Friday, December 5, 2014

രക്ഷയിലേക്കുള്ള അടയാളങ്ങൾ

ഭൂമിയിൽ അങ്ങോളമിങ്ങോളം ദിനം പ്രതി സംഭവിക്കുന്ന പല വിപത്തുകളും കാലത്തിന്റെ അടയാളങ്ങൾ ആണെന്ന്  പറഞ്ഞാൽ മനുഷ്യന്റെ  തലച്ചോറിനു സ്വീകര്യമയിരിക്കുകയില്ല . നിനച്ചിരിക്കാതെ  വരുന്ന പ്രകൃതി ദുരന്തങ്ങളും രോഗങ്ങളുമൊക്കെ രക്ഷയുടെ ദിനം ആഗതമാകുന്നതിന്റെ മുന്നറിയിപ്പുകൾ ആണെന്നുള്ള തിരിച്ചറിവ്  ക്രിസ്തുവിന്റെ അനുയായികൾ എന്ന്  അവകാശപെടുന്ന  നാം പോലും ഇനിയും  ഏറ്റുഎടുത്തിട്ടില്ല എന്നതാണ് സത്യം. വെളിപാടിന്റെ  പുസ്തകത്തിൽ കൃത്യമായി വിവരിച്ചിരിക്കുന്ന കർത്താവിന്റെ പ്രതികാര ദിനങ്ങളിൽ സംഭവിക്കേണ്ട പല കാര്യങ്ങളും ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു .ഇതിൽ ചിലതൊക്കെ നാം അറിയാതെ പോവുന്നുണ്ട് , ശാസ്ത്രം  കുതിക്കുന്നതിനോടൊപ്പം സർവവും കീഴടക്കി ഉയരങ്ങളിലേക്ക് പറന്നടുക്കുന്ന ഇന്നത്തെ മനുഷ്യൻ   കാലത്തിന്റെ  അടയാളങ്ങളെന്നും , പ്രതികാരദിനമെന്നൊക്കെ  കേൾക്കുന്നത്  കേവലം തമാശയായി മാത്രം തള്ളി കളഞ്ഞേക്കാം .   ഇന്നു ലോകത്തിൽ സംഭവിക്കുന്ന ഓരോ ആപത്തുകൾക്കും മനുഷ്യന്റെ മുന്നിൽ ശാസ്ത്രപരമായ കാരണങ്ങൾ  ഉണ്ടാവാം, പക്ഷെ, നൂറ്റാണ്ടുകൾക്കു മുൻപ്  ബൈബിൾ  എന്ന വിശുദ്ധ ഗ്രന്ഥത്തിൽ രേഖപെടുത്തിയിരിക്കുന്നതും  പ്രവാചകന്മാർ വഴിയും  അപ്പസ്തോലന്മാർ വഴിയും  പ്രവചിചിരിക്കുന്നതുമായ എല്ലാ സംഭവങ്ങളും  അണുവിട വ്യത്യാസം വരാതെ ഈ കാലഘട്ടത്തിൽ  യാഥാർത്യമായികൊണ്ടിരിക്കുന്നു എന്നതു നിഷേധിക്കാനാവാത്ത സത്യമാണ് .


