Friday, November 22, 2013

അപ്പസ്‌തോലന്മാരുടെ കാലത്ത് നടന്നതു പോലുള്ള അത്ഭുതങ്ങള്‍ ഇപ്പോള്‍ എന്തുകൊണ്ട് സംഭവിക്കുന്നില്ല?

അപ്പസ്‌തോലന്മാരുടെ കാലത്ത് നടന്നതു പോലുള്ള അത്ഭുതങ്ങള്‍ ഇപ്പോള്‍ എന്തുകൊണ്ട് സംഭവിക്കുന്നില്ല?
തെക്കേ അമേരിക്കയില്‍ വെനെസ്വലക്കും കൊളംബിയായ്ക്കും ഇടയ്ക്ക് അതിര്‍ത്തി പ്രദേശത്തുള്ള പള്ളിയില്‍ നടന്ന ഒരു സംഭവം. ഹെഡ്‌വിഗ് ലേവിസ് എന്ന ഈശോസഭാംഗമാണ് ഈ സംഭവം വിവരിച്ചിരിക്കുന്നത്. ഗറില്ലാസ് എന്നറിയപ്പെടുന്ന ആയുധധാരികളുടെ സംഘത്തില്‍പ്പെട്ട ചിലര്‍ ആ പള്ളിയില്‍ കുര്‍ബാനസമയത്ത് വന്നുപോവുക പതിവായിരുന്നു. അവര്‍ പ്രാര്‍ത്ഥിക്കാന്‍ വരുന്നവരെ ഉപദ്രവിച്ചിരുന്നില്ല.

ഒരു ഞായറാഴ്ച പതിവുപോലെ ബലി തുടങ്ങി. പെട്ടെന്ന് ഗറില്ലാസംഘത്തില്‍പ്പെട്ട ചിലരെത്തി വൈദികനെ അള്‍ത്താരയില്‍നിന്ന് ബലമായി പുറത്തേക്ക് കൊണ്ടുപോയി. പള്ളിയില്‍ ഉണ്ടായിരുന്നവരെല്ലാം ഭയവിഹ്വലരായി. മരണഭീതിയാല്‍ സ്തംഭിച്ചുനിന്ന അവരോട് സംഘത്തിന്റെ നേതാവ് പറഞ്ഞു: ''നിങ്ങളെല്ലാം ക്രിസ്ത്യാനികളാണല്ലോ. വിശ്വാസത്തില്‍ ബോധ്യമുള്ളവര്‍ എഴുന്നേറ്റു നില്ക്കുക.'' ആരും എഴുന്നേറ്റില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ ഒരാള്‍ പതുക്കെ എഴുന്നേറ്റുനിന്നു. ഉടനെ അയാളെയും വലിച്ചിഴച്ച് പുറത്തേക്കു കൊണ്ടുപോയി. ക്രമേണ ഒന്നും രണ്ടും പേരായി കുറച്ചുപേര്‍ എഴുന്നേറ്റു. അപ്പോള്‍ത്തന്നെ അവരെ പുറത്താക്കി. പുറത്തുനിന്ന് തോക്കിന്റെ ഗര്‍ജ്ജനം കേട്ട് എല്ലാവരും കണ്ണുകളടച്ചു. പിന്നെ ആരും എഴുന്നേറ്റില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ നേതാവ് പള്ളിയില്‍ ഇരുന്നവരോട് ഇങ്ങനെ പറഞ്ഞു: ''വിശ്വസിക്കുന്ന കാര്യങ്ങള്‍ ഏറ്റുപറയാനോ അതിനുവേണ്ടി ത്യാഗം സഹിക്കാനോ തയാറല്ലാത്തതുകൊണ്ട് ഇവിടെയിരിക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയില്ല. നിങ്ങളുടെ സ്ഥാനം ദേവാലയത്തി നു പുറത്താണ്. വിശ്വാസം ഏറ്റുപറയുവാനുള്ള ശക്തി ലഭിക്കുന്നതുവരെ പുറത്തുതന്നെ നില്ക്കുക.'' ഇതു പറഞ്ഞ് അയാള്‍ എല്ലാവരെയും പുറത്താക്കി. അവരെല്ലാം ലജ്ജിച്ച് തലതാഴ്ത്തി. പുറത്തേക്കു വന്നപ്പോള്‍ കണ്ട കാഴ്ച അവരെ അത്ഭുതപ്പെടുത്തി. വധിക്കപ്പെട്ടു എന്നു കരുതിയിരുന്ന, നേര ത്തെ പുറത്താക്കപ്പെട്ട വൈദികനും മറ്റുള്ളവരും അവരെ സ്വീകരിക്കാനെന്നവണ്ണം അവിടെ കാത്തുനില്ക്കുന്നു!

