Tuesday, February 17, 2015

sample

അവരാകട്ടെ കുഞ്ഞാടിന്റെ രക്തം കൊണ്ടും സ്വന്തം സാക്ഷ്യത്തിന്റെ വചനം കൊണ്ടും അവന്റെ മേൽ വിജയം നേടി.ജീവന നല്കാനും അവർ തയ്യാറായി .അതിനാൽ സ്വർഗമേ ,അതിൽ വസിക്കുന്നവരേ ആനന്ദിക്കുവിൻ .എന്നാൽ ഭൂമിയേ ,സമുദ്രമേ നിങ്ങൾക്ക് ദുരിതം ; ചുരുങ്ങിയ സമയമേ അവശേഷിക്കുന്നുള്ളൂ എന്നറിഞ്ഞു അരിശം കൊണ്ടു പിശാചു നിങ്ങളുടെ അടുത്തേക്ക് ഇറങ്ങിയിട്ടിട്ടുണ്ട് . ( വെളിപാട്‌ 12 : 11 )
 കഴിഞ്ഞ കുറെ നാളുകളായി മനസിനെ അസ്വസ്ഥതപെടുത്തുന്ന സംഭവങ്ങളും കാഴ്ചകളുമാണ് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ അരങ്ങേറി കൊണ്ടിരിക്കുന്നത് അതിൽ വളരെയധികം ഭീതിതവും ക്രൂരവുമായ കാഴ്ചകളായിരുന്നു ഇന്നലെ ഈജ്പ്തിൽ നിന്നും നാം അറിഞ്ഞത് .കടന്നു പോയ കുറച്ചു ദിവസങ്ങളായി വിശ്വാസത്തിന്റെ പേരിൽ നിഷ്ടൂരമായി പീഡിപ്പിക്കപെടുന്ന ഒരു ജനതയുടെ നിലവിളി ഇന്നലെയാണ് ലോകം കണ്ടത് . ഈജ്പ്തിൽ നിന്നുള്ള വിവിധ ദ്രിശ്യങ്ങൾ വാർത്തകളിലൂടെ കണ്ടു കൊണ്ടിരുന്നപ്പോൾ ഭീകരരർ പിടിച്ചുകൊണ്ടുപോയ മകളുടെ ചിത്രവും കൈകളിലേന്തി അലമുറയിട്ടു കരയുന്ന ഒരു അമ്മയുടെ ദൃശ്യം ഹൃദയത്തിൽ ആഴമായി പതിഞ്ഞു . കരച്ചിലിനടയിൽ തന്റെ മകളെ അവർ ആർക്കായിരിക്കും വിറ്റിട്ടുണ്ടാവുക എന്നു ഉറക്കെ വിളിച്ചു ചോദിക്കുന്ന അവരുടെ വേദന കണ്ടു നില്ക്കാൻ സാധിക്കില്ല . പലരുടെയും വിശ്വസം ചോദ്യം ചെയ്യപ്പെട്ടു പോന്ന നിമിഷങ്ങൾ ,പക്ഷെ ഇന്നലെ നമ്മൾ അവിടെ നിന്നു കണ്ട കാഴ്ച്ച മറിച്ചായിരുന്നു , ക്രൈസ്തവ വിശ്വാസികൾ ആയതിന്റെ പേരിൽ മാത്രം തലയറുക്കപ്പെട്ട 21 രക്തസാക്ഷികൾ .അതെ ഇനിയും കർത്താവിനു വേണ്ടി ഒന്നും ചെയ്യാൻ സാധിക്കാത്ത നമുക്കു വിശ്വാസത്തിന്റെ സാക്ഷ്യം നല്കി കടന്നു പോയ കർത്താവിന്റെ രക്തസാക്ഷികൾ .മരണം കണ്മുന്നിൽ വാളായി ഉയർത്തപ്പെടുമ്പോഴും യേശുവേ രക്ഷിക്കണേ എന്നു ഒരേ ശബ്ദത്തിൽ വിളിച്ചു പ്രാർഥിച്ചു കൊണ്ടു മരണം വരിച്ച ഒരു പറ്റം നിഷ്കളങ്കരായ മനുഷ്യർ. അവരിൽ കണ്ടതു മരണത്തിനും തകര്ക്കാൻ പറ്റാത്ത വിശ്വാസത്തിന്റെ ശക്തിയായിരുന്നു . നിസാര കാര്യങ്ങൾക്ക് പോലും ദൈവത്തെ കുറ്റപെടുത്തുന്ന നമുക്കു വേണ്ടി മുന്നേ കടന്നുപോയ നമ്മുടെ സഹോദരങ്ങൾ തങ്ങളുടെ രക്തം കൊണ്ട് നല്കിയിട്ടു പോയ സാക്ഷ്യം . ഒരു ക്രൈസ്തവ വിശ്വസിയായതിന്റെ പേരിൽ മാത്രം മരണം ഏറ്റു വാങ്ങേണ്ടി വന്ന അവർക്ക് വേണമെങ്കിൽ തങ്ങളുടെ വിശ്വാസത്തെ തള്ളിപറയാമായിരുന്നു , ദൈവത്തെ ശപിക്കാമായിരുന്നു . ക്രൂരമായ പീഡനങ്ങൾ നിശബ്ദം സഹിച്ചു കൊണ്ട് ആരെയും കുറ്റപെടുത്താതെ പിതാവിനെ വിളിച്ചു കൊണ്ടു ജീവൻ വെടിഞ്ഞ മനുഷ്യ പുത്രനെ ഏറ്റുപറഞ്ഞു കൊണ്ടാണു ആ 21 പേരും രക്തം ചിന്തിയതു.(ഞാൻ നിങ്ങളോടു പറയുന്നു മനുഷ്യരുടെ മുന്നിൽ എന്നെ ഏറ്റു പറയുന്ന ഏതൊരുവനെയും ദൈവത്തിന്റെ ദൂതന്മാരുടെ മുന്നിൽ മനുഷ്യപുത്രനും ഏറ്റുപറയും .മനുഷ്യരുടെ മുമ്പിൽ എന്നെ തള്ളിപറയുന്നവൻ ദൈവത്തിന്റെ ദൂതന്മാരുടെ മുൻപിലും തള്ളിപറയപ്പെടും ലൂക്കാ 12; 8-9 ) ആദിമ സഭയിൽ സ്വന്തം രക്തം കൊണ്ട് വിശ്വാസത്തിന്റെ അടിത്തറ പാകിയ അനേകായിരങ്ങളുടെ കൂട്ടത്തിലേക്ക് തങ്ങളുടെയും വിശ്വാസം ചേർത്തു വെച്ചുകൊണ്ടാണ് നമ്മുടെ ഈ സഹോദരങ്ങൾ ലോകം വിട്ടു പോയത് . മനുഷ്യൻ എന്ന നാമത്തിനു യാതൊരു അർഹതയുമില്ലാത്ത ക്രൂരമൃഗങ്ങളായ മതഭ്രാന്തൻമാരുടെ ആയുധങ്ങൾക്ക് തങ്ങളുടെ വിശ്വാസത്തെ നശിപ്പിക്കാൻ കഴിയില്ല എന്ന് അടിയുറപ്പിക്കുന്നതായിരുന്നു മരണമടഞ്ഞവരുടെ ബന്ധുക്കളും സഹോദരങ്ങളുമടങ്ങിയ ഒരു സമൂഹം പുരോഹിതനോടൊപ്പം ദേവാലയത്തിൽ നിലവിളിച്ചപേ ക്ഷിക്കുന്ന കാഴ്ച.

നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ പുരോഹിതൻ യേശുവേ ഞങ്ങളെ രക്ഷിക്കാൻ വരണമേ എന്നു ബലിപീoത്തിലേക്ക് നോക്കി വിളിക്കുമ്പോൾ അലമുറയിട്ടു കൊണ്ടു അതു ഏറ്റു പറയുന്ന ജനതയുടെ കണ്ണുനീർ കർത്താവു അവഗണിക്കുമോ ? ഒരിക്കലുമില്ല . സങ്കീർത്തനം 94 അധ്യായത്തിൽ ഇങ്ങനെ പറയുന്നു . ചെവി നൽകിയവൻ കേൾക്കുന്നില്ലെന്നോ ? കണ്ണ് നൽകിയവൻ കാണുന്നില്ലെന്നോ ?. ജീവനും ജീവിതവും നൽകിയവൻ എല്ലാം അറിയുന്നു .തന്റെ ജനത്തിന്റെ രക്തത്തിന് പ്രതികാരം ചെയ്യാൻ സൈന്യങ്ങളുടെ രാജാവ്‌ എത്തിച്ചേരുന്ന സമയം വിദൂരമല്ല . ക്രിസ്തുവിനു വേണ്ടി വീഴുന്ന രക്തതുള്ളികളോട് ചേർത്ത് വെച്ചു നമുക്കും കരുണയ്ക്കായി യാചിക്കാം . ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷിതരായി ഇരിക്കുമ്പോൾ നമുക്കു ഇതെല്ലാം സഹതാപിക്കാനുള്ള വാർത്തകൾ മാത്രമായിരിക്കും . ഒരു പക്ഷെ ഇന്നല്ലെങ്കിൽ നാളെ ഞാനും നീയും ഈ വേദനകളിലൂടെ കടന്നു പോവേണ്ടി വരും , ഈ ലോകം സുരക്ഷിതമല്ല , സ്വന്തമെന്നു കരുതി ആർക്കും നല്കാതെ അടക്കി പിടിചിരിക്കുന്നതെല്ലാം ഇവിടെ ഉപേക്ഷിച്ചു പോവെണ്ടാവരാണ് നാം എന്ന സത്യം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .എനിക്കും എന്റെ കുടുംബത്തിനും എല്ലാം നേടണമെന്ന ചിന്ത മാറ്റി വെച്ച് ,ഏറ്റെടുക്കാം നമുക്ക് നമ്മുടെ സഹോദരങ്ങളുടെ വേദനകളെ , എന്നും സ്വന്തം സന്തോഷത്തിനും സുഖത്തിനും പണത്തിനും വേണ്ടി മാത്രം കർത്താവിനെ വിളിക്കാതെ ലോകത്തിനു വേണ്ടി ,തിരു സഭയ്ക്ക് വേണ്ടി കരുണയ്ക്കായി അപേക്ഷിക്കാം .പരിഭവങ്ങളുടെയും പരാതികളുടെയും കെട്ടുകൾ കർത്താവിന്റെ മുന്നിൽ ഇറക്കി വെയ്ക്കാതെ നിത്യജീവനുവേണ്ടി കണ്ണുനീരോടെ പ്രാർത്ഥിക്കാം .