 ഭൂകമ്പങ്ങൾ , പേമാരി , കന്മഴ ,  കാലാവസ്ഥ വ്യതിയാനങ്ങൾ , തുടങ്ങിയ പ്രകൃതി ദുരന്തങ്ങളും . മനുഷ്യരെയും പക്ഷി മൃഗാദികളെയും കൂട്ടത്തോടെ കൊന്നൊടുക്കുവാൻ സാധിക്കുന്ന പകർച്ച വ്യാധികളും , ലോകരാജ്യങ്ങൾ തമ്മിലുള്ള യുദ്ധങ്ങൾ , അതുമൂലം ഉണ്ടാകുന്ന  ക്ഷാമവും പട്ടിണിയും രോഗങ്ങളും , ഉൽക്കാപതനം , ചന്ദ്രന്റെ  രക്ത വർണം തുടങ്ങി ആകാശത്തിൽ പ്രത്യക്ഷപെട്ട അടയാളങ്ങൾ ഇവയെല്ലാം  തന്നെ വെളിപാടിന്റെ പുസ്തകത്തിൽ വളരെ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന അടയാളങ്ങളാണ് , ഇവയെല്ലാം തന്നെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സംഭവിച്ചു കഴിഞ്ഞിരിക്കുന്നു .  2014 ന്റെ അവസാനത്തിൽ നാം എത്തി നിൽക്കുമ്പോൾ ഈ ഒരു വർഷം സംഭവിച്ച കാര്യങ്ങൾ എല്ലാം തന്നെ എടുത്തു നോക്കിയാൽ തന്നെ മനസിലാവും. പ്രകൃതി ദുരന്തങ്ങളിലും യുദ്ധങ്ങളിലുമൊക്കെ അനേകലക്ഷങ്ങളാണ്  മരിച്ചു വീണത്‌ , എബോള, h 5 n 1 ,കൊറോണ  തുടങ്ങിയ വൈറസുകൾ അനേകായിരം ജീവനുകളെ ഭൂമിയിൽ തുടച്ചു മാറ്റി . പകർച്ച വ്യാധികൾ ഭയന്നു പ്രിയപെട്ടവരുടെ ശരീരങ്ങൾ ജീവനോടെയും , അല്ലാതെയും  തെരുവിൽ ഉപേക്ഷിച്ചു പോവേണ്ടി വന്ന നിസഹായ അവസ്ഥയ്ക്കും നാം സാക്ഷികളായി . ഈ  അടയാളങ്ങൾ ഒന്നും തന്നെ ബുദ്ധി കൊണ്ട് ദൈവത്തെ അളക്കുന്ന മനുഷ്യന്റെ കണ്ണുകൾക്ക്‌ തിരിച്ചറിവ് നൽകിയിട്ടില്ല . ഇക്കഴിഞ്ഞ നവംബർ മാസം മാത്രം പല രാജ്യങ്ങളിലായി സംഭവിച്ച  കാര്യങ്ങൾ താഴെ നല്കിയിരിക്കുന്ന വീഡിയോയിൽ നിങ്ങൾക്ക് കാണാവുന്നതാണ് .

സഭാപ്രസന്ഗകന്റെ 8 : 5  ഇങ്ങനെ പറയുന്നുണ്ട് " ജ്ഞാനി  തക്ക സമയവും വഴിയും അറി്യുന്നു " . അതെ, കർത്താവിന്റെ  ആഗമനം ലഭിക്കുന്നതിനായി നമുക്ക് ഹൃദയങ്ങളെ തുറക്കാം .കാലത്തിന്റെ അടയാളങ്ങൾ ബുദ്ധി കൊണ്ട് അളക്കാതെ ഹൃദയം കൊണ്ട് ഒരുക്കമുള്ളവരായിരിക്കാം . വി . പൗലോസ്‌ അപ്പസ്തോലൻ റോമാക്കാർക്ക് എഴുതിയ ലേഖനത്തിൽ ഇപ്രകാരം പറയുന്നു . " ബാലിന്റെ മുന്നിൽ മുട്ടുകുത്താത്ത  ഏഴായിരം പേരെ എനിക്ക് വേണ്ടി ഞാൻ മാറ്റി നിർത്തിയിട്ടുണ്ട്  അപ്രകാരം തന്നെ കൃപയാൽ  തെരെഞ്ഞെടുക്കപെട്ട ഒരു അവശിഷ്ട ഭാഗം ഇക്കാല ഘട്ടത്തിലും ഉണ്ട് . തിന്മയുടെ ശക്തി ഭരിക്കുന്ന  ഈ ലോകത്തു നിന്നും നന്മയുടെ രാജാവിന്റെ കൃപയാൽ  തെരഞ്ഞെടുക്കപ്പെട്ട  അവശിഷ്ട ഭാഗങ്ങളാവാൻ നമ്മുടെ ഹൃദയത്തിനെയും ശരീരത്തിനെയും വിശുദ്ധിയോടെ ഒരുക്കി പ്രത്യാശയോടെ നമുക്കു കാത്തിരിക്കാം .
ഓ പ്രിയപ്പെട്ട ഈശോയെ , ജീവിത വിശുദ്ധിയിലും , ഹൃദയ നൈർമല്യത്തിലും നിറഞ്ഞവരായി രക്ഷയുടെ ദിവസത്തിലേക്ക്  ഒരുങ്ങുവാൻ ഞങ്ങളെയും അനുഗ്രഹിക്കണമേ .

സ്നേഹപൂർവ്വം ,

നെവിൽ അലോഷ്യസ്
ഇസ്താൻബുൾ

0 comments:

Post a Comment