Saturday, November 29, 2014

വിരഹനൊമ്പരപൂക്കള്‍ കാണിക്കകളാകുമ്പോൾ!


മഴതുള്ളികൾ വീണുനനഞ്ഞ ഹൈസ്ട്രീറ്റിലെ ആ തണുത്ത പാതയിലൂടെ ഞാൻ  മുന്നോട്ടു നടന്നുകൊണ്ടേയിരുന്നു. എന്തോ ഒരു ശ്യൂന്യത മനസ്സിൽ തളം കെട്ടിനിന്നിരുന്നു. ദൈവസാന്നിധ്യം കൊതിക്കുന്ന മനസ്സ്. ചിന്തകളേക്കാൾ വേഗത്തിൽ ചലിക്കുന്ന മനസ്സിന്റെ് ഇഷ്ടത്തിന് ചോവിയോർത്ത് ഞാൻ മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു.......

തണുപ്പ് കൂടികൂടിവന്നു. തിരക്കൊഴിഞ്ഞപാതകൾ വിട്ട് ദേവാലയസമുച്ചയങ്ങളുടെ ഭാഗത്തേക്ക് മെല്ലെ നടന്നു. സെന്ട്രല്‍ ലൈബ്രറി കടന്ന് അൽപം മുന്നോട്ട് നടന്നപ്പോള്‍ അതാ തൊട്ടുമുന്നിൽ ഒരു പുരാതന ദേവാലയം. പഴക്കം കൊണ്ട് തിരിച്ചറിയാം അത് വിക്ടോറിയൻ യുഗത്തില്‍ നിര്‍മ്മിച്ച ദേവാലയമാണ്.സിറ്റിയുടെ ഒത്തനടുക്ക് തലയുയര്‍ത്തി നിന്നിട്ടും ചെറുപ്പക്കാരെ വേണ്ടത്ര ആകര്‍ഷിക്കാന്‍ കഴിയാതെ പോയതിന്റെ ഒരു കാരണം, ഒരുപക്ഷെ ഈ  ദേവാലയവും ഇടവക അംഗങ്ങളും പുലര്‍ത്തുന്ന ലാളിത്യം തന്നെയാണ്. ഇവിടെ ദേവാലയത്തിലെ വോളന്റിയര്‍ വര്‍ക്ക്‌ ചെയ്യാന്‍ സന്നദ്ധനായ എന്നെ ഏറ്റവും ആകര്‍ഷിച്ച വസ്തുത ചെറുപ്പക്കാര്‍ അധികം സഹായിക്കാന്‍ ഇല്ലാത്ത പ്രായം ചെന്നവരുടെ ഒരു ചര്‍ച്ച്‌ എന്നതായിരുന്നു. അത്തരത്തില്‍ ഒരു സ്ഥലത്ത് എന്‍റെ സഹായം പ്രയോജനപ്പെടുമെന്ന് ഉറപ്പായിരിന്നു. യൂറോപ്പിലെ സ്ഥിതി എല്ലായിടത്തും ഏതാണ്ടിതുപോലെയാണ്. പള്ളികളില്‍ ചെറുപ്പക്കാരുടെ പങ്കാളിത്തം വളരെ
കുറവാണ്.