പ്രാർത്ഥനഓ സൈന്യങ്ങളുടെ രാജാവായ കർത്താവെ , അങ്ങയുടെ ജനത്തിന്റെ കണ്ണുനീർ കാണണമേ ,ദുഷ്ടന്റെ ആക്രമണങ്ങളിൽ നിന്ന് അങ്ങേ മക്കളെ കാത്തു കൊള്ളണമേ ,തിരുസഭയെ ലക്ഷ്യമിട്ടു മുന്നോട്ടടുക്കന്ന ശത്രുക്കളിൽ നിന്നു സഭയെ സംരക്ഷിക്കണമേ ,കാരുണ്യവാനായ കർത്താവെ ,അങ്ങയുടെ ആഗമനം വിദൂരമല്ല എന്നു ഞങ്ങൾ അറിയുന്നു അങ്ങേ മക്കൾ അറിഞ്ഞും അറിയാതെയും അങ്ങേക്കതിരായി ചെയ്തു പോയ അപരാധങ്ങൾ പൊറുത്തു നിത്യ നരകത്തിൽ നിന്നു ഞങ്ങളെ രക്ഷിക്കണമേ .ധീരതയോടെ സുവിശേഷത്തിന് വേണ്ടി നില കൊള്ളുവാൻ അങ്ങേ മക്കളെ ശക്തരക്കണമേ .
പരിശുദ്ധ അമ്മേ ദൈവ മാതാവേ ഞങ്ങൾക്ക് വേണ്ടി നിരന്തരം മാധ്യസ്ഥം വഹിക്കണമേ .


(കരുണയുടെ ജപമാല ലോക സമാധാനത്തിനു വേണ്ടി കാഴ്ച വയ്ക്കാം )



Besy Nevil, Marian Ministry

0 comments:

Post a Comment