ്രവണതകൾ പ്രകൃതിവിരുദ്ധമായാണ് കണക്കാക്കപ്പെടുന്നത്. സമീപകാലത്ത് സ്വവർഗാനുരാഗികളുടെ എണ്ണം പെരുകി എന്നതുകൊണ്ട് അതെങ്ങനെ പ്രകൃതിസഹജമാകും?
കാൻസർരോഗികളുടെ എണ്ണം സമീപകാലത്ത് പെരുകി എന്നതിനാൽ കാൻസർ ഒരു രോഗമല്ല ജീവിതത്തിന്റെ സ്വാഭാവിക പരിണാമമാണ്, അതിന് ചികിത്സയുടെ ആവശ്യമില്ല എന്നുപറയുന്നതുപോലെ വിഡ്ഢിത്തമാണ് സ്വവർഗാനുരാഗം സ്വാഭാവികമാണെന്ന് പറയുന്നത്.
സ്വവർഗാനുരാഗം പാപമാണെന്ന് തിരിച്ചറിഞ്ഞ് അനുതപിച്ച നൂറുകണക്കിന് ആളുകൾക്ക് പ്രാർത്ഥനയിലൂടെ സൗഖ്യവും വിമോചനവും കിട്ടിയിട്ടുണ്ട്. അവരിൽ അനേകർ സന്തോഷകരമായി സ്വാഭാവിക കുടുംബജീവിതം നയിക്കുകയും ചെയ്യുന്നുണ്ട്. സ്വവർഗാനുരാഗം ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ജനിതകപരവും ഹോർമോൺപരവുമായ അവസ്ഥയാണെന്ന വാദത്തെ ഗേ, ലെസ്ബിയൻ ജീവിതം ഉപേക്ഷിച്ച ജീവിതങ്ങൾ വെല്ലുവിളിക്കുകയാണിവിടെ.
പോണോഗ്രാഫിയുടെ അടിമത്തവും സ്വവർഗാനുരാഗികളിൽനിന്നുണ്ടായ ദുരുപയോഗങ്ങളുമാണ് സമീപകാലത്ത് സ്വവർഗാനുരാഗം പെരുകാനുള്ള കാരണമായി പറയപ്പെടുന്നത്. ഈ വിഷയവും നാം കൂടുതൽ പഠനവിധേയമാക്കേണ്ടതുണ്ട്. സ്വവർഗാനുരാഗികൾക്ക് മരണംവരെയും അങ്ങനെമാത്രമേ ജീവിക്കാനാകൂ എന്ന വാദം സാത്താന്റെ നുണയാണ്. ക്രിസ്തുവിൽ അവർക്ക് വിടുതലുണ്ട്. സ്വഭാവിക കുടുംബജീവിതത്തിലേക്ക് അവരെ തിരിച്ചുകൊണ്ടുവരാൻ ദൈവത്തിന് കഴിയും.
ദൈവം സ്‌നേഹമാണ്. അതിനാൽ അവിടുന്ന് സ്വവർഗാനുരാഗികളെയും കൊലപാതകികളെയും എന്തിനേറെ, ഐസിസ് ഭീകരരെയും സ്‌നേഹിക്കുന്നു. അതിന്റെ അർത്ഥം അവരുടെ പാപപ്രവൃത്തികളെ അംഗീകരിക്കുന്നു എന്നല്ല. പാപിയെ സ്‌നേഹിക്കുന്ന ദൈവം പാപത്തെ വെറുക്കുന്നു. അതിനാൽ സ്വവർഗാനുരാഗികളെ സ്‌നേഹത്തോടെ കാണുക എന്നതാണ് ക്രൈസ്തവധർമം. എന്നാൽ അവരുടെ പ്രവർത്തനങ്ങളെയും തിന്മയെ നന്മയെന്ന് വിളിക്കാൻ പ്രേരിപ്പിക്കുന്ന തന്ത്രങ്ങളെയും ചെറുക്കുകയെന്നതും മനുഷ്യവംശത്തിന്റെ നന്മ ആഗ്രഹിക്കുന്നവരുടെ കർത്തവ്യമാണ്.
ദൈവത്തെ ദൈവമായി അംഗീകരിക്കാത്ത ഒരു സമൂഹത്തിനുള്ള സ്വാഭാവികദുരന്തമായാണ് ബൈബിൾ പ്രകൃതിവിരുദ്ധഭോഗത്തെ കാണുന്നത്. ദൈവത്തെ ഉപേക്ഷിച്ച സമൂഹത്തിന്റെ ലക്ഷണങ്ങളിലൊന്നാണിത്.
‘അവർ സ്രഷ്ടാവിലുപരി സൃഷ്ടിയെ ആരാധിക്കുകയും സേവിക്കുകയും ചെയ്തു. അക്കാരണത്താൽ ദൈവം അവരെ നിന്ദ്യമായ വികാരങ്ങൾക്ക് വിട്ടുകൊടുത്തു. അവരുടെ സ്ത്രീകൾ സ്വാഭാവികബന്ധങ്ങൾക്കുപകരം പ്രകൃതിവിരുദ്ധബന്ധങ്ങളിൽ ഏർപ്പെട്ടു. അതുപോലെ പുരുഷന്മാർ സ്ത്രീകളുമായുള്ള സ്വാഭാവികബന്ധം ഉപേക്ഷിക്കുകയും പരസ്പരാസക്തിയാൽ ജ്വലിച്ച് അന്യോന്യം ലജ്ജാകരകൃത്യങ്ങളിൽ ഏർപ്പെടുകയും ചെയ്തു. തങ്ങളുടെ തെറ്റിന് അർഹമായ ശിക്ഷ അവർക്ക് ലഭിച്ചു. ദൈവത്തെ അംഗീകരിക്കുക പോരായ്മയായി അവർ കരുതിയതുനിമിത്തം അധമവികാരത്തിനും അനുചിതപ്രവൃത്തികൾക്കും ദൈവം അവരെ വിട്ടുകൊടുത്തു’ (റോമാ 1:25-28).
ജീവിതത്തിന്റ എല്ലാ മേഖലകളിലും ദൈവത്തെ തിരികെകൊണ്ടുവരിക എന്നതാണ് ഈ അപചയജത്തിന് ശാശ്വതപരിഹാരം. സാധ്യമായ എല്ലാ വഴികളിലൂടെയും എല്ലായിടത്തും സുവിശേഷത്തിന്റെ സത്യം പ്രഘോഷിക്കുക എന്നതുമാത്രമാണ് അതിനുള്ള വഴി. ദൈവം വീണ്ടും അമേരിക്കൻ ജനതയുടെ ഹൃദയത്തിൽ ഇടം കണ്ടെത്തുമ്പോൾ തിന്മയുടെ ആധിപത്യം ഇല്ലാതാകും. അതിന് എനിക്കെന്തുചെയ്യാൻ കഴിയും? ഓരോരുത്തരും ഗൗരവപൂർവം ചിന്തിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കിൽ ദൈവകോപത്തിന്റെ രോഷാഗ്‌നിയാൽ ചാവുകടലുകളും ഉപ്പുതൂണുകളുമായി നാം മാറും.

0 comments:

Post a Comment