പടിക്കെട്ടുകള്‍ചവിട്ടിക്കയറിഞാന്‍ദേവാലയത്തിനകത്തേക്കുകടന്നു.പ്രധാനകവടത്തിനരികിലായി ദേവാലയശുചീകരണത്തില്‍ ഏര്‍പ്പെട്ടിരുന്ന ഒരു വോളണ്ടിയര്‍ മുഖം ഉയര്‍ത്തി എന്‍റെ നേര്‍ക്ക്‌ പുഞ്ചിരി തൂകി.പ്രത്യഭിവാദന പുഞ്ചിരി നല്‍കി ഞാന്‍ മദ്ബഹയുടെ വലത്തേ ഭാഗത്തേക്ക്‌ നടന്നു. മുട്ടുകുത്തി കുരിശുവരച്ചു, മൌനമായി ഒരു നിമിഷം പ്രാര്‍ത്ഥിച്ചു.മദ്ബഹയുടെ വലതുഭാഗത്തായി നിശബ്ദമായിനിന്ന് അള്‍ത്താര അലങ്കരിക്കുന്ന ആ വൃദ്ധയെ ഞാന്‍ അപ്പോഴാണ് ശ്രദ്ധിച്ചത്. സണ്‍‌ഡേമാസ്സിന് ഒരുക്കമായി  പൂക്കള്‍കൊണ്ട് അള്‍ത്താര അലങ്കരിക്കുകയാണ് ആ വൃദ്ധയായ അമ്മ.ചുരുങ്ങിയ സമയത്തിനുള്ളില്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി മാറി. തൊട്ടടുത്ത ദിനം ഞായറാഴ്ചയാണ്. സണ്‍‌ഡേമാസിനായുള്ള ഒരുക്കങ്ങളാണ് നടക്കുന്നത്.അള്‍ത്താരയില്‍ വിവിധതരത്തില്‍ പൂക്കള്‍ അലങ്കരിക്കാന്‍ ഞാനും സഹായിച്ചു കൊണ്ടിരുന്നു. അതിനിടയില്‍ ആ അമ്മച്ചി വിവിധ നിര്‍ദേശങ്ങള്‍ തന്നു കൊണ്ടിരുന്നു. ഞാന്‍ നല്ല ഒരു സഹായിയാണെന്ന് ആ അമ്മച്ചി സ്നേഹത്തോടെ പറഞ്ഞു. മെല്ലെ മെല്ലെ തന്‍റെ ജീവിതകഥ എന്നോട് പങ്കുവയ്ക്കാന്‍ തുടങ്ങി. തന്‍റെ ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹമാണ് ഇത്തരം കാര്യങ്ങളില്‍ സഹായിച്ചിരുന്നത്.അദ്ദേഹം നട്ടുവളര്‍ത്തിയ പൂന്തോട്ടം നിറയെ പൂക്കള്‍.ആ പൂക്കള്‍ കൊണ്ടുവന്നാണ് ഈ ദേവാലയം അവര്‍ അലങ്കരിക്കുന്നത്.ഭര്‍ത്താവ് ജീവിച്ചിരുന്നപ്പോള്‍ തുടങ്ങിവച്ച ഈ കാര്യം ഇന്നും തുടരുന്നു.പൂന്തോട്ടത്തിലെ ചെടികളെ പരിപാലിക്കുമ്പോഴും പൂക്കള്‍കൊണ്ടുവന്നു ദേവാലയം അലങ്കരിക്കുമ്പോഴും എല്ലാം തന്റെ ഭര്‍ത്താവിന്റെ ഓര്‍മ്മകളില്‍ ജീവിക്കുകയാണ് താന്‍ എന്ന് ആ അമ്മ പറയുമ്പോള്‍ ചുളിവുകള്‍ വീണ മുഖം പ്രകാശിക്കുന്നത് ഞാന്‍ കണ്ടു.കണ്‍കോണുകളില്‍ ഒരു തുള്ളി ദുഖബാഷ്പം വിറയാര്‍ന്നു നില്‍ക്കുന്നത് കാണാമായിരിന്നു.വിരഹത്തിന്റെ തീവ്രത കാണിക്കയാക്കി മാറ്റുന്ന ജീവിതം.ആരോഗ്യവും സമ്പത്തും ഉള്ളവര്‍ ഏറെയുള്ള ഈകാലത്തില്‍ തന്‍റെ പരിമിതികളില്‍ നിന്നുകൊണ്ട് ദൈവവേല ചെയ്യുന്ന ആ പാവംഅമ്മയെ ഞാന്‍ ആദരവോടെ നോക്കിനിന്നുപോയി.കണ്ണുനീരിന്റെ നനവുള്ള ആ വിധവയുടെ പതറിയ ശബ്ദം എന്‍റെ ചിന്തകളെ ജെറുസലേം ദേവാലയമുറ്റത്തേക്ക് കൂട്ടികൊണ്ടുപോയി.വിധവയായ മറ്റൊരു അമ്മയുടെ ഓര്‍മ്മകളിലേക്ക്.പ്രൌഢഗംഭീരമായ ജെറുസലേം ദേവാലയം. സോളോമന്റെ കാലത്ത് ക്രിസ്തുവിനുംആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നിര്‍മിക്കപ്പെട്ട ആദ്യ യഹൂദദേവാലയം.ബാബിലോണിയക്കാര്‍ തകര്‍ത്തിട്ടും ബി.സി. 515 ല്‍ ഹെരോദ് രാജാവിന്‍റെ കാലത്ത് വീണ്ടും പുതുക്കിപണിത ജെറുസലേം ദേവാലയം.ഇവിടെയാണ്‌ ജെറുസലേമില്‍ ആയിരിക്കുമ്പോള്‍ ഈശോ ഏറെ സമയം ചിലവഴിച്ചിരുന്നത്‌. അതിന്‍റെ നാല് ചുറ്റിനുമുള്ള മനോഹരമായ പുല്‍ത്തകിടികള്‍.പ്രധാനകവാടത്തിനരികിലായി നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കുന്ന ഭാഗം.പ്രാര്‍ത്ഥിക്കാനായി ജനങ്ങള്‍ ഒരുമിച്ചു കൂടുന്നത് അത്തരം ഭാഗങ്ങളിലാണ്.

