Thursday, July 11, 2013

എന്റെ ബയോളജിയും ദൈവത്തിന്റെ തിയോളജിയും Written by ടോമി മാത്യു, ദിവ്യരക്ഷാലയം

പ്രീ-ഡിഗ്രിക്ക് മൂന്നാമത്തെ ചാൻസിലാണ് ജയിച്ചത്. റഗുലർ സ്റ്റുഡന്റായി കോളജിൽ ചേർന്ന ഞാൻ പഠനകാലത്ത് പഠിക്കുകയോ ഉഴപ്പുകയോ ചെയ്തില്ല. മറിച്ച,് എല്ലാറ്റിലുംനിന്നു മാറി നടന്നു. അവസാനവർഷം പരീക്ഷയിൽ മുഴുവൻ വിഷയങ്ങളും എഴുതിയില്ല. റിസൽറ്റ് വന്നപ്പോഴാണ് നഷ്ടബോധം തോന്നിയത്. പിന്നീട് ഉത്സാഹിച്ചു പഠിച്ച് പരീക്ഷയെഴുതിയ എനിക്ക് സെക്കന്റ് ക്ലാസ് മാർക്ക് ലഭിച്ചു.

തുടർന്ന് ഡിഗ്രിക്ക് ചേരുവാൻ തീരുമാനിച്ചു. ഇഷ്ടവിഷയമായ ജന്തുശാസ്ത്രം പഠിക്കാൻ ആഗ്രഹിച്ച് നാട്ടിലെ കോളജിൽ അപേക്ഷ സമർപ്പിച്ചു. ഇന്റർവ്യൂവിന് ക്ഷണിക്കപ്പെട്ട ഞാൻ സർട്ടിഫിക്കറ്റുകളുമായി പിതാവിന്റെയൊപ്പം കോളജിൽ ചെന്നു.

എന്റെ ഇടവകയിലെ രണ്ടുപേർ ഈ കോളജിൽ ജന്തുശാസ്ത്രവിഭാഗത്തിൽ അധ്യാപകരാണ്. അവർ എന്റെ സർട്ടിഫിക്കറ്റുകൾ പരിശോധിക്കവേ അതിൽ ഒരധ്യാപകന് എന്നോട് എന്തെന്നില്ലാത്ത നീരസം തോന്നി. അദ്ദേഹം എങ്ങനെയും എന്റെ അഡ്മിഷൻ തടയാൻ തീരുമാനിച്ച് അപേക്ഷയും മാർക്ക് ലിസ്റ്റുമെല്ലാം സസൂക്ഷ്മം പരിശോധിച്ച് അതിൽ ഒരു തെറ്റ് കണ്ടുപിടിച്ചു. അത് ഇപ്രകാരമായിരുന്നു:

അപേക്ഷയിൽ ഹാൻഡികാപ്പിഡ് മാർക്ക്‌സ് എ ന്നൊരു കോളമുണ്ട്. ഈ കോളം ചാൻസിൽ പരീ ക്ഷ പാസായവർക്കുവേണ്ടിയുള്ളതാണ്. രണ്ടാം ചാൻസിൽ പാസായാൽ പത്തു മൈനസ് മാർക്ക് മെറിറ്റിൽ വരും. മൂന്നാം ചാൻസിലാണ് പാസാകുന്നതെങ്കിൽ, ഇരുപതു മാർക്ക് കുറയും. ആപ്ലിക്കേഷൻ പൂരിപ്പിച്ചപ്പോൾ ഞാൻ വിചാരിച്ചത് ഈ കോളം വികലാംഗർക്ക് വേണ്ടിയുള്ളതാണ് എന്നായിരുന്നു. ഇതിൻപ്രകാരം ഇന്റർവ്യൂവിൽ മെറിറ്റ് മാർക്കിൽ കുറവ് കണ്ടുപിടിച്ച് അഡ്മിഷൻ തരാതെ വിട്ടു. ഞാൻ ധനതത്വശാസ്ത്രത്തിൽ പ്രൈവറ്റായി ചേർന്നു. 

ആറുമാസം പാരലൽ കോളജിൽ പോയ ഞാൻ ഈ ഡിഗ്രി എനിക്ക് ഉപകാരപ്പെടുകയില്ലെന്ന് മനസിലാക്കി പഠനം ഉപേക്ഷിച്ചു. പിതാവിന്റെ കൂടെ വീടുപണികളിലും കൃഷിജോലികളിലും എല്ലാം ഇടപെട്ട് മുന്നോട്ടുപോയി. 21-ാം വയസിൽ വീണ്ടും പഠിക്കണം എന്ന ചിന്ത വന്നു. ഐ.റ്റി.ഐ ൽ ചേർന്ന് പഠിക്കുവാനാണ് ആഗ്രഹിച്ചത്. ഡ്രാഫ്റ്റ്മാൻ സിവിൽ വിഭാഗത്തിലാണ് ഞാൻ അപേക്ഷിച്ചത്. അതുതന്നെ എനിക്ക് ലഭിക്കുകയും ചെയ്തു. നിർമാണമേഖലയിൽ അഭിരുചി നേരത്തെ ഉണ്ടായിരുന്നു.

ഏറ്റുമാനൂർ ഐ.റ്റി.ഐ.ൽ ഒന്നാം വർഷം പഠിക്കുമ്പോൾ 22-ാം വയസിൽ അത്ഭുതകരമായ ഒരു ദൈവാനുഭവം എന്നെ വിശ്വാസത്തിലേക്ക് നയിച്ചു. അതെന്നെ സമൂലം രൂപാന്തരപ്പെടുത്തി. ഞാനൊരു തീക്ഷ്ണമതിയായ വിശ്വാസിയായി മാറി. പിന്നീട് അതിനൊരു വ്യതിയാനം സംഭവിക്കാൻ ദൈവം അനുവദിച്ചിട്ടില്ല.

ഇപ്പോൾ 43 വയസുണ്ട്. തൊടുപുഴയിൽ ദിവ്യരക്ഷാലയം എന്ന പേരിൽ ആതുരശുശ്രൂഷ ചെയ്യുന്നു. 180 മനോരോഗികളായ സഹോദരങ്ങൾ തികച്ചും ദൈവപരിപാലനയിൽ ഇവിടെ സംരക്ഷിക്കപ്പെടുന്നു. എന്റെ പിതൃസ്വത്താണ് ഈ ശുശ്രൂഷയ്ക്കായി ഉപയോഗപ്പെടുത്തിയിരിക്കുന്നത്. ഭാര്യയും അഞ്ചു കുട്ടികളുമുണ്ട്.


ജന്തുശാസ്ത്രം പഠിച്ച് ഉന്നതനാകാൻ തുനിഞ്ഞ എന്നെ സ്‌നേഹശാസ്ത്രം പരിശീലിപ്പിച്ച്, എളിയവനാകാൻ പഠിപ്പിക്കുന്ന ദൈവത്തിന് ആയിരം നന്ദി. പ്രഫസർക്ക് എന്നോടു തോന്നിയ നീരസം ദൈവത്തിന്റെ അനന്ത സ്‌നേഹപദ്ധതിയുടെ ആദ്യപടിയായിരുന്നുവെന്ന് ഇപ്പോൾ തിരിച്ചറിയുന്നു. മനുഷ്യന്റെ ജീവശാസ്ത്രത്തെക്കാൾ ദൈവത്തിന്റെ സ്‌നേഹശാസ്ത്രം നമ്മെ നയിക്കട്ടെ

0 comments:

Post a Comment