വൈദികനോടും പുറത്തുനിന്നിരുന്നവരോടും നേതാവ് പറഞ്ഞു: ''വിശ്വാസത്തിന് സാക്ഷിയാകാന്‍ തയാറായ നിങ്ങളുടെ സ്ഥാനം പുറത്തല്ല; അകത്താണ്. പള്ളിയില്‍ കയറി ബലിയര്‍പ്പിക്കുക.'' 
തോമസ് മുള്ളര്‍ ഒരിക്കല്‍ പറഞ്ഞു: ''വിശ്വാസമനുസരിച്ച് ജീവിക്കാത്ത ഒരുവനും ഒരു വിശ്വാസിയല്ല.'' വിശ്വസിക്കുന്നത് ഏറ്റുപറയുവാനുള്ള ആത്മധൈര്യം വളരെ പ്രധാനപ്പെട്ടതാണ്. വാക്കുകൊണ്ടുള്ള ഏറ്റുപറച്ചില്‍പോലെതന്നെ പ്രവൃത്തികൊണ്ടുള്ള ഏറ്റുപറച്ചിലും വിശ്വാസിക്ക് അനിവാര്യമാണ്. വാക്കും പ്രവൃത്തിയും ഒന്നാകുമ്പോള്‍ സമൂഹം ശ്രദ്ധിക്കുകയും അനുകരിക്കുകയും ചെയ്യും. ഹെന്‍ട്രി ഡേവിഡ് തോറോ പറയുന്നു: ''വിശ്വാസമനുസരിച്ച് ജീവിക്കുക; എങ്കില്‍ നിനക്കു ചുറ്റുമുള്ള ലോകത്തെ മാറ്റിമറിക്കാന്‍ കഴിയും.'' എങ്കിലും പ്രായോഗികജീവിതത്തില്‍ പലപ്പോഴും വിശ്വാസത്തിന്റെ സാക്ഷികളായി വര്‍ത്തിക്കാന്‍ സാധിക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം.


യേശുവില്‍ വിശ്വസിക്കുന്ന നമുക്കും ഇതുപോലെ എപ്പോഴെങ്കിലും ലജ്ജിതരാകേണ്ടതായി വന്നിട്ടുണ്ടോ? പ്രത്യേകിച്ച് യേശുവിനെ ജീവിതംകൊണ്ട് സാക്ഷ്യപ്പെടുത്തേണ്ടിയിരുന്ന അവസരങ്ങളില്‍?
വിശ്വസിക്കുന്ന കാര്യങ്ങള്‍ക്കുവേണ്ടി നിലകൊള്ളുക എന്നത് പരമപ്രധാനമാണ്. വിശുദ്ധ യാക്കോബിന്റെ ചോദ്യം ഇവിടെ ഏറെ പ്രസക്തമാണ്. ''എന്റെ സഹോദരരേ, വിശ്വാസമുണ്ടെന്നു പറയുകയും പ്രവൃത്തി ഇല്ലാതിരിക്കുകയും ചെയ്യുന്നവന് എന്തു മേന്മയാണുള്ളത്? ഈ വിശ്വാസത്തിന് അവനെ രക്ഷിക്കാന്‍ കഴിയുമോ?'' (യാക്കാ.2:14).

''കര്‍ത്താവേ, ഞങ്ങള്‍ക്കു കണ്ണുകള്‍ തുറന്നു കിട്ടണം'' (മത്താ.20:23) എന്ന് രണ്ട് അന്ധന്മാര്‍ പറഞ്ഞപ്പോള്‍, അവരുടെ വിശ്വാസത്തെ ഏറ്റുപറയുകയാണവിടെ. അപ്പോള്‍, ''യേശു ഉള്ളലിഞ്ഞ് അവരുടെ കണ്ണുകളില്‍ സ്പര്‍ശിച്ചു. തല്‍ക്ഷണം അവര്‍ക്കു കാഴ്ച കിട്ടി. അവരും അവനെ അനുഗമിച്ചു'' (മത്താ. 20:34). വിശ്വാസത്തിന് സാക്ഷികളാകുന്നിടത്താണ് അത്ഭുതങ്ങള്‍ സംഭവിക്കുക. വിശ്വാസം ഏറ്റുപറയണമെന്ന് യേശു ആഗ്രഹിക്കുന്നുണ്ട്. അതുകൊണ്ടാണ് എല്ലാമറിയുന്നവന്‍ രണ്ട് അന്ധന്മാരോട്, ''ഞാന്‍ നിങ്ങള്‍ക്ക് എന്തു ചെയ്യണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്?'' (മത്താ.20:32) എന്നു ചോദിച്ചത്. 
കാനാന്‍കാരിയുടെ വിശ്വാസ പ്രഖ്യാപനവേളയിലും (മത്താ. 15:21-28) നാമിതു കാണുന്നുണ്ട്. കഷ്ടതകളിലും വിശ്വാസം ഉപേക്ഷിക്കാതിരിക്കണമെന്നും ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നു. ജോബിന്റെ ചരിത്രം ഏറ്റവും ദീപ്തമായ ഉദാഹരണമാണ്.

വിശ്വസിക്കുന്നതില്‍ ദൃഢതയുണ്ടാകാന്‍, അതേറ്റു പറയുവാന്‍, സാക്ഷ്യപ്പെടുത്തുവാന്‍ ഉള്ള കൃപ ലഭിക്കുന്നതിനെന്തു ചെയ്യണമെന്ന് ഓസ്‌വാള്‍ഡ് ചേമ്പേഴ്‌സ് നമ്മെ ഓര്‍മിപ്പിക്കുന്നു: ''യേശു പറഞ്ഞു, എന്നില്‍ വിശ്വസിക്കുന്നവനില്‍നിന്ന് ജീവന്റെ നദി ഒഴുകുമെന്ന്. നാം ബാഹ്യമായ ഒഴുക്കില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ ഉറവിടവുമായുള്ള ബന്ധം നഷ്ടമാകും. ഉറവയെ ശ്രദ്ധിക്കുക. ഒഴുക്കിനെ ദൈവം പരിപാലിച്ചുകൊള്ളും.'' വിശ്വാസത്തിന്റെ ആത്യന്തികമായ അടിക്കുറിപ്പാണിത്.

0 comments:

Post a Comment