അവിടുള്ള ഭണ്ടാരപ്പെട്ടിയുടെ  എതിര്‍ഭാഗത്തുള്ള പുല്‍ത്തകിടിയില്‍ ഇരുന്നുചുറ്റിനും കൂടിയിരുന്ന ജനങ്ങളെ പഠിപ്പിക്കുകയായിരുന്നു ഈശോ.നേർച്ചപ്പെട്ടിയില്‍ കാണിക്ക നിക്ഷേപിക്കുന്നത് അവിടെയിരുന്നാല്‍വ്യക്തമായി കാണാം.നമ്മുടെ ഈശോ അവിടെയിരുന്നു കാണുന്നുണ്ടായിരുന്നു
സമ്പന്നര്‍ വന്നു ദശാംശം കാണിക്കയായി നിക്ഷേപിക്കുന്നത്. എന്നാല്‍ അപ്പോഴൊന്നും അവിടന്ന് തന്‍റെ ശിഷ്യന്മാരോട് അതേക്കുറിച്ച് ഒന്നുംപറയുന്നില്ല.എന്നാല്‍ ഈ പാവം അമ്മ വന്നു തന്‍റെ കൈയിലുള്ള രണ്ടു ചെമ്പുനാണയതുട്ടുകള്‍ നേര്‍ച്ചയിട്ട അതേ നിമിഷം ഈശോ തന്‍റെ ശിഷ്യന്മാരെ വിളിച്ചുഅത് കാട്ടികൊടുത്തു! കൂടെ പറയുകയും ചെയ്തു,ആ വിധവയായ അമ്മയുടെകാണിക്കയാണ് മറ്റു നേര്‍ച്ചകളേക്കാൾ ശ്രേഷ്ഠമെന്നുംസമ്പന്നര്‍ നിക്ഷേപിച്ച വലിയ നേരച്ചകളോട് തോന്നാത്ത ഒരു താല്പര്യംഎന്തുകൊണ്ടാണ് നമ്മുടെ കര്‍ത്താവിനു ആ പാവം അമ്മയോട് തോന്നിയത് ?

സമ്പന്നര്‍ നാണയപിടികള്‍ നിക്ഷേപിക്കുമ്പോള്‍ ഉണ്ടാക്കുന്ന കാതടപ്പിക്കുന്നശബ്ദം കേട്ടിട്ടും തോന്നാത്ത ആ താല്പര്യം എന്തായിരുന്നു എന്നറിയാന്‍ വിശുദ്ധഗ്രന്ഥം തുറന്നു ഞാന്‍ നോക്കി. വിശുദ്ധ ലുക്കയുടെ സുവിശേഷം 21-ാം അധ്യായം 1 മുതല്‍ 4 വരെയുള്ള ഭാഗങ്ങള്‍ വായിച്ചപ്പോള്‍ മനസ്സിലായി.

ആധ്യാത്മിക ജീവിതം മനുഷ്യരുടെ അംഗീകാരം കിട്ടുന്നതിനുള്ള ഒരു മാര്‍ഗമായികാണുന്ന നമ്മുടെസമൂഹത്തിലെപ്രവണതയെഅഥവാനമ്മുടെമനോഭാവത്തെയാണ്ഈശോചൂണ്ടിക്കാണിച്ചത്.ആധ്യാത്മികതയുടെ ഉന്നതി ഇടിച്ചു കാണിക്കുന്ന,മറ്റുള്ളവര്‍ക്ക് മാതൃകയല്ലാത്ത ഇത്തരം ജീര്‍ണതകള്‍ നമ്മുടെ കര്‍ത്താവു വെറുത്തു.എന്ത് കൊടുക്കുന്നു എന്നതിലല്ല എങ്ങനെ കൊടുക്കുന്നു അഥവാ കൊടുക്കുന്ന നേര്‍ച്ചയുടെ വലിപ്പത്തില്‍ അല്ല മറിച്ച്‌ നേര്‍ച്ച കൊടുക്കുന്ന ആളുടെ മനോഭാവത്തില്‍ ആണ് കര്‍ത്താവ്‌ നോക്കുക.വൈധവ്യങ്ങളുടെ നൊമ്പരങ്ങള്‍ പേറി തളര്‍ന്നു വീഴാത്ത വാര്‍ധക്യങ്ങള്‍ നമുക്ക് കാട്ടിത്തരുന്നത് ആത്മീയതയിലെ മായാത്ത പാഠങ്ങൾ.വിരഹനൊമ്പരങ്ങള്‍ കാണിക്കയാക്കുന്ന വൈധവ്യങ്ങൾ.എന്‍റെ പേരു വിളികേട്ട് ഞാന്‍ ചിന്തകളില്‍ നിന്നുണര്‍ന്നു.മുന്നില്‍ പുഞ്ചിരി തൂകി നില്‍ക്കുന്ന ആ അമ്മച്ചിയുടെ നീട്ടിയ കൈകളില്‍ ഒരു കുടന്ന ഡെയ്സിപൂക്കള്‍.സ്നേഹത്തോടെ എനിക്ക് നല്‍കിയ പൂക്കള്‍ ഞാന്‍ വാങ്ങി.ദേവാലയം അലങ്കരിക്കല്‍ തീര്‍ന്നു.ഇനി നാളത്തെ കുര്‍ബാനയില്‍കണ്ടുമുട്ടാം എന്ന് പരസ്പരം പറഞ്ഞു പിരിയുമ്പോള്‍ ജെറുസലേം ദേവാലയവും വിധവയുടെ രണ്ടു ചെമ്പ് നാണയവും നമ്മുടെ നാഥന്‍റെ വാക്കുകളും മനസ്സില്‍ നിറഞ്ഞു നിന്നിരുന്നു, ഒരു ഓര്‍മ്മക്കുറിപ്പായി.

ആധ്യാത്മികത ഒരു അനുഭവമാണ്‌,ദൈവാനുഭവം. സമര്‍പ്പണത്തിന്റെ ആഴമായ അനുഭവം.അത് ഒരു ആചാരമല്ല. ആചാരങ്ങളും അനുഷ്ട്ടാനങ്ങളും ആത്യത്മികതയിലെക്കുള്ള ചവിട്ടടികള്‍ ആകാം.ആധ്യാത്മികത ദൈവവുമായുള്ള അലിഞ്ഞു ചേരലാണ്.ഉള്ളതും ഉള്ളവും പങ്കു വയ്ക്കലാണ്.മിച്ചം പിടിക്കാതെ അവശേഷിക്കുന്നതെല്ലാം സമര്‍പ്പണം ചെയ്യുന്ന ബന്ധമാണ്.വിധവയുടെ കൈയ്യില്‍ അവശേഷിച്ച രണ്ടു ചെമ്പ് നാണയങ്ങള്‍ സമര്‍പ്പിച്ചതുപോലെ.എരിഞ്ഞടങ്ങിയ ജീവിതത്തിന്റെ നേരിപ്പോടുകള്‍ക്കിടയില്‍ നിന്നും ദൈവത്തെ സ്നേഹിക്കാനുള്ള ഊര്‍ജ്ജം തെളിക്കാന്‍ വാര്‍ധക്യത്തിലും ആ അമ്മക്ക് സാധിതമാകുന്നത് ഈ ബന്ധത്തിന്റെ വെളിച്ചം അണയാത്തത് കൊണ്ടാണ്.തന്‍റെ അവശേഷിക്കുന്ന ജീവിതവും നാഥന്‍റെ മാത്രമാണെന്ന തിരിച്ചറിവില്‍ നിന്നും ഉള്ള നിറഞ്ഞ സമര്‍പ്പണത്തിന്റെ ജീവിതം.

കത്തോലിക്ക സഭയുടെ മതബോധന ഗ്രന്ഥം പറയുന്നു; ‘’ലോകസമ്പത്തിനോട്
അകല്‍ച്ച പുലര്‍ത്തിയെങ്കില്‍ മാത്രമേ ദൈവരാജ്യത്തില്‍ പ്രവേശിക്കാനുള്ള യോഗ്യത
നേടാന്‍ ഒരു ആത്മാവിനു സാധ്യമാകൂ’’(CCC, no. 2544).

വീട്ടിലെത്തിയ ഞാന്‍ ആ അമ്മച്ചി നല്‍കിയ ഡെയ്സി പൂക്കള്‍ ഈശോ പടത്തിന്‍റെ
മുന്നില്‍ വച്ച് ഒരു നിമിഷം മൌനമായി നിന്നു.എന്‍റെ അവശേഷിക്കുന്ന ജീവിതം
നാഥനായി ഒരു കാണിക്കയായി സമര്‍പ്പിച്ചുകൊണ്ട്.തുച്ചമായ എന്‍റെ ജീവിതം
കൈക്കൊള്ളണമേ എന്ന എളിയ പ്രാര്‍ത്ഥനയോടെ.അപ്പോഴും മൃദുവായി
മന്ദഹസിക്കുന്ന കര്‍ത്താവ് ആ തിരുഹൃദയ പദത്തില്‍ നിന്നും എന്നെനോക്കുന്നുണ്ടായിരുന്നു,

നിറഞ്ഞ സ്നേഹത്തോടെ.....

0 comments:

Post a